2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി സഊദി വിമാനത്താവളങ്ങള്‍

ഏറ്റവും കൂടുതല്‍ പേര്‍ സഞ്ചരിച്ചത് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി

നിസാര്‍ കലയത്ത്

ജിദ്ദ: യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് സഊദി വിമാനത്താവളങ്ങള്‍. കഴിഞ്ഞ വര്‍ഷം സഊദി വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരുടെ എണ്ണം ഒരു കോടിക്കടുത്ത് വരും. യാത്രക്കാരുടെ എണ്ണത്തില്‍ ഇത് റെക്കോര്‍ഡ് ആണ്. ജിദ്ദ വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്.

സഊദി വിമാനത്താവളങ്ങള്‍ വഴി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നുപോയ വര്‍ഷമായിരുന്നു 2018. സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കു പ്രകാരം ഒമ്പത് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷത്തി അറുപതിനായിരം യാത്രക്കാര്‍ രാജ്യത്തെ ആഭ്യന്തര രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി പറന്നു. 771,828 വിമാനങ്ങളാണ് കഴിഞ്ഞ വര്‍ഷം സര്‍വീസ് നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം എട്ട് ശതമാനം വര്‍ധിച്ചു. 2017ല്‍ ഒമ്പത് കോടി ഇരുപത്തിനാല് ലക്ഷത്തി ഇരുപതിനായിരം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സര്‍വീസ് നടത്തിയ വിമാനങ്ങളുടെ എണ്ണം 2017നെ അപേക്ഷിച്ച് 4.1 ശതമാനം വര്‍ധിച്ചു. രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി മാത്രം കഴിഞ്ഞ വര്‍ഷം 7,41,893 വിമാനങ്ങളിലായി ഒമ്പത് കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ യാത്ര ചെയ്തു.

ആഭ്യന്തര വിമാനത്താവളങ്ങള്‍ വഴി 29,935 വിമാനങ്ങളിലായി ഇരുപത്തിയാറു ലക്ഷം പേര്‍ യാത്ര ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത് ജിദ്ദ വിമാനത്താവളം വഴിയാണ്. മൂന്നു കോടി അമ്പത്തിയെട്ട് ലക്ഷം. റിയാദ് വിമാനത്താവളം വഴി രണ്ട് കോടി എഴുപത്തിയൊമ്പത് ലക്ഷവും ദമാം വിമാനത്താവളം വഴി ഒരുകോടി നാലു ലക്ഷവും പേര്‍ യാത്ര ചെയ്തു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ സഊദിയില്‍ നിന്ന് പറന്നത് യു.എ.ഇ യിലേക്കാണ്. ഈജിപ്ത്, പാകിസ്താന്‍, ഇന്ത്യ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഉള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.