2020 February 21 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മോദിയുടെ സാന്നിധ്യത്തിലും പ്രതിഷേധം

പാര്‍ലമെന്റ് സ്തംഭനം തുടരുന്നു, പ്രധാനമന്ത്രിയുടെ മറുപടിയും വോട്ടിങ്ങോടെ ചര്‍ച്ചയും വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ ചൊല്ലിയുള്ള ബഹളം കാരണം പാര്‍ലമെന്റിന്റെ പന്ത്രണ്ടാം ദിവസവും ബഹളത്തില്‍ മുങ്ങി. ലോക്‌സഭയില്‍ വോട്ടിങ്ങോടു കൂടി ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഇന്നലെയും ഉറച്ചുനിന്നതാണ് സഭ സ്തംഭിക്കാന്‍ കാരണമായത്.
രാവിലെ ബഹളത്തെ തുടര്‍ന്നു പിരിഞ്ഞ സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം ഇതേ ആവശ്യം ഉന്നയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ഓരോ ദിവസവും പുറത്തിറങ്ങുന്ന പുതിയ ഉത്തരവുകളില്‍ ജനം ആശയക്കുഴപ്പത്തിലാണെന്നും ഇത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു, സി.പി.എം, സി.പി.ഐ, തൃണമൂല്‍ അംഗങ്ങളും കോണ്‍ഗ്രസിനു പിന്തുണയുമായി രംഗത്തുവന്നു.
കള്ളപ്പണക്കാര്‍ക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും നരേന്ദ്ര മോദിക്കൊപ്പം നില്‍ക്കുമ്പോള്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാകുന്നില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. ചര്‍ച്ച തുടങ്ങാമെന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞപ്പോള്‍ വോട്ടിങ്ങോടെയുള്ള ചര്‍ച്ച എന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു.
ചോദ്യോത്തര വേളയായപ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഭയിലെത്തി. തുടര്‍ന്നും ബഹളം രൂക്ഷമായി.
രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് പ്രതിപക്ഷബഹളം ഉണ്ടായത്. സഭ ചേര്‍ന്നപ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി യാത്രചെയ്ത വിമാനം ഇറങ്ങുന്നതുസംബന്ധിച്ചും ആദായ നികുതി ഭേദഗതി ബില്ല് ധനബില്ലാക്കി അവതരിപ്പിച്ചതിനെ ചൊല്ലിയുമുള്ള വാദപ്രതിവാദങ്ങള്‍ക്കു ശേഷം ചോദ്യോത്തര വേളയിലേക്കു കടന്നപ്പോഴാണ് മോദിയുടെ വരവ്. പ്രതിപക്ഷം കള്ളപ്പണത്തെ പിന്തുണയ്ക്കുകയാണെന്ന മോദിയുടെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിമര്‍ശിച്ചു. ബാങ്കുകളിലും എ.ടി.എമ്മുകളിലും പണമില്ലാത്ത അവസ്ഥയാണ്.
വരിനില്‍ക്കുന്നതിനിടെ 80ലേറെ പേര്‍ മരിച്ചു. പ്രധാനമന്ത്രി തങ്ങളെ കേള്‍ക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിമര്‍ശകര്‍ക്കു രാജ്യദ്രോഹ മുദ്ര ചുമത്തിക്കൊടുക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ടെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.
നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി സഭയ്ക്കു പുറത്തുമാത്രമാണ് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. പ്രധാനമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കുന്നതാണെന്നും ഡെറിക് ഒബ്രിയന്‍ ആരോപിച്ചു. പ്രതിപക്ഷത്തിനെതിരായ ആരോപണത്തില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടുത്തളത്തിലിറങ്ങിയതോടെ ബഹളം രൂക്ഷമായി. 60 വര്‍ഷത്തെ ദുര്‍ഭരണത്തിന് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന മന്ത്രി വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശവും പ്രതിപക്ഷ ബഹളം രൂക്ഷമാക്കി.

 

 

 

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News