2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

യുദ്ധഭീഷണിയുമായി ഇസ്‌റാഈല്‍

 

ടെല്‍അവീവ്: ഇറാനെതിരേ യുദ്ധഭീഷണിയുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്‌റാഈലിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന രീതിയിലാണ് ഇറാന്റെ നടപടികളെന്നും തങ്ങളുടെ എഫ്. 35 യുദ്ധവിമാനങ്ങള്‍ക്ക് ഇറാനും സിറിയയുമടക്കം മിഡില്‍ ഈസ്റ്റിലെ എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇസ്‌റാഈലി വ്യോമതാവളത്തില്‍ എഫ്. 35 വിമാനത്തിനു മുന്നില്‍ നിന്നാണ് നെതന്യാഹു ഇറാനെതിരേ ഭീഷണി മുഴക്കിയത്.
നേരത്തെ, യു.എസ് ആക്രമിക്കുകയാണെങ്കില്‍ ഇസ്‌റാഈലിനെ അരമണിക്കൂറിനകം പൂര്‍ണമായി നശിപ്പിക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇറാന്‍ ആണവോര്‍ജമുണ്ടാക്കുന്നത് ഏതു വിധേനയും തടയുകയാണ് യു.എസിന്റെയും ഇസ്‌റാഈലിന്റെയും ലക്ഷ്യം.

വന്‍ശക്തിരാജ്യങ്ങള്‍ ഇറാനുമായി ഉണ്ടാക്കിയ ആണവകരാറില്‍നിന്നും അമേരിക്ക പിന്‍മാറിയതിനു പിന്നാലെ ഇറാനും പിന്‍വാങ്ങിയതോടെ പശ്ചിമേഷ്യ സംഘര്‍ഷഭരിതമാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ശ്രമം ഇറാന്‍ തുടരുകയാണ്. ഇതാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയെയും പ്രകോപിപ്പിച്ചത്. റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് പുറമേ 2015ല്‍ ഇറാനുമായി ആണവകരാറില്‍ ഒപ്പിട്ടിരുന്നത്. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ അമേരിക്ക കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറി. കൂടാതെ ഇറാനെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

അണുബോംബ് നിര്‍മിക്കില്ല എന്നതായിരുന്നു കരാറിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥകളില്‍ ഒന്ന്. അന്താരാഷ്ട്ര ഉപരോധം ഭാഗികമായി എടുത്തുകളയുന്നതിന് പകരമായി ആണവപദ്ധതികള്‍ വന്‍തോതില്‍ ചുരുക്കുമെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനകള്‍ക്ക് വേണ്ടി സമര്‍പ്പിക്കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. കരാറില്‍ നിന്നും അമേരിക്ക പിന്‍വാങ്ങിയപ്പോഴും ഇറാന്‍ അത് പിന്തുടര്‍ന്നിരുന്നുവെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ട്രംപ് ഉപരോധത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതോടെയാണ് ഇറാനും ശക്തമായി പ്രതികരിക്കാന്‍ തുടങ്ങിയത്.

ഇപ്പോള്‍ ആയുധനിര്‍മാണത്തിനാവശ്യമായ വിധം യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കുന്നു. തങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ വഷളാക്കിയത് അമേരിക്കയുടെ ഏകപക്ഷീയ ഇടപെടലുകളാണെന്ന ആരോപണവുമായി ചൈനയും റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. നേരിട്ടുള്ള യുദ്ധത്തിനു മുമ്പേ ഇറാനെതിരേ ഇസ്‌റാഈല്‍ സൈബര്‍ ആക്രമണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇറാന്റെ കണ്‍ട്രോള്‍ സിസ്റ്റത്തെ ഇസ്‌റാഈലി ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു. അതേസമയം ചൈനയുടെ സഹായത്തോടെ ഇറാനും ശത്രുവിന്റെ സന്നാഹങ്ങള്‍ക്കു നേരെ സൈബര്‍ നുഴഞ്ഞുകയറ്റം നടത്തുന്നുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.