
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണവും ചരക്കുകടത്തിന്റെ അളവും കുറഞ്ഞതിനെ തുടര്‍ന്നു ദക്ഷിണ റെയില്‍വേയുടെ വരുമാനം ഗണ്യമായി കുറഞ്ഞു. ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവില്‍ 6.6 ശതമാനമാണ് വരുമാനത്തില്‍ കുറവുണ്ടായത്.
2,471.14 കോടി രൂപയാണ് ഈ കാലയളവിലെ മൊത്തം വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,647.3 കോടിയായിരുന്നു വരുമാനം. 176.7 കോടി രൂപയാണ് കുറവുവന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ വന്ന കുറവ് 46 ലക്ഷമാണ്. ഇതു ഉത്കണ്ഠാജനകമാണെന്ന് അധികൃതര്‍ പറയുന്നു. താപ വൈദ്യുതി നിലയങ്ങളിലേക്ക് കൊണ്ടുപോകുന്ന കല്ക്കരിയുടെഅളവു കുറഞ്ഞതാണ് ചരക്കുകൂലി ഇനത്തില്‍ വരുമാനമിടിയാന് കാരണം.
ഇതു പരിഹരിക്കുയെന്ന ലക്ഷ്യത്തോടെ കല്‍ക്കരി കടത്തിനു ചില ഇളവുകള്‍ നടപ്പാക്കുന്നുണ്ട്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ കോച്ചുകളും ബര്‍ത്തുകളും വര്‍ധിപ്പിക്കുന്നുമുണ്ട്. വിവിധ വണ്ടികളിലായി 1,441 കോച്ചുകളും 1,11,583 ബര്‍ത്തുകളും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ മൂന്നിടങ്ങളിലായി ബാക്കിയുണ്ടായിരുന്ന 22.5 കിലോമീറ്റല് റെയില്‍പാളം ഇരട്ടിപ്പിക്കല്‍ പണി പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസംതന്നെ ഇതിന്റെ സുരക്ഷാ പരിശോധന നടക്കും. പുനലൂരിനും ചെങ്കോട്ടയ്ക്കുമിടയില്‍ 49 കിലോമീറ്ററില്‍ ഗേജ് മാറ്റ പ്രവൃത്തി പുരോഗമിക്കുകയാണ്.
യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്ധിപ്പിക്കുനതിനായി കഴിഞ്ഞ വര്‍ഷം 93 കോടി രൂപ ദക്ഷിണ റെയില്‍വേ ചെലവഴിച്ചിട്ടുണ്ട്. ഈ കാലയളവില്‍ തമിഴ്നാട്ടില്‍ ഏഴും കേരളത്തില്‍ ആറും റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തി.
ഇതില്‍ ചെന്നൈ സെന്‍ട്രല്‍, എറണാകുളം ജങ്ഷന്, തൃശ്ശിനാപ്പള്ളി ജങ്ഷന് എന്നിവിടങ്ങളില്‍ ഫാസ്റ്റ് വൈഫൈ സൗകര്യമാണുള്ളത്. അഞ്ചു സ്റ്റേഷനുകളിലായി 17 എസ്കലേറ്ററുകള്‍ സ്ഥാപിച്ചു. 18 സ്റ്റേഷനുകളിലായി 30 എസ്കലേറ്ററുകളും 39 ലിഫ്റ്റുകളും സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. 13 പാലങ്ങളും ഈ കാലയളവില്‍ നിര്‍മിച്ചു.
യാത്രക്കാരുടെ പരാതികളും മറ്റും അറിയാനായി സാമൂഹ്യമാധ്യമങ്ങള്‍ നോക്കാനുള്ള സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. 67.9 കോടി ചെലവില്‍ സമഗ്ര എമര്‍ജന്‍സി റെസ്പോണ്‍സ് മാനേജ്മെന്റ് സിസ്റ്റം ഏര്‍പ്പെടുത്താന്‍ ദക്ഷിണ റെയില്‍വേ ഉദ്ദേശിക്കുന്നു.
നിര്‍ഭയ ഫണ്ട് ഉപയോഗപ്പെടുത്തിയായിരിക്കും ഈ സംവിധാനമേര്‍പ്പെടുത്തുക. ചെന്നൈയിലെ എല്ലാ സബര്‍ബന്‍ സ്റ്റേഷനുകളുമടക്കം 136 സ്റ്റേഷനുകളില്‍ ഇതിന്റെ സേവനം ലഭ്യമാകും. പെരമ്പൂരിലെ റെയില്‍വേ അശുപത്രി വിവിധ മേഖലകളിലെ വിദഗ്ധരെ നിയമിക്കുന്നതടക്കമുള്ള നടപടികളിലൂടെ ഈ കാലയളവില്‍ നവീകരിച്ചിട്ടുമുണ്ട്.