
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദലിത് വിരുദ്ധ ചിന്തയുള്ളയാളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ദലിതുകള്‍ അക്രമിക്കപ്പെടുകയും അടിച്ചമര്ത്തപ്പെടുകയുമാണെന്ന് രാഹുല്‍ പറഞ്ഞു. എസ്.സി-എസ്.ടി നിയമവുമായി ബന്ധപ്പെട്ട് ദലിത് സംഘടനകള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ റാലിയില്‍ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കോ ആര്.എസ്.എസിനോ ദലിതുകളുടെ പുരോഗതിയോട് താല്പര്യമില്ല. പ്രധാനമന്ത്രിയുടെ മനസില്‍ തങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ദലിതുകള്‍ക്കും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കും അറിയാം. അതിനാലാണ് അദ്ദേഹത്തിനെതിരേ ഞങ്ങള്‍ നിലനില്‍ക്കുന്നത്. 2019 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടും. ദലിതരേയും സമൂഹത്തിലെ ബലഹീനരുമായ ജനങ്ങളേയും ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കും. ദലിത് പീഡന വിരുദ്ധ നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. ഈ നിയമത്തിനെതിരേ രംഗത്തെത്തിയ ജഡ്ജിക്ക് മോദി സര്‍ക്കാര്‍ പാരിതോഷികം നല്‍കിയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. എ.കെ ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ തലവനായി നിയമിച്ച നടപടിയെ പരാമര്‍ശിക്കുകയായിരുന്നു രാഹുല്‍. ദലിതര്‍ പുരോഗതിയിലേക്ക് കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ ബി.ജെ.പി സര്‍ക്കാരുകള്‍ അതിനെ അടിച്ചമര്‍ത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തിനെതിരേ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ രംഗത്തെത്തി. മണ്ഡല് കമ്മിഷനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത് രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കണ്ണിറുക്കലില്‍ നിന്നും പാര്‍ലമെന്റിനെ തടസപ്പെടുത്തുന്നതില്‍ നിന്നും സമയം ലഭിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വസ്തുതകള്‍ പരിശോധിക്കണമെന്ന് അമിത്ഷാ ട്വീറ്റ് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ രാഹുല്‍ ഗാന്ധി കണ്ണിറുക്കിയതിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതിനെയും സൂചിപ്പിക്കുകയാരുന്നു അദ്ദേഹം.