2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

യമനില്‍ നടക്കുന്നത് ഭീകരമായ യുദ്ധക്കുറ്റങ്ങള്‍

  • ആഭ്യന്തരയുദ്ധത്തിന്റെ വിശദവിലയിരുത്തലുമായി യു.എന്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട്
  • സഊദി സഖ്യസേന അടക്കം എല്ലാ കക്ഷികളും കുറ്റക്കാര്‍

യുനൈറ്റഡ് നാഷന്‍സ്: യമനില്‍ സഊദി സഖ്യസേന അടക്കം യുദ്ധക്കുറ്റങ്ങള്‍ നടത്തിയതായി യു.എന്‍ ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള മനുഷ്യാവകാശ വിദഗ്ധരുടേതാണു വിലയിരുത്തല്‍. 

മാര്‍ക്കറ്റുകളിലും ജനവാസ മേഖലയിലും വിവാഹപാര്‍ട്ടികള്‍ക്കും ബോട്ടുകള്‍ക്കും നേരെയും സഊദി സേന നടത്തിയ വ്യോമാക്രമണങ്ങളില്‍ ജീവനടക്കം വന്‍ നാശനഷ്ടങ്ങളാണുണ്ടായതെന്നും ഇതില്‍ പലതും യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും സമിതി വ്യക്തമാക്കി. സഊദി സഖ്യസേനയ്‌ക്കെതിരേ നിയമനടപടി കൈക്കൊള്ളാന്‍ രാജ്യാന്തര കോടതിയെ നിര്‍ബന്ധിക്കുന്നതാണു പുതിയ റിപ്പോര്‍ട്ട്.
ഇതാദ്യമായാണ് യമനിലെ ആഭ്യന്തര യുദ്ധത്തെ കുറിച്ച് യു.എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് തയാറാക്കുന്നത്. സഖ്യസേനയ്ക്കു പുറമെ യമന്‍ സര്‍ക്കാര്‍ സൈന്യവും ഹൂതി വിമത സൈന്യവും ഇത്തരത്തില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്രമങ്ങള്‍ക്കായി കുട്ടികളെ റിക്രൂട്ട് ചെയ്യല്‍, തോന്നിയ പോലെ തടവില്‍ പാര്‍പ്പിക്കല്‍, പീഡനം, നിര്‍ബന്ധിത തിരോധാനം തുടങ്ങിയ കുറ്റങ്ങളും എല്ലാ കക്ഷികളും നടത്തിയതായും സമിതി കണ്ടെത്തിയിട്ടുണ്ട്. അടുത്ത മാസം യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മൂന്നു വര്‍ഷത്തെ സ്ഥിതിവിവരങ്ങളാണു വിദഗ്ധ സമിതി പഠനവിധേയമാക്കിയത്. മൂന്നു വര്‍ഷത്തോളമായി ഹൂതികള്‍ ഉപരോധിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തായിസ് നഗരത്തിലെ സ്ഥിതിഗതികളില്‍ സമിതി ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. റിപ്പോര്‍ട്ടില്‍ സഖ്യസേന അടക്കം ആരും പ്രതികരിച്ചിട്ടില്ല.
2015ലാണ് യമനെ തകര്‍ത്തുകളഞ്ഞ ആഭ്യന്തരയുദ്ധത്തിനു തുടക്കമായത്. രാജ്യത്തിന്റെ മിക്കവാറും പടിഞ്ഞാറന്‍ മേഖല വിമതസംഘമായ ഹൂതികള്‍ പിടിച്ചടക്കിയതോടെയാണു പുതിയ പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. ഇതോടെ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിക്കു രാജ്യംവിടേണ്ടി വന്നിരുന്നു. ഇറാന്‍ പിന്തുണയോടെയായിരുന്നു ഹൂതികളുടെ മുന്നേറ്റം.
തുടര്‍ന്ന് വിമതര്‍ക്കെതിരേ യമന്‍ സൈന്യത്തെ സഹായിക്കാന്‍ സഊദി അറേബ്യ, യു.എ.ഇ എന്നിവയുടെ നേതൃത്വത്തില്‍ ഏഴ് അറബ് രാജ്യങ്ങള്‍ ചേര്‍ന്നു സഖ്യസേനയ്ക്കു രൂപംനല്‍കി നടപടി ആരംഭിച്ചു. ഇതോടെ രാജ്യത്തെ സാധാരണ ജീവിതം താറുമാറായിരിക്കുകയാണ്. സഖ്യസേനയ്ക്ക് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സഹായവും ലഭിച്ചുവരുന്നുണ്ട്.
യു.എന്‍ കണക്കു പ്രകാരം ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെയായി 6,660 പേരാണു കൊല്ലപ്പെട്ടത്. 10,563 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പതിനായിരക്കണക്കിനു ജനങ്ങള്‍ പട്ടിണിയും പോഷകക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും കാരണവും മരണമടഞ്ഞു.
കോളറ അടക്കമുള്ള മാറാരോഗങ്ങളാണു രാജ്യത്തു പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിനു പേര്‍ വിവിധ രാജ്യങ്ങളിലേക്കു പലായനം ചെയ്യുകയുമുണ്ടായി.

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News