2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യശ്വന്ത് പറഞ്ഞ രാഷ്ട്രീയം

യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ പ്രശ്‌നം സാമ്പത്തിക ചര്‍ച്ചക്കിടയില്‍ മുങ്ങിപ്പോവരുത്. അത് അത്യന്തം ഗൗരവമുള്ള കാര്യമാണ്. തികച്ചും രാഷ്ട്രീയവുമാണ്. ബി.ജെ.പിയില്‍ ഇപ്പോള്‍ ഭയത്തിന്റെ അന്തരീക്ഷമാണ്, അഭിപ്രായങ്ങള്‍ പറയാന്‍ നേതാക്കള്‍ക്ക് പേടിയാണ്, കാര്യങ്ങള്‍ നേരിട്ട് പറയാന്‍ ശ്രമിച്ചെങ്കിലും മോദി അത് അനുവദിച്ചില്ല എന്നിങ്ങനെയാണ്
പാര്‍ട്ടിയിലെ അഭിപ്രായ നിരോധനത്തെക്കുറിച്ച് യശ്വന്ത് വെളിപ്പെടുത്തിയത്. ഫാസിസ്റ്റ് ആഭിമുഖ്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ജനാധിപത്യശീലങ്ങള്‍ ദുര്‍ബലമായിരിക്കാം. എങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഭരണകക്ഷിയില്‍ അത് തീര്‍ത്തും ഇല്ലാതാവുന്നത് അത്യന്തം ഗൗരവത്തോടെ തന്നെ വിലയിരുത്തേണ്ടതുണ്ട്.

പി.പി. മൂസ 9539684300

 

