2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

മൗലാനാ മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഗ്രാന്‍ഡ് മുഫ്തിയും നിര്യാതനായ ഗ്രാന്‍ഡ് മുഫ്തി താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരിയുടെ പിന്‍ഗാമിയുമായി മൗലാനാ മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാന്‍ ബറേല്‍വിയെ തെരഞ്ഞെടുത്തു. ലോകമെങ്ങുമുള്ള ബറേല്‍വി മുസ്‌ലിംകളുടെ ആസ്ഥാന മന്ദിരമായ ബറേലി ശരീഫില്‍ നടന്ന ശരീഅ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 16ാമത് സംഗമത്തിലാണ് നിലവിലെ ഡെപ്യൂട്ടി ഗ്രാന്‍ഡ് മുഫ്തി മൗലാനാ ളിയാഉല്‍ മുസ്തഫ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100 ലധികം മുഫ്തിമാരും പണ്ഡിതരും പങ്കെടുത്ത കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് മൗലനാ അസ്ജദ് റസാഖാനെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം നിര്യാതനായ ഗ്രാന്‍ഡ് മുഫ്തി താജുശ്ശരീഅ മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരിയുടെ പുത്രന്‍ കൂടിയാണ് അസ്ജദ് റസാഖാന്‍. ഹനഫി കര്‍മശാസ്ത്ര സരണിയില്‍ അഗാധ പാണ്ഡിത്യമുള്ള മൗലാനാ അസ്ജദ് റസാഖാന്‍ ബറേല്‍വി നേതൃനിരയിലെ പ്രമുഖനും അവരുടെ പണ്ഡിത സഭയായ ജമാഅത്തെ റസായെ മുസ്തഫായുടെ അധ്യക്ഷനുമാണ്.
ബറേലിയിലെ പ്രമുഖ മത കലാലയമായ ജാമിഅത്തു റസായുടെ മേധാവി കൂടിയാണ്. നേരത്തേ പ്രിന്‍സിപ്പല്‍ പദവിയും വഹിച്ചിരുന്നു.

ബറേലി ശരീഫില്‍ ഗംഭീര ചടങ്ങില്‍ മൂന്നു ദിവസം നീണ്ട ഫിഖ്ഹി സമ്മേളനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച രാത്രി 11 ഓടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നത്. ഇതിന്റെ നടപടി ക്രമങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച അല്ലാമാ ളിയാഉല്‍ മുസ്തഫാ അല്‍ ഖാദിരി അല്‍ ഹനഫി നടത്തിയ പ്രഖ്യാപനം പണ്ഡിതസഭ തക്ബീര്‍ വിളികളോടെ സ്വീകരിച്ചു. തുടര്‍ന്ന് ഓരോരുത്തരായി അദ്ദേഹത്തിന് പിന്തുണ അറിയിച്ചു.

ഗ്രാന്‍ഡ് മുഫ്തിയായിരുന്ന മൗലാനാ മുഹമ്മദ് അഖ്തര്‍ റസാഖാന്‍ അസ്ഹരി 2018 ജൂലൈ 20നാണ് മരണപ്പെടുന്നത്. ബറേല്‍വി മൂവ്‌മെന്റിന്റെ സ്ഥാപകനായ മുജദ്ദിദ് അഹ്മദ് റസാഖാന്റെ ചെറുമകനായിരുന്നു മൗലാനാ മുഹമ്മദ് അഖ്തര്‍ റസാഖാന്‍. റോയല്‍ ഇസ്‌ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിന്റെ 2014ലെ ലോകത്തെ പ്രമുഖരായ 500 മുസ്‌ലിംകളുടെ പട്ടികയില്‍ ഇടംനേടിയ ആളായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പിന്‍ഗാമിയെ നിയമിക്കുന്ന നടപടികള്‍ നടന്നുവരികയായിരുന്നു.

മതഗ്രന്ഥങ്ങളിലുള്ള അതീവ പ്രാവീണ്യം, അഗാധമായ അറിവ്, ജീവിത വിശുദ്ധി തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഗ്രാന്‍ഡ് മുഫ്തിയെ തെരഞ്ഞെടുക്കുന്നത്. നേരത്തേ നല്‍കിയ ഫത്‌വകളും പരിശോധിക്കും. പണ്ഡിത സഭയുടെ പിന്തുണയും വേണം. നേരത്തെ തന്നെ മൗലാനാ മുഫ്തി അസ്ജദ് റസാഖാനെ നിയമിക്കുന്നതിന് ചര്‍ച്ചകള്‍ നടന്നിരുന്നു.

റജബ്, ശഅ്ബാന്‍ എന്നീ അറബ്മാസങ്ങളിലാണ് നിയമനങ്ങള്‍ നടത്തുന്ന പതിവെന്നതിനാല്‍ ഇത് നീളുകയായിരുന്നു. മൗലാനാ അഖ്തര്‍ റസാഖാന്‍ അസ്ഹരി സ്വീകരിച്ചിരുന്ന താജുശ്ശരീഅ എന്ന സ്ഥാനപ്പേര് സ്വീകരിക്കാന്‍ മുഫ്തി അസ്ജദ് റസാഖാന്‍ വിസമ്മതിച്ചു. പകരം ഖാദി അല്‍ ഖുദാത്ത് എന്ന സ്ഥാനപ്പേരാണ് സ്വീകരിച്ചത്. പ്രയോഗത്തില്‍ ഗ്രാന്‍ഡ് മുഫ്തി എന്നതിന്റെ പര്യായ പദമാണിത്.
അല്ലാമാ മുഫ്തി ശബീര്‍ ഹസന്‍, അല്ലാമാ മുഫ്തി വലി മുഹമ്മദ് നാഗോര്‍ (രാജസ്ഥാന്‍), അല്ലാമാ മുഫ്തി ശംസാദ്, അല്ലാമാ മുഫ്തി അഖ്തര്‍ ഹുസൈന്‍, അല്ലാമാ മുഫ്തി ഹബീബുല്ല, അല്ലാമാ മുഫ്തി ശഫി അഹമ്മദ് ശരീഫി, മുഫ്തി റശീഖ് ആലം, മുഫ്തി ഖാസിഫ് ഫസല്‍ അഹമ്മദ്, മുഫ്തി ആലംഗീര്‍ (രാജസ്ഥാന്‍), മുഫ്തി സയ്യിദ് ഇക്‌റാമുല്‍ ഹഖ്(മുംബൈ), മുഫ്തി അഹ്മദ് റസാ, മുഫ്തി ഖുര്‍ശിദ് ആലം, മുഫ്തി അബുല്‍ഹസം, മുഫ്തി ആസിഫ് ഹുസൈന്‍ കശ്മീരി, മുഫ്തി ശിഹാബുദ്ദീന്‍, മുഫ്തി ഉസൈര്‍ ആലം, മുഫ്തി മഹ്മൂദ് അഖ്തര്‍ (മുംബൈ) തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News