2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദിക്ക് മറുപക്ഷം തേടുമ്പോള്‍

 

ആള്‍ബലംകൊണ്ടല്ല ഇടതുപക്ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയം അളക്കാറുള്ളത്. 40 എം.പിമാരുടെ വലുപ്പമായിരുന്നില്ല നെഹ്‌റുവിയന്‍ കാലത്