മുന്‍ ധനമന്ത്രിയും ബി.ജെ.പിയുടെ തല മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. തന്റെ ഭൂതഗണങ്ങളെ വിട്ട് പ്രതിരോധം തീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാഴ്ശ്രമം നടത്തുന്നുണ്ടെങ്കിലും ഓര്‍ക്കാപ്പുറത്തുള്ള അടിയുടെ ആഘാതത്തില്‍നിന്ന് പെട്ടെന്നൊന്നും കര കയറാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് തോന്നുന്നില്ല. മോദി സര്‍ക്കാരിനെതിരേ യശ്വന്ത് നടത്തിയ വിമര്‍ശനത്തില്‍ കാതലായ രണ്ട് വശങ്ങളുണ്ട്. ഒന്ന് രാജ്യം ഇതിനകം പലതവണ ചര്‍ച്ച ചെയ്ത, ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം. രണ്ട് ആദ്യത്തേതിനൊപ്പമോ അതിനേക്കാളേറെയോ മുഖ്യമായ രാഷ്ട്രീയ കാര്യം.
വാസ്തവത്തില്‍ യശ്വന്ത് പറഞ്ഞ സാമ്പത്തിക പ്രശ്‌നത്തില്‍ പുതിയ വെളിപ്പെടുത്തലൊന്നുമില്ല. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും നൊബേല്‍ സമ്മാന ജേതാവ് ഡോ. അമര്‍ത്യാസെന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധരും പലവട്ടം ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. സാമ്പത്തികമാന്ദ്യം മൂലം ഏറെക്കാലമായി ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് ഇക്കാര്യം ബോധ്യപ്പെടാന്‍ ആരെങ്കിലും അവരെ പ്രത്യേകിച്ച് ഇനി ഉദ്‌ബോധിപ്പിക്കേണ്ടതുമില്ല. വിലക്കയറ്റമായും, കര്‍ഷക ആത്മഹത്യയായും അനുദിനം താഴുവീഴുന്ന തൊഴില്‍ശാലയായും സാമ്പത്തികമാന്ദ്യത്തിന്റെ കെടുതികള്‍ നേര്‍ക്കാഴ്ചയായി അവരുടെ നിത്യജീവിതത്തെ വിടാതെ പിന്‍തുടരുകയാണ്. അവര്‍ക്ക് ഇനിയൊരു ഓര്‍മപ്പെടുത്തലിന്റെ ആവശ്യം തന്നെയില്ല.
എങ്കിലും വാജ്‌പേയി മന്ത്രിസഭയില്‍ ധനവകുപ്പ് കൈകാര്യം ചെയ്ത പാര്‍ട്ടി നേതാവ് സര്‍ക്കാരിന്റെ സാമ്പത്തികനയത്തെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ അതിന് ഒട്ടേറെ മാനങ്ങളുണ്ട്. മന്‍മോഹന്‍സിങും അമര്‍ത്യാസെന്നും മറ്റും പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ എന്നുപറഞ്ഞ് വിമര്‍ശനങ്ങളില്‍ നിന്ന് വഴുതിമാറാന്‍ മോദിക്ക് അവസരം നല്‍കിയിരുന്നെങ്കില്‍ യശ്വന്തിന് മുന്നില്‍ തീര്‍ത്തും നിരായുധനാണ് അദ്ദേഹം. യശ്വന്ത് ഉന്നയിച്ച ഒരു ആരോപണത്തിനും അക്കമിട്ട് മറുപടി പറയാന്‍ മോദിപക്ഷത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രശ്‌നത്തിന്റെ ഗൗരവവും ഉന്നയിച്ച വ്യക്തിയുടെ ഔന്നത്യവും വച്ചുനോക്കുമ്പോള്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് ഉത്തരം പറയേണ്ട ചോദ്യങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം ഗാര്‍ഹിക ഉല്പാദനം (ജി.ഡി.പി) 7.6 ശതമാനത്തില്‍ നിന്ന് 5.7 ശതമാനമായി (യഥാര്‍ഥത്തില്‍ 3.7 ശതമാനം) കുറഞ്ഞതും, കാര്‍ഷിക-വ്യവസായ മേഖലയിലെ മരവിപ്പും, സ്വകാര്യ നിക്ഷേപം കുത്തനെ ഇടിഞ്ഞതും നിര്‍മാണ സേവനരംഗത്തെ തളര്‍ച്ചയും, ജി.എസ്.ടി നടപ്പാക്കിയതിലെ പാകപ്പിഴവും, ആഗോളവിപണിയില്‍ ഇന്ധനവില കുറയുമ്പോള്‍ ഇവിടെ നിരക്ക് ദിനംപ്രതി വര്‍ധിക്കുന്നതുമെല്ലാം തീര്‍ച്ചയായും പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഗൗരവമാര്‍ന്ന ചോദ്യങ്ങള്‍ ഉയരുമ്പോഴെല്ലാം ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തല പൂഴ്ത്തുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. അല്ലെങ്കിലും സ്വദേശത്തേക്കാള്‍ വിദേശത്ത് സമയം ചെലവഴിക്കാന്‍ താല്പര്യം കാട്ടുന്ന ഒരു ഭരണാധികാരിയില്‍നിന്ന് ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.
