2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മോദി കേരളത്തിലെത്തിയത് ആര്‍.എസ്.എസ് പ്രചാരകനായി: ഡി രാജ

പാലക്കാട്: പ്രധാനമന്ത്രിയായി കേരളത്തിലെത്തി ജനങ്ങളോട് വോട്ടഭ്യര്‍ഥിക്കേണ്ട മോദി ഇവിടെ പ്രചാരണം നടത്തിയത് ആര്‍.എസ്.എസ് പ്രചാരകനായാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ. മോദി കേരളത്തിലെത്തിയത് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വത്തെ കളിയാക്കുന്നതിനും ആര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുന്നതിനുമായിരുന്നുവെന്നും ഡി രാജ കുറ്റപ്പെടുത്തി. പാലക്കാട് പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് പാര്‍ലമെന്റില്‍ വിരലിലെണ്ണാവുന്ന സീറ്റേയുള്ളൂവെന്ന് അഹങ്കാരത്തോടെ പറയുന്ന മോദി രണ്ട് അംഗങ്ങളുമായി പാര്‍ലമെന്റില്‍ ഇരുന്ന ബി.ജെ.പിയുടെ കാര്യം മറന്നുവോയെന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ കക്ഷിയായിട്ടല്ല ബി.ജെ.പി പാര്‍ലമെന്റ് ഭരിക്കുന്നത് എന്നത് ഓര്‍ക്കണം. ഭിന്നിച്ചുനിന്ന കക്ഷികളാണ് മോദിക്ക് വിജയം സമ്മാനിച്ചതെന്നും അദ്ദേഹം ഓര്‍ക്കുന്നത് നന്ന്. കേരളത്തില്‍ കലാപമാണെന്നും അക്രമമാണെന്നും പ്രസംഗിക്കുന്ന മോദി 2002ലെ ഗുജറാത്ത് കലാപത്തെ മറന്നുപോയോ എന്നും രാജ ചോദിച്ചു. അന്ന് മോദിക്ക് മുന്നറിയിപ്പ് നല്‍കിയത് വാജ്‌പേയി ആയിരുന്നു. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം തുടരെ ലഭിച്ചുകൊണ്ടിരിക്കുന്ന പരാജയങ്ങളും മോദിയെ ചിന്തിപ്പിക്കുന്നില്ല.
അഗസ്റ്റാ വെസ്റ്റ്‌ലാന്റ് വിഷയത്തില്‍ മോദിയും കോണ്‍ഗ്രസും അഴിമതി ഉണ്ട് എന്ന് സമ്മതിക്കുമ്പോള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷണം നടത്തണമെന്നാണ് ഇടതുകക്ഷികള്‍ ആവശ്യപ്പെട്ടത്. മാത്രമല്ല ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാവണം. സി.ബി.ഐ അന്വേഷണമെന്നും ഇടതുകക്ഷികള്‍ ആവശ്യപ്പെട്ടത് മോദി മറക്കരുതെന്നും രാജ അനുസ്മരിച്ചു.
കേരളത്തിലെത്തുന്ന ബി.ജെ.പി നേതാക്കള്‍ വര്‍ഗീയ കലാപത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് അവസാനിപ്പിക്കണമെന്നും ബി.ജെ.പിയുടെ ഇത്തരം നയങ്ങള്‍ കേരളത്തില്‍ വില പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോടികളാണ് മാറ്റിവച്ചിരിക്കുന്നത്. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ അത് ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി അഞ്ചുവര്‍ഷം തള്ളിനീക്കുകയായിരുന്നു. ഭരിച്ചു എന്ന് പറയാനാവില്ല. വികസനം കൊണ്ടുവന്നു എന്ന് ഇപ്പോള്‍ പറയുന്നു. ഏത് മേഖലയില്‍ വികസനം എന്നു പറയാന്‍ അദ്ദേഹം തയ്യാറാവണം. വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് പൊതുമേഖലയിലുണ്ടായ വളര്‍ച്ച എത്രയാണെന്നും എന്താണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം. കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മുമ്പത്തെക്കാള്‍ എണ്ണം കൂടുന്നതല്ലാതെ നിയന്ത്രിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. ഐ.റ്റി മേഖലയില്‍ എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചുവെന്നും യു.ഡി.എഫ് വ്യക്തമാക്കിയിട്ടില്ല. ഈ മേകലയില്‍ പരാജയമല്ലാതെ എന്ത് വികസനമാണ് സംഭവിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കണം. പെരുമ്പാവൂര്‍ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് എല്‍.ഡി.എഫ് തയ്യാറാവില്ലെന്നും കുറ്റവാളികളെ പിടികൂടുന്നതിന് നടപടികള്‍ ശക്തമാക്കണമെന്നും ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.