2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മോദി മാജിക് ഏശിയില്ല; ബി.ജെ.പിക്ക് വേട്ടയാടാനായത് കോണ്‍ഗ്രസിനെ മാത്രം

ഗിരീഷ് കെ നായര്‍ kgirishk@gmail.com

അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം ആഘോഷിച്ച് ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് പടക്കം പൊട്ടിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ബി.ജെ.പിക്ക് ആധികാരിക വിജയം നേടാനായോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.
സഖ്യകക്ഷിയായ ശിവസേനയാണ് മോദി മാജികിനേയും വിജയത്തെയും ചോദ്യം ചെയ്ത് രംഗത്തുവന്നത്. ഈ ചോദ്യം മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്ക് ഉന്നയിക്കാനാവാത്തത് അവരെല്ലാം പരാജയം രുചിച്ചതുകൊണ്ടാണ്.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിലും വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു.
ഒറ്റയ്ക്ക് മത്സരിച്ചാല്‍ രക്ഷപ്പെടില്ലെന്ന് അറിയാവുന്ന പാര്‍ട്ടി തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും മനസില്ലാ മനസോടെയാണ് സഖ്യത്തിനു തയാറായത്. കേരളത്തില്‍ അതു തിരിച്ചടിയായേക്കുമെന്ന് അറിയാമായിരുന്നിട്ടും പശ്ചിമബംഗാളില്‍ സി.പി.എമ്മുമായി സഖ്യമുണ്ടാക്കി. എന്നാല്‍ അവിടെയൊന്നും ഭരണത്തിലെത്താനായില്ല. സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന രണ്ടിലൊതുങ്ങുകയും ചെയ്തു. എന്നാല്‍ അറിഞ്ഞോ അറിയാതെയോ കോണ്‍ഗ്രസ്, സി.പി.എമ്മിന്റെ ഭാവിയിലേക്ക് ഒരാണി കൂടി അടിച്ചുകയറ്റുകയായിരുന്നു. സഖ്യത്തിലുണ്ടല്ലോ എന്നു കരുതി സി.പി.എം അണികള്‍ കോണ്‍ഗ്രസിനു വോട്ടുകുത്തി. എന്നാല്‍ സി.പി.എമ്മിനെ അലര്‍ജിയുള്ള കോണ്‍ഗ്രസ് അണികള്‍ അവരുടെ വോട്ട് സി.പി.എമ്മിനു കൊടുത്തില്ല. അത് മമതയ്ക്കായി. അങ്ങനെ മമതയുടെ സീറ്റും വോട്ടും കൂടി. കോണ്‍ഗ്രസിന്റെ സീറ്റും വോട്ടും കൂടി. സി.പി.എം വീണ്ടും പടുകുഴിയിലേക്ക് പതിച്ചു. ബി.ജെ.പിയുടെ വോട്ടും മമതയ്ക്ക് നേടാനായെന്ന് അവരുടെ വോട്ടുവിഹിതത്തിലെ കുറവും ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇതെല്ലാം കണ്ടും കേട്ടും നിന്ന ബി.ജെ.പി ബംഗാളിലും അസമിലും കേരളത്തിലും ജയം നേടുകയും ചെയ്തു.

കേരളത്തില്‍ നിന്നു ഭിന്നം അസം
ബി.ജെ.പിക്കു കേരളത്തില്‍ ജയം നേടാനായി എന്നു പറയാന്‍ കഴിയില്ല. കാടിളക്കിയുള്ള പ്രചാരണത്തിലും ഇരുമുന്നണികളും ഇളകിയില്ല. ജയം ഒ.രാജഗോപാലിന്റെ വ്യക്തിപ്രഭാവത്തിനു ലഭിച്ച അംഗീകാരമാണെന്നു പറയാം.
എന്നാല്‍ അസമില്‍ ദീര്‍ഘദൃഷ്ടിയോടെ നടത്തിയ തെരഞ്ഞെടുപ്പ് പഠനത്തിന്റെ വിജയമാണ് ബി.ജെ.പി നേടിയത് എന്നുകാണാം. സംസ്ഥാനത്തെ പ്രധാന കക്ഷികളായ ബോഡോ വംശത്തെ ഒന്നായി ചാക്കിലാക്കി. മുസ്‌ലിം ജനവിഭാഗത്തെ ഒന്നാകെ നേടി ബദറുദ്ദീന്‍ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് ആണ് കോണ്‍ഗ്രസിന്റെ പതനം പൂര്‍ത്തിയാക്കിയത്.
ബി.ജെ.പിയുടെ സ്വീകാര്യതയേക്കാള്‍ രാഷ്ട്രീയ തന്ത്രജ്ഞതയാണ് ആ പാര്‍ട്ടിക്ക് ഗുണമായതെന്നാണ് അസമിലെ ഫലം നല്‍കുന്ന സൂചന. ബിഹാറില്‍ അധികാരത്തില്‍ വരാന്‍ നിതീഷ്‌കുമാര്‍ പയറ്റിയ അതേ അടവായിരുന്നു ഇത്. പി.ഡി.പിയെ സഖ്യത്തിലാക്കി കശ്മിരില്‍ ഭരണം കൈയാളുന്ന ബി.ജെ.പിക്ക് അസമില്‍ നേടാനായത് വന്‍മുന്നേറ്റമാണ്. ന്യൂനപക്ഷ സംസ്ഥാനമായ അസം കൈപ്പിടിയിലൊതുക്കിയ ബി.ജെ.പി കേരളത്തിലേക്ക് അതിന്റെ മാറ്റൊലി വളര്‍ത്താനുള്ള ശ്രമത്തിലുമാണ്. എന്നാല്‍ ആ പരിപ്പ് ഇവിടെ വേവില്ലെന്ന് പ്രബുദ്ധരായ ജനത അവര്‍ക്ക് സന്ദേശം നല്‍കിക്കഴിഞ്ഞു.

