2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മോദിയെ വിമര്‍ശിച്ച ഐ.പി.എസുകാരന്‍ സഞ്ജിവ് ഭട്ട് അറസ്റ്റില്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ശക്തമായ വിമര്‍ശനം നടത്തുന്ന മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജിവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി അറസ്റ്റ് ചെയ്തു. 22 വര്‍ഷം പഴക്കമുള്ള ഒരു കേസ് പൊടിതട്ടിയെടുത്താണ് അറസ്റ്റ്്. ഭട്ടിന് പുറമെ ഏഴ് മുന്‍ പൊലിസുകാരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വ്യാജ മയക്കുമരുന്ന് കേസില്‍ അഭിഭാഷകനായ സുമര്‍സിങ് രാജ് പുരോഹിതിനെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

കേസിനാസ്പദമായ സംഭവം നടന്ന 1996ല്‍ ബനസ്‌കന്ദ ജില്ലാ പൊലിസ് മേധാവിയായിരുന്നു സഞ്ജിവ് ഭട്ട്. ഒരു കിലോയോളം വരുന്ന ലഹരി വസ്തുക്കള്‍ സുമര്‍സിങ് താമസിച്ചിരുന്ന പാലന്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയെന്നുമായിരുന്നു കേസ്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിക്കെതിരേ നിലപാടെടുത്ത സഞ്ജിവ് ഭട്ടിനെ ജോലിയില്‍ നിന്ന് അനധികൃതമായി വിട്ടുനിന്നുവെന്ന് ചൂണ്ടിക്കാട്ടി 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിരിച്ചുവിടുകയായിരുന്നു. തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാതിരിക്കുകയും ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് കാണിച്ച് 2011 മുതല്‍ അദ്ദേഹം സസ്‌പെന്‍ഷനിലായിരുന്നു. ബി.ജെ.പിയേയും പ്രധാന മന്ത്രി യേയും സമൂഹ മാധ്യമങ്ങള്‍ വഴി രൂക്ഷമായ വിമര്‍ശനം നടത്തുന്ന വ്യക്തിയാണ് സഞ്ജിവ് ഭട്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.