2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ലേഖനം എഴുതിയയാളുടെ പൗരത്വ കാര്‍ഡ് റദ്ദാക്കി

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ടൈം മാഗസിനില്‍ ലേഖനം എഴുതിയ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആതിഷ് തസീറിന്റെ പൗരത്വ കാര്‍ഡ് സര്‍ക്കാര്‍ റദ്ദാക്കി. ആതിഷ് തസീറിന്റെ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡാണ് റദ്ദാക്കിയത്. പിതാവ് ജനിച്ചസ്ഥലം ആതിഷ് വ്യക്തമാക്കിയിരുന്നില്ല. ഇദ്ദേഹത്തിന്റെ പിതാവ് പാകിസ്താനില്‍ ജനിച്ചയാളാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആഭ്യന്തര മന്ത്രാലയം പൗരത്വ കാര്‍ഡ് റദ്ദാക്കിയത്.
ഇന്ത്യക്കാരിയായ തവ്‌ലീന്‍ സിങ്ങിന്റെയും പാകിസ്താന്‍ സ്വദേശി സല്‍മാന്‍ തസീറിന്റെയും മകനാണ് ആതിഷ് തസീര്‍. ലണ്ടനില്‍ ജനിച്ച ഇദ്ദേഹം ഇന്ത്യയിലാണ് വളര്‍ന്നത്. പൗരത്വ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ പിതാവിന്റെ ജനനസ്ഥലം ആതിഷ് മറച്ചുവച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. ഇതിനുള്ള വിശദീകരണം ചോദിച്ചിരുന്നു. ഇത് സമര്‍പ്പിക്കുന്നതില്‍ അദ്ദേഹം വീഴ്ചവരുത്തി. എന്നാല്‍ മറുപടി നല്‍കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്നും ആസൂത്രിതമായ നടപടിയാണിതെന്നും ആതിഷ് പ്രതികരിച്ചു. മോദിക്കെതിരേ ലേഖനം എഴുതിയതിന്റെ പേരില്‍ തീവ്രവാദിയെന്ന് ആരോപിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. ഇപ്പോള്‍ പൗരത്വ കാര്‍ഡും റദ്ദാക്കി. രണ്ട് മുതല്‍ പത്തുവയസുവരെയും 26 മുതല്‍ 35 വയസുവരെയും താന്‍ ഇന്ത്യയില്‍ താമസിച്ചിരുന്നു. പ്രാദേശിക ബാങ്കില്‍ അക്കൗണ്ടുണ്ട്. ഇന്ത്യയില്‍ നികുതി അടയ്ക്കുന്നുണ്ട്. പിതാവിന്റെ പേര് കാര്‍ഡിലുണ്ടായിരുന്നു. അദ്ദേഹവുമായി ബന്ധമില്ല. അതിനാല്‍ പിതാവിനെ തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമായിരുന്നില്ല. മാതാവ് അദ്ദേഹത്തിനൊപ്പമല്ല ജീവിക്കുന്നതെന്നും ആതിഷ് പറഞ്ഞു.
നരേന്ദ്രമോദി ഭിന്നിപ്പിന്റെ നായകന്‍ എന്ന പേരില്‍ ഈ വര്‍ഷം മെയില്‍ ആതിഷിന്റെ ലേഖനം ടൈം മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഓവര്‍സിസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്

ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ സഞ്ചരിക്കാനും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം അനിശ്ചിതമായി നല്‍കുന്ന പൗരത്വ സംവിധാനമാണ് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡ്. ഇന്ത്യയില്‍ താമസിക്കുന്നവരുടേതല്ലാത്ത എല്ലാ അവകാശങ്ങളും ഇവര്‍ക്കുണ്ട്. യു.കെ പൗരനായ തസീറിന് 2015 വരെ ഇന്ത്യന്‍ വംശജന്‍ എന്ന കാര്‍ഡുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ഗവണ്‍മെന്റ് ഇത് ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസണ്‍ കാര്‍ഡുമായി ബന്ധിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.