
കൊച്ചി: കത്വയില്‍ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ ആര്.എസ്.എസ് നേതാവിന്റെ മകനെതിരേ പൊലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. നെട്ടൂര്‍ കുഴിപ്പിള്ളില്‍ വീട്ടില്‍ വിഷ്ണു നന്ദകുമാറിനെതിരേ പനങ്ങാട് പൊലിസാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ സഹോദരനും ആര്.എസ്.എസ് നേതാവുമായ ഇ.എന്‍ നന്ദകുമാറിന്റെ മകനാണ് വിഷ്ണു. മതസ്പര്‍ധ വളര്‍ത്തുന്നതിന് പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് വിഷ്ണുവിനെതിരേ ചുമത്തിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ കൊട്ടക് മഹീന്ദ്ര ബാങ്ക് പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണുവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിവിധ രാഷ്ട്രീയ സംഘടനകളുടെ പരാതിയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ യുവാവിനെതിരേ രംഗത്തുവന്നിരുന്നു. അതേസമയം പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് കുടുംബസമേതം സ്ഥലത്തുനിന്നു മുങ്ങിയെന്ന് പൊലിസ് പറഞ്ഞു.