2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മോദി പാക് പ്രധാനമന്ത്രിയെ പോലെയെന്ന് കെജ്‌രിവാള്‍

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പുതിയൊരു യുദ്ധമുഖം തുറന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍. പാക് പ്രധാനമന്ത്രി നടത്തുന്ന വിമര്‍ശനം പോലെയുള്ള വിമര്‍ശനവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡല്‍ഹി ആന്ധ്രാ ഭവനില്‍ നടത്തിയ ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഒരു പ്രധാനമന്ത്രി എന്നുപറഞ്ഞാല്‍ അത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ആ സ്ഥാനത്തിരിക്കുന്ന ആള്‍ പാര്‍ട്ടിയുടെ മാത്രം പ്രധാനമന്ത്രിയായിരിക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെത്തുമ്പോള്‍ അദ്ദേഹം ആ സംസ്ഥാനം ഇന്ത്യയിലുള്ളതല്ലെന്ന രീതിയിലാണ് സംസാരിക്കുന്നത്. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, അല്ലാതെ പാക് പ്രധാനമന്ത്രിയല്ലെന്ന് ഓര്‍ക്കണമെന്നും കെജ്്‌രിവാള്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു.
പ്രത്യേക പാക്കേജിനായി ആന്ധ്രാ മുഖ്യമന്ത്രിക്ക് ഡല്‍ഹിയില്‍വന്ന് സമരം നടത്തേണ്ടി വരുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് തന്നെ കളങ്കമാണ്. ആന്ധ്രക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിനു പകരം ആഗോളതലത്തിലെ കാര്യങ്ങള്‍ പറയുകയും ജനങ്ങളില്‍ നുണ അടിച്ചേല്‍പ്പിക്കുകയുമാണ് മോദി ചെയ്യുന്നത്.
എന്താണോ മോദി പറയുന്നത്, അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ഒരിക്കലും തയാറാകുന്നില്ല. ആന്ധ്രയിലെത്തി തിരുപ്പതി ക്ഷേത്രത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി, എന്നാല്‍ ഇത് നടപ്പാക്കാന്‍ പോലും തയാറായിട്ടില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
ആന്ധ്രക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് രാജനീതി നടപ്പാക്കാന്‍ മോദി തയാറാകണമെന്ന് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു.
ആന്ധ്രാ വിഭജന സമയത്ത് പ്രത്യേക പാക്കേജ് നല്‍കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ അത് നടപ്പാക്കാന്‍ പ്രധാനമന്ത്രി തയാറായില്ല. ഈ സാഹചര്യത്തില്‍ ആന്ധ്രയിലെ ജനങ്ങള്‍ മോദിയെ പാഠം പഠിപ്പിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.