2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

യമന്‍: സമാധാന ചര്‍ച്ച സ്വീഡനില്‍ ആരംഭിച്ചു

സ്റ്റോക്ക്‌ഹോം: യമനില്‍ നാലു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനായുള്ള സമാധാന ചര്‍ച്ചയ്ക്കു സ്വീഡനില്‍ തുടക്കം. യു.എന്‍ പ്രത്യേക പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ യമന്‍ സര്‍ക്കാര്‍, വിമതര്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കും.
ദിവസങ്ങള്‍ക്കു മുന്‍പ് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അനൗദ്യോഗിക ചര്‍ച്ചയും നടന്നിരുന്നു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കേണ്ട സമയം ഇപ്പോഴാണെന്നു ചര്‍ച്ച ഉദ്ഘാടനം ചെയ്ത് മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് പറഞ്ഞു. യമന്റെ ഭാവി ഇവിടെ ഒരുമിച്ചുകൂടിയവരുടെ കരങ്ങളിലാണ്. നിയന്ത്രണം നഷ്ടപ്പെടുംമുന്‍പ് അടിയന്തരമായി അനിവാര്യ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ആക്രമണങ്ങളുടെ ലഘൂകരണത്തിന് ഇരു വിഭാഗങ്ങളും ആവശ്യപ്പെട്ടെന്നുള്ളതാണ് ചര്‍ച്ചയുടെ പ്രധാനപ്പെട്ട കാര്യമെന്നും നിര്‍ബന്ധപൂര്‍വം തടവിലാക്കിയവരെ വിട്ടയക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കുന്നെന്ന പ്രഖ്യാപനം നടത്തുന്നതില്‍ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രധാനമായ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നു സ്വീഡിഷ് വിദേശകാര്യ മന്ത്രി മര്‍ഗോട്ട് വാള്‍സ്റ്റോം പറഞ്ഞു. ഇരു വിഭാഗങ്ങള്‍ക്കിടയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി തടവുകാരുടെ കൈമാറ്റത്തിനു ചൊവ്വാഴ്ചയാണ് ധാരണയായത്. 2,000 സര്‍ക്കാര്‍ സൈനികരെ കൈമാറുമ്പോള്‍ പകരമായി 1,500 ഹൂതികളെ വിട്ടയക്കും. അതിനിടെ, ഹുദൈദ തുറമുഖം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നു വിമതര്‍ പിന്‍വാങ്ങണമെന്നു യമന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ യമനി ആവശ്യപ്പെട്ടു. നിയമാനുസൃത സര്‍ക്കാരിനെ അംഗീകരിക്കണമെന്നും അതിനു സാധിക്കാതെ സമാധാന ചര്‍ച്ച സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സന്‍ആ വിമാനത്താവളത്തിലേക്കു മുഴുവന്‍ യാത്രക്കാര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ലെങ്കില്‍ യു.എന്‍ വിമാനങ്ങള്‍ പ്രവേശിക്കുന്നതു തടയുമെന്നു മുതിര്‍ന്ന ഹൂതി നേതാവ് ഭീഷണിപ്പെടുത്തി. യമനില്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷത്തിലേക്ക് 2015 മാര്‍ച്ച് മുതല്‍ സഊദി നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ചേര്‍ന്നതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ആക്രമണങ്ങള്‍ക്കിടെ ഇതുവരെ 56,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.