2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

യന്ത്രത്തകരാര്‍; കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

നീലേശ്വരം: യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. ബേപ്പൂരില്‍നിന്ന് വെള്ളിയാഴ്ച രാവിലെ 11 മത്സ്യത്തൊഴിലാളികളുമായി പോയ ബേപ്പൂര്‍ മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ള സെല്‍വ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ഫിഷറീസ് ഓഫിസില്‍നിന്നാണ് എന്‍ജിന്‍ തകരാറുമൂലം ബോട്ട് കടലില്‍ അകപ്പെട്ട വിവരം കാസര്‍കോട് ഫിഷറീസ് ഡി.ഡി അറിയുന്നത്. ഉടന്‍ തീരദേശ പൊലിസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസി. ഡയരക്ടര്‍ പി.വി സതീശന്റെ നിര്‍ദേശപ്രകാരം നീലേശ്വരം തൈക്കടപ്പുറത്തുനിന്ന് ഞായറാഴ്ച ഉച്ചയോടെ രക്ഷാബോട്ട് പുറപ്പെട്ടു.  പള്ളിക്കര ബേക്കല്‍കോട്ടക്ക് സമീപം 16 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ ഒഴുകി നടക്കുകയായിരുന്ന ബോട്ടിനെ ഞായറാഴ്ച വൈകിട്ട് ആറോടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കെട്ടിവലിച്ച് നീലേശ്വരം തൈക്കടപ്പുറത്ത് കരയ്‌ക്കെത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനം അവസാനിച്ചത്.
തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സുനില്‍ (46), മുത്തയ്യന്‍ (52), ജോസ് (44), തിരുവനന്തപുരം പൊഴിയൂരിലെ രാജു (44), വര്‍ഗീസ് (45), ജസ്റ്റിന്‍ (28), തദേവൂസ് (42), അലക്‌സാണ്ടര്‍ (43), മുസ്തഫ ബേപ്പൂര്‍, കൊല്‍ക്കത്ത സ്വദേശികളായ സഞ്ജീവ് (23), സുപ്രഭാത് (24) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
ഫിഷറീസ് റസ്‌ക്യൂ ഗാര്‍ഡ് പി. മനു, ഒ. ധനീഷ്, ഡ്രൈവര്‍ നാരായണന്‍, കണ്ണന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.