2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

യാഥാര്‍ഥ്യബോധത്തിന്റെ വിശാല സഖ്യം


വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്നു പുറന്തള്ളാന്‍ ഏറെ വിട്ടുവീഴ്ചകളോടെ വിശാലസഖ്യം രൂപീകരിക്കുന്നതിനു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയസാഹചര്യം നോക്കി സഖ്യം രൂപീകരിക്കാനാണു തീരുമാനം. ചില സംസ്ഥാനങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കക്ഷികളുമായി പോലും മറ്റിടങ്ങളില്‍ സഖ്യത്തിനുള്ള സാധ്യത ആരായും. യാഥാര്‍ഥ്യബോധത്തോടെയുള്ള തീരുമാനമാണിത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സങ്കീര്‍ണത കണ്ണുതുറന്നു കാണാനുള്ള സന്നദ്ധതയും അതിനു യോജിച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള വിനയവും കോണ്‍ഗ്രസ്സിനുണ്ടായിരിക്കുന്നു. പ്രതാപകാലത്തു ദേശീയരാഷ്ട്രീയത്തില്‍ പ്രകടിപ്പിച്ച മേല്‍ക്കോയ്മാ മനോഭാവത്തിന് ഇനി പ്രസക്തിയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേന്ദ്രത്തില്‍ ഒറ്റക്കക്ഷി ആധിപത്യകാലം കഴിഞ്ഞു.
ബി.ജെ.പി തന്നെ കേന്ദ്രം ഭരിക്കുന്നതു പല സംസ്ഥാനങ്ങളില്‍ നിരവധി കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കി മത്സരിച്ചതിനാലാണ്. മുമ്പത്തെ രണ്ടു യു.പി.എ സര്‍ക്കാരുകള്‍ നിലനിന്നതും അങ്ങനെ തന്നെ. അന്നത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍പ്പോലും കോണ്‍ഗ്രസ് വളരെയധികം ക്ഷീണിതമാണ്. പല സംസ്ഥാനങ്ങളിലും പ്രാദേശികകക്ഷികള്‍ കരുത്താര്‍ജിച്ചിട്ടുമുണ്ട്.
ജനാധിപത്യവിരുദ്ധതയുടെ ഔന്നത്യത്തിലെത്തി നില്‍ക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ പുറന്തള്ളാന്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. അതു പ്രയോഗവല്‍കരിക്കാന്‍ ശക്തമായ മതേതര ബദല്‍ ആവശ്യമാണ്. അതിന് നേതൃത്വം നല്‍കാന്‍ സാധിക്കുന്ന രാഷ്ട്രീയകക്ഷി കോണ്‍ഗ്രസ്സാണ്. അതു സാധ്യമാവണമെങ്കില്‍ മതേതരശക്തികളുടെ വിശാലമായ കൂട്ട് കോണ്‍ഗ്രസിന് ആവശ്യമാണ്.
ഗുജറാത്തിലും കര്‍ണാടകയിലും അടുത്തകാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും കോണ്‍ഗ്രസ്സിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താനായെങ്കിലും അവര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്നതു തടയാനായില്ല. തെരഞ്ഞെടുപ്പിനു മുമ്പു ചെറുകക്ഷികളുമയി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിനു സംഭവിച്ച വീഴ്ചയാണിതിനു കാരണം.
ഗുജറാത്തില്‍ പ്രതികൂലസാഹചര്യത്തിലും ബി.ജെ.പിക്കു ഭരണത്തുടര്‍ച്ച നേടാനായതിനു കാരണവും ചില കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് കാണിച്ച വിമുഖതയാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത കോണ്‍ഗ്രസിന്റെ പുതിയ തീരുമാനത്തിലുണ്ട്. കഴിഞ്ഞദിവസം ലോക്‌സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ കണ്ട പ്രതിപക്ഷ ഐക്യം പകര്‍ന്ന ഊര്‍ജവും ഈ തീരുമാനത്തിനു ശക്തിപകര്‍ന്നിട്ടുണ്ട്.
സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളിലും കാണാം യാഥാര്‍ഥ്യബോധം. പാര്‍ട്ടിക്കു ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിന്നായി 150 സീറ്റുകെളങ്കിലും നേടുക, മറ്റു സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളെ പരമാവധി ജയിപ്പിച്ചെടുക്കുക, അതോടൊപ്പം അത്തരം സംസ്ഥാനങ്ങളില്‍ അവരുടെ സഹായത്തോടെ കിട്ടാവുന്നത്ര സീറ്റുകളില്‍ വിജയിക്കുക. ഈ തന്ത്രമാണു കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിട്ടുള്ളത്.
നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ ഇതു സാധ്യമാണ്. ബി.ജെ.പിയുടെ ഉറച്ച ശക്തികേന്ദ്രങ്ങളില്‍ പോലും അവര്‍ക്ക് അടിതെറ്റിത്തുടങ്ങിയിട്ടുണ്ടെന്നാണ് അടുത്തകാലത്തെ ചില ഉപതെരഞ്ഞെടുപ്പുകള്‍ നല്‍കുന്ന സൂചന. ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും പ്രാദേശിക മതേതരകക്ഷികള്‍ക്കും ഗണ്യമായ സ്വാധീനമുണ്ട്. ഇത് ഏകോപിപ്പിക്കാനായാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനാവുമെന്ന് ഉറപ്പാണ്.
കോണ്‍ഗ്രസ് ഈ തീരുമാനമെടുത്തതുകൊണ്ടു മാത്രമായില്ല. അവര്‍ പ്രതീക്ഷിക്കുന്ന സഹകരണം മതേതരകക്ഷികളില്‍ നിന്നു ലഭിക്കണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ, ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരേ ശക്തമായി ശബ്ദമുയര്‍ത്തുന്നവരാണ് ഈ പാര്‍ട്ടികള്‍. അവരുടെ പ്രതിഷേധത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതുപോലെയുള്ള വിട്ടുവീഴ്ചാമനോഭാവം അവരും കാണിക്കണം. അതുണ്ടായാല്‍ ബി.ജെ.പിക്കു കനത്ത പരാജയം ഉറപ്പ്. ഉണ്ടായില്ലെങ്കില്‍ അതു രാജ്യത്തിന്റെ മതേതര ഭാവിക്കു മാത്രമല്ല അവര്‍ക്കു തന്നെയും ആത്മഹത്യാപരമായിരിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.