2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

യാത്രാദുരിതം നീളും; മാക്കൂട്ടം ചുരം റോഡ് അറ്റകുറ്റപ്പണി ഇഴയുന്നു

ഇരിട്ടി: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന മാക്കൂട്ടം ചുരം റോഡ് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നു. ഇരിട്ടി-വിരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ യാത്രാദുരിതം രൂക്ഷം. റോഡ് അറ്റകുറ്റപ്പണി ഇഴയുന്നത് കാരണം വ്യാപാരികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം നീങ്ങാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തുന്നത്.
ജൂണ്‍ 12നാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മാക്കൂട്ടം പാലം ഉള്‍പ്പെടെയുള്ള നാലോളം പാലങ്ങളും അനുബന്ധ റോഡുകളും തകര്‍ന്നത്. റോഡ് അപകടാവസ്ഥയിലായതിനാല്‍ മാക്കൂട്ടം-കൂട്ടുപുഴ അന്തര്‍സംസ്ഥാന പാതയില്‍ ബസ് ഗതാഗതം നിരോധിച്ചിട്ട് മൂന്നു മാസം തികയാറായി. വലിയ വാഹനങ്ങള്‍ക്കുള്ള നിരോധനം മൂലം ഏറെ ദുരിതത്തിലായത് മലയാളികളാണ്. ദിനംപ്രതി ആയിരത്തോളം വാഹനങ്ങളാണ് കൂട്ടുപുഴ പാലം കടന്ന് ചുരംറോഡ് വഴി വിരാജ്‌പേട്ട, മൈസൂരു, ബംഗളൂരു ഭാഗങ്ങളിലേക്ക് എത്തുന്നത്. തോട്ടം തൊഴിലാളികളും വ്യാപാരികളും വിദ്യാര്‍ഥികളും അനുഭവിക്കുന്ന യാത്രാദുരിതത്തിന് കണക്കില്ല.
ഇരിട്ടിയില്‍ നിന്ന് ജീപ്പുകളാണ് ഇപ്പോള്‍ വിരാജ്‌പേട്ടയിലേക്ക് മാക്കൂട്ടം വഴി സര്‍വിസ് നടത്തുന്നത്. 45 രൂപ ബസിന് വേണ്ടിടത്ത് 150 രൂപയാണ് കൂലി നല്‍കേണ്ടത്. മാക്കൂട്ടം ചുരം റോഡ് ശാസ്ത്രീയമായി നവീകരിക്കുന്നതിന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് ആറുകോടിയുടെ പ്രാഥമിക പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഒരുമാസത്തിനുള്ളില്‍ വലിയ വാഹനങ്ങള്‍ക്ക് സര്‍വിസ് പുനരാരംഭിക്കത്തക്ക രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മഴ മാറിയിട്ടും നിര്‍മാണം ഇഴഞ്ഞുനീങ്ങുകയാണ്.
കുടക് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴക്കെടുതിമൂലം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധ മുഴുവന്‍ തിരിഞ്ഞതാണ് മാക്കൂട്ടം ചുരം റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.