2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

മോദി പറഞ്ഞ കള്ളപ്പണം എവിടെയെന്ന് മന്‍മോഹന്‍ സിങ്

 

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി മോദി പറഞ്ഞ കള്ളപ്പണം എവിടെയെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. 2016 നവംബര്‍ 8ന് രാത്രി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് കള്ളപ്പണം പിടിക്കാനെന്ന് പറഞ്ഞായിരുന്നു.
എന്നാല്‍ 99.3 ശതമാനത്തിലധികം അസാധു നോട്ടുകളും തിരികെയെത്തിയെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ മോദി പറഞ്ഞ കള്ളപ്പണം എവിടെയാണെന്ന് വ്യക്തമാക്കണമെന്നും മുന്‍പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയം രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന രൂക്ഷ വിമര്‍ശനവും മന്‍മോഹന്‍ സിങ് നടത്തി.
രാജ്യത്ത് യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു അധികാരത്തില്‍ കയറുമ്പോള്‍ മോദി പറഞ്ഞിരുന്നത്. എന്നാല്‍ നാല് വര്‍ഷത്തിലധികമായി ഭരണം തുടരുന്ന സര്‍ക്കാര്‍ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കള്ളനോട്ട് പിടിക്കാനെന്നുപറഞ്ഞ് നോട്ട് നിരോധനം നടപ്പാക്കിയതിലൂടെ എന്ത് നേട്ടമാണ് സര്‍ക്കാരിനുണ്ടായത്.
ഏകീകൃത ചരക്കു നികുതി നടപ്പാക്കിയത് തെറ്റായ രീതിയിലാണ്. അതുകൊണ്ടാണ് ഇതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ഇപ്പോഴും ലഭിക്കാത്തതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് തുടങ്ങിയവയുടെ സാധ്യതകള്‍ വ്യാവസായിക രംഗത്ത് ഇതുവരെ ഒരുതരത്തിലുള്ള ചലനവും ഉണ്ടാക്കിയിട്ടില്ല. സാമ്പത്തിക പരിഷ്‌കരണത്തിലൂടെ രാജ്യത്തെ നശിപ്പിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്.
അയല്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കഴിഞ്ഞ നാല് വര്‍ഷമായി മോശം അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.