യശ്വന്തിന് മറുപടിയുമായി രംഗത്തെത്തിയ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാവട്ടെ, അദ്ദേഹം ഉന്നയിച്ച കാതലായ പ്രശ്‌നങ്ങളൊന്നും പരാമര്‍ശിക്കാതെ ‘എണ്‍പതാം വയസ്സിലെ തൊഴിലന്വേഷകന്‍’ എന്ന് വിളിച്ച് വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന പഴകി പുളിച്ച അതേ വിദ്യ! സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിതിവിവരകണക്കുകളാണ് മുഖ്യം; അല്ലാതെ വാചകക്കസര്‍ത്തുകളല്ല. നൂറുദിവസം തരൂ, അത് കഴിഞ്ഞിട്ടും സാമ്പത്തികനില മെച്ചപ്പെട്ടില്ലെങ്കില്‍ എന്നെ പച്ചയ്ക്ക് തീകൊളുത്തൂ എന്ന് പറഞ്ഞവര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ഇന്നല്ലെങ്കില്‍ നാളെ ഇതിനെല്ലാം മറുപടി പറയുക തന്നെ വേണം. അതിന് തയ്യാറാവാത്തവര്‍ക്കുള്ള ശിക്ഷയെന്തന്നറിയാന്‍ ചരിത്രം മറിച്ചുനോക്കുകയേ വേണ്ടൂ.
പക്ഷേ, യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടിയ രണ്ടാമത്തെ പ്രശ്‌നം സാമ്പത്തിക ചര്‍ച്ചക്കിടയില്‍ മുങ്ങിപ്പോവരുത്. അത് അത്യന്തം ഗൗരവമുള്ള കാര്യമാണ്. തികച്ചും രാഷ്ട്രീയവുമാണ്. ബി.ജെ.പിയില്‍ ഇപ്പോള്‍ ഭയത്തിന്റെ അന്തരീക്ഷമാണ്, അഭിപ്രായങ്ങള്‍ പറയാന്‍ നേതാക്കള്‍ക്ക് പേടിയാണ്, കാര്യങ്ങള്‍ നേരിട്ട് പറയാന്‍ ശ്രമിച്ചെങ്കിലും മോദി അത് അനുവദിച്ചില്ല എന്നിങ്ങനെയാണ് പാര്‍ട്ടിയിലെ അഭിപ്രായ നിരോധനത്തെക്കുറിച്ച് യശ്വന്ത് വെളിപ്പെടുത്തിയത്. ഫാസിസ്റ്റ് ആഭിമുഖ്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ജനാധിപത്യശീലങ്ങള്‍ ദുര്‍ബലമായിരിക്കാം. എങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഭരണകക്ഷിയില്‍ അത് തീര്‍ത്തും ഇല്ലാതാവുന്നത് അത്യന്തം ഗൗരവത്തോടെ തന്നെ വിലയിരുത്തേണ്ടതുണ്ട്.
സാമ്പത്തികം മനുഷ്യന് അന്നത്തിന്റെ കാര്യമാണെങ്കില്‍ അഭിപ്രായസ്വാതന്ത്ര്യം അവനെ സംബന്ധിച്ചിടത്തോളം ജീവവായു തന്നെയാണ്. അതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് പന്‍സാരെയും ധാബോല്‍ക്കറും ഗൗരി ലങ്കേഷുമൊക്കെ ജീവാര്‍പ്പണം നടത്തിയത്. അവര്‍ക്കുനേരെ നീട്ടിയ തോക്കിന്‍മുന സ്വന്തം പാര്‍ട്ടിയിലെ വിമത ശബ്ദങ്ങള്‍ക്കുനേരെ ഉയരാന്‍ അധികസമയം വേണ്ട.
ഇതോടൊപ്പം മറ്റൊരു ഭയാനകമായ കാര്യവും രാജ്യത്തെ തുറിച്ചുനോക്കുന്നുണ്ട്. ബി.ജെ.പി എപ്പോഴൊക്കെ പ്രതിരോധത്തിലായിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറാറുമുണ്ട്. വര്‍ഗീയ ലഹളകള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, ആസൂത്രിതമായ സ്‌ഫോടനങ്ങള്‍, ഭീകരാക്രമണം, അതിര്‍ത്തിയിലെ സംഘര്‍ഷം എന്നിവ തരാതരംപോലെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടാറാണ് പതിവ്. മലേഗാവ്-സംഝോത എക്‌സ്പ്രസ്, മക്കാമസ്ജിദ് സ്‌ഫോടനങ്ങള്‍, ഇശ്‌റത് ജഹാന്‍ കേസ്, പാര്‍ലമെന്റ് ആക്രമണം തുടങ്ങി നിരവധി ദൃഷ്ടാന്തങ്ങള്‍ ഇക്കാര്യത്തില്‍ രാജ്യത്തിന് മുന്നിലുണ്ട്. അതുപോലെ ഒരെണ്ണം സൃഷ്ടിച്ചെടുക്കാന്‍ അധികാരസ്ഥാനത്തിലിരിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാവില്ല. എത്രയെത്ര ചോരച്ചാലുകള്‍ കടന്നാണ് ഇവര്‍ ഇന്ദ്രപ്രസ്ഥത്തിലെത്തിയത്. ഇവര്‍ക്ക് അധികാരം നിലനിര്‍ത്താന്‍ ഇനിയെത്ര കബന്ധങ്ങളാവും രാജ്യം കാണേണ്ടിവരിക!


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.