
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് ബുക്കില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ്. ഏറ്റവും കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയെന്ന റെക്കോഡിന് മോദി അര്‍ഹനാണെന്നും തങ്ങളുടെ അപേക്ഷ പരിഗണിക്കണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം.ഗോവന്‍ കോണ്‍ഗ്രസ് ഘടകം ഔദ്യോഗികമായി തന്നെയാണ് കത്തയച്ചിരിക്കുന്നത്. നരേന്ദ്ര മോദിയെ ലോക റെക്കോഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചതില്‍ തങ്ങള്‍ സന്തോഷവാന്മാരാണെന്ന് ഗോവന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സങ്കല്‍പ്പ് അമോന്‍കര്‍ അറിയിച്ചു. മോദി ശരിക്കും അതിന് അര്‍ഹനാണെന്നും ഇന്ത്യയുടെ പൊതുമുതല്‍ ഉപയോഗിച്ച് നാല് വര്‍ഷത്തിനിടെ 52 രാജ്യങ്ങളില്‍ 41 യാത്രകള്‍ നടത്താന്‍ അദ്ദേഹത്തിനായെന്നും സങ്കല്‍പ്പ് പറഞ്ഞു. ഇക്കാലയളവില്‍ അദ്ദേഹം 335 കോടി രൂപ തന്റെ യാത്രകള്‍ക്കായി ഉപയോഗിച്ചെന്നത് അഭിമാനകരമാണെന്നും അദ്ദേഹം ബ്രിട്ടണിലെ ഗിന്നസ് അധികൃതര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
നരേന്ദ്ര മോദി ഇന്ത്യയിലെ വരുംതലമുറകള്‍ക്ക് മാതൃകയാണ്. രാജ്യത്തെ ഒരൊറ്റ പ്രധാനമന്ത്രിയും തന്റെ ഭരണകാലയളവില്‍ ഇത്രയും യാത്ര ചെയ്തിട്ടില്ല. തന്റെ ഭരണകാലത്ത് അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയെ അതിന്റെ വിനിമയ മൂല്യം 69.03ലേക്ക് താഴ്ത്തി ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയാക്കാനും മോദിക്ക് സാധിച്ചുവെന്നും സങ്കല്പ് അമോന്‍കര്‍ പറഞ്ഞു.