2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

യമനില്‍ 40 കുട്ടികളുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണം; തെറ്റുപറ്റിയെന്ന് സഊദി സഖ്യസേന

ആസൂത്രണത്തിലെ പാളിച്ച ഉത്തരവാദികള്‍ക്കെതിരേ നടപടിയെടുക്കും
ഇരകളുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കും

സന്‍ആ: കഴിഞ്ഞ മാസം യമനില്‍ 40 കുട്ടികളുടെ മരണത്തിനിടയാക്കിയ ബസിനുനേരെയുള്ള വ്യോമാക്രമണത്തില്‍ തെറ്റു സമ്മതിച്ച് സഊദി സഖ്യസേന. സംഭവത്തില്‍ തെറ്റുപറ്റിയതായി സഖ്യസേനയ്ക്കു മേല്‍നോട്ടം വഹിക്കുന്ന ജോയിന്റ് ഇന്‍സിഡന്റ്‌സ് അസെസ്‌മെന്റ് ടീം(ജിയാറ്റ്) ലഫ്. ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂര്‍ സമ്മതിച്ചു. ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
”ആസൂത്രണത്തിലെ പാളിച്ചയാണു സംഭവത്തിലുണ്ടായത്. കൃത്യസമയത്തും സ്ഥലത്തും ഫൈറ്റര്‍ ജെറ്റുകളെ വിന്യസിക്കുന്നതില്‍ പാളിച്ച സംഭവിച്ചു. ബസില്‍ വിമതസംഘമായ ഹൂതി നേതാക്കളും പോരാളികളും സഞ്ചരിക്കുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. പക്ഷെ, വ്യാപകമായ നാശനഷ്ടങ്ങളാണ് ആക്രമണത്തെ തുടര്‍ന്നുണ്ടായത് ”-മന്‍സൂര്‍ അല്‍ മന്‍സൂര്‍ പറഞ്ഞു.
പാളിച്ചയില്‍ സഖ്യസേന ഖേദം രേഖപ്പെടുത്തുകയാണ്. ആക്രമണത്തിനിരയായവരുടെ കുടുംബങ്ങളോട് ഐക്യദാര്‍ഢ്യവും അനുശോചനവും അനുകമ്പയും രേഖപ്പെടുത്തുന്നു. യമന്‍ സര്‍ക്കാരുമായി ചേര്‍ന്നു കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ കൈക്കൊള്ളും. രാജ്യത്തെ ഇടപെടലുകളെ കുറിച്ചു പുനപരിശോധന നടത്തുമെന്നും ജിയാറ്റ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സഊദി വാര്‍ത്താ ഏജന്‍സിയായ എസ്.പി.എയും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് ഒന്‍പതിനാണ് യമനിലെ വടക്കന്‍ സആദ പ്രവിശ്യയിലെ മാര്‍ക്കറ്റിലാണു വിദ്യാര്‍ഥികളടക്കം സഞ്ചരിച്ച ബസിനുനേരെ സഖ്യസേന വ്യോമാക്രമണം നടത്തിയത്. സംഭവത്തില്‍ നാട്ടുകാരും കൊല്ലപ്പെട്ടു. ആക്രമണത്തെ ന്യായീകരിച്ച് സഊദി വൃത്തങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങള്‍ എന്നിവയെ സഖ്യസേന നിരന്തരം ലക്ഷ്യമിടുന്നതായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.
യമനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചു പഠിച്ച യു.എന്‍ വിദഗ്ധ സമിതി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. സഖ്യസേന, യമന്‍ സര്‍ക്കാര്‍ സേന, ഹൂതികള്‍ അടക്കമുള്ള വിമത മിലീഷ്യ തുടങ്ങിയവര്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്‌തെന്നും രാജ്യാന്തര കോടതി കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
യു.എന്‍ മനുഷ്യാവകാശ ഹൈക്കമിഷനു കീഴില്‍ മനുഷ്യാവകാശ വിദഗ്ധരുടെ സമിതിയാണ് യമന്‍ ആഭ്യന്തര യുദ്ധത്തെ കുറിച്ചു വിശദമായ പഠനം നടത്തിയത്. യമന്‍ സംഭവത്തെ കുറിച്ചു നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പഠനമായിരുന്നു ഇത്. സമിതിയുടെ കണ്ടെത്തലുകളെ സഖ്യസേന തള്ളിക്കളഞ്ഞിട്ടുണ്ട്.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.