തമിഴ്‌നാട്ടില്‍ ജയ ഹോ
തമിഴ്‌നാട്ടില്‍ ജയലളിതയുടെ വിജയത്തെ ഒറ്റവാക്കില്‍ ഒരു ദേശീയ മാധ്യമം വിലയിരുത്തിയത് ജയഹോ എന്നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുതന്നെ സംസ്ഥാനത്ത് പഞ്ചകോണ മത്സരമാകും ഉണ്ടാവുക എന്ന സൂചനയുണ്ടായിരുന്നു. അധികാര ഭ്രാന്തും ജയലളിതയെപ്പോലെയാവാനുള്ള അത്യാഗ്രഹവും മൂത്ത ക്യാപ്റ്റന്‍ വിജയകാന്തും രാംദോസും വൈകോയും കരുണാനിധിക്കൊപ്പം ജയലളിതയെ ജയിപ്പിക്കുകയായിരുന്നു. ഇവിടെ ബി.ജെ.പി വെറും കാഴ്ചക്കാരന്റെ റോളിലായിരുന്നു. സംസ്ഥാനത്തെ ഒരു പാര്‍ട്ടിയും ഈ ദേശീയ കക്ഷിയെ കൂടെക്കൂട്ടിയില്ല.
അതേസമയം തങ്ങളുടെ അടിവേരു ദ്രവിച്ചിരിക്കുകയാണെന്ന് മനസിലാക്കിയ ഡി.എം.കെ അതേ നിലയിലുള്ള കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചു. സാധാരണ നിലയില്‍ കോണ്‍ഗ്രസ് ഒരു ദ്രാവിഡ കക്ഷിയോടു സഖ്യം പ്രഖ്യാപിച്ചാല്‍ ഇപ്പുറത്ത് ബി.ജെ.പി മറ്റേ ദ്രാവിഡ കക്ഷിയെ ചൂണ്ടയിട്ടുപിടിക്കാറായിരുന്നു പതിവ്. ജയലളിതയെ പാട്ടിലാക്കാന്‍ മോദി വഴിയും അമിത്ഷാ വഴിയും നടത്തിയ ബി.ജെ.പിയുടെ ശ്രമങ്ങളെല്ലാം പാളി. ഫലത്തില്‍ ബി.ജെ.പിയെ പാളയത്തിലൊതുക്കിയതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനും ഡി.എം.കെയ്ക്കുമല്ല, ജയലളിതയ്ക്കായി.
അണ്ണാ ഡി.എം.കെയും ഡി.എം.കെയും ബി.ജെ.പിയും വൈകോയും രാംദോസും ഭിന്ന ചേരികളില്‍ അണിനിരന്ന് വോട്ടര്‍മാരെ വലച്ചപ്പോള്‍ കേഡര്‍ വോട്ടുകള്‍ ഉണ്ടെന്നു കരുതുന്ന അമ്മ ഫലത്തില്‍ വീണ്ടും അധികാരത്തിലെത്തി. ദ്രാവിഡ കക്ഷികള്‍ തെരഞ്ഞെടുപ്പുകള്‍ തോറും മാറിമാറി അധികാരം പങ്കിടുന്ന ‘യോ യോ പോളിടിക്‌സ്’ ആയിരുന്നു തമിഴ്‌നാട്ടില്‍. ആ ചരിത്രം തിരുത്തിയാണ് ജയ അധികാരത്തിലെത്തിയത്. ഡി.എം.കെയിലെ മക്കള്‍ രാഷ്ട്രീയവും അഴിമതിയും കോണ്‍ഗ്രസിലെ ദേശീയ വിഴുപ്പലക്കലും എല്ലാംകൂടി ചേര്‍ന്നപ്പോള്‍ ജയലളിതയ്ക്ക് ഫലത്തില്‍ എതിരാളി ഇല്ലാതാവുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.