
തെഹ്റാന്: ആണവ കരാറുമായി ബന്ധപ്പെട്ട് അമേരിക്കയുമുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെ സൈന്യത്തോട് ഒരുങ്ങിയിരിക്കാന്‍ ആഹ്വാനവുമായി ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. യുദ്ധസാധ്യത തള്ളിക്കളഞ്ഞ ഖാംനഇ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സൈന്യത്തോട് ആഹ്വാനം ചെയ്തു.
”നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു യുദ്ധത്തിന് മേഖലയില്‍ ഇപ്പോള്‍ സാധ്യതയില്ല. എന്നാലും സൈന്യം ജാഗ്രത പാലിക്കേണ്ടതുണ്ട്. സൈനിക സാമഗ്രികളും സജ്ജീകരണങ്ങളും മെച്ചപ്പെടുത്തണം. സൈന്യത്തിന്റെ പ്രധാന വിഭാഗം വ്യോമപ്രതിരോധമാണ്. അവര്‍ ആയുധശേഷി വര്‍ധിപ്പിച്ചു സജ്ജരാക്കേണ്ടതുണ്ട്, ഖാംനഇ പറഞ്ഞു. ഇറാന് വ്യോമ പ്രതിരോധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഖാംനഇ ഇക്കാര്യം സൂചിപ്പിച്ചത്.
രാജ്യത്തിന്റെ ബാലിസ്റ്റിക്-ക്രൂസ് മിസൈല്‍ ശേഷി ശക്തിപ്പെടുത്തുമെന്ന് ശനിയാഴ്ച ഇറാന് അറിയിച്ചിരുന്നു. ആധുനിക ഫൈറ്റര്‍ വിമാനങ്ങളും അന്തര്‍വാഹിനികളും സ്വന്തമാക്കുമെന്നും പ്രതിരോധം ശക്തിപ്പെടുത്തുമെന്നും ഇറാന് അറിയിച്ചു.
ആണവ കരാറില്‍നിന്ന് പിന്മാറിയതിനു പിന്നാലെ ഇറാനെതിരേ അമേരിക്ക ഉപരോധം ശക്തമാക്കിയിരുന്നു.
രാജ്യാന്തര കോടതിയില്‍ കഴിഞ്ഞയാഴ്ച ഇക്കാര്യത്തില്‍ വാദം നടന്നെങ്കിലും വിധി വന്നിരുന്നില്ല. അതിനിടെ, കരാറില്‍നിന്നു പിന്മാറുന്നതായി സൂചിപ്പിച്ച് ഇറാന് വൃത്തങ്ങളും രംഗത്തെത്തി.