2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

യഥാര്‍ഥ ക്ഷീരകര്‍ഷകര്‍ പടിക്കുപുറത്ത്; ഒരു പശുവിനെപ്പോലും വളര്‍ത്താത്തവര്‍ കര്‍ഷകരും!

ചാരുംമൂട്: ഓണാട്ടുകര വികസന സമിതി മേഖലയിലെ പഞ്ചായത്തു വഴി വിതരണം നടത്തുന്ന പോത്തുകിടാങ്ങളെ അര്‍ഹതപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് കൊടുക്കാതെ സ്വന്തക്കാര്‍ക്കും പാര്‍ട്ടി അനുഭാവികള്‍ക്കും വീതം വെയ്ക്കുന്നതായി ആക്ഷേപം.
പാലമേല്‍ ഗ്രാമപ്പഞ്ചായത്തിലെ അര്‍ഹതപ്പെട്ട പലരേയും ഒഴുവാക്കുന്നതായും ഭരണപക്ഷത്തിന്റെ പ്രാദേശിക നേതാക്കളുടെ ഇഷ്ടക്കാര്‍ക്കായി പോത്തുകിടാങ്ങളെ കൊടുക്കുന്നതുമായാണ് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.  25 വര്‍ഷമായി 12 ഓളം പശുക്കളെ പരിപാലിച്ച് ക്ഷീര കര്‍ഷക സംഘം വഴി പാല്‍ അളക്കുന്ന പണയില്‍ കാവിലമ്മക്കാവ് ചെട്ടിശേരില്‍ ചന്ദ്രമതി എന്ന ക്ഷീരകര്‍ഷക പോത്തുകിടാവിനു വേണ്ടി ഗ്രാമപ്പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇവര്‍ പാലമേല്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേക്കു നടന്ന ഡയരക്ടര്‍ ബോര്‍ഡ് ഒന്‍പത് അംഗ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതിന്റെ പേരില്‍ അര്‍ഹതാ പട്ടികയില്‍ നിന്നും പാലമേല്‍പഞ്ചായത്തിലെ പ്രാദേശിക നേതാക്കളുടെ നിര്‍ദേശ പ്രകാരം ഒഴിവാക്കിയെന്നാണ് ആരോപണം. അര്‍ഹതപ്പെട്ട ക്ഷീരകര്‍ഷകരുടെ പേര് അതാത് വാര്‍ഡുമെംബര്‍മാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ സമര്‍പ്പിച്ച് പാസാക്കിയാല്‍ ലിസ്റ്റ് അംഗീകരിച്ച് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഒപ്പുവെച്ച ശേഷം മൃഗസംരക്ഷണ വകുപ്പിനു കൈമാറണമെന്ന നിയമം കാറ്റില്‍ പറത്തിയാണ് കാര്യങ്ങള്‍ ചെയ്തത്. പാലമേല്‍ പഞ്ചായത്തിലെ 50 ക്ഷീര കര്‍ഷകര്‍ക്കാണ് പതിനായിരം രൂപ വീതം വിലയുളള പോത്ത് കിടാങ്ങളെ നല്‍കുന്നത്. സി.പി.എം ഭരണം കൈയാളുന്ന വള്ളികുന്നം ഗ്രാമംപ്പഞ്ചായത്തില്‍ പോത്തുകിടാങ്ങളെ നല്‍കുന്ന കാര്യത്തില്‍ വന്‍ അഴിമതിയുള്ളതായാണ് ആക്ഷേപം. വള്ളികുന്നം ഗ്രാമപ്പഞ്ചായത്തിലെ 18 വാര്‍ഡുകളില്‍ നിന്നായി 36 ക്ഷീര കര്‍ഷകരെ കണ്ടെത്തുകയും ഇത് പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുകയും ചെയ്യതതാണ്.
എന്നാല്‍, പദ്ധതി നടപ്പിലാക്കിയപ്പോള്‍ ലിസ്റ്റിലുണ്ടായിരുന്ന അര്‍ഹതപ്പെട്ട പല ക്ഷീര കര്‍ഷകരും പടിക്കു പുറത്തായി. പകരം വീട്ടില്‍ ഒരു പശുവിനെപ്പോലും വളര്‍ത്താത്തവര്‍ കര്‍ഷകരായി. ഇത്തരത്തില്‍ 56 പേര്‍ക്ക് പോത്തുകിടാങ്ങളായി, അവരെല്ലാം ക്ഷീര കര്‍ഷകരുമായി. സംഭവം വിവാദമായതോട് ഇന്നലെ അടിയന്തര കമ്മിറ്റി കൂടുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും സി.പി.ഐ, കോണ്‍ഗ്രസ്, ബി. ജെ.പി മെംബര്‍മാര്‍ വിട്ടു നിന്നതിനാല്‍ ഇതിനു തീരുമാനമായില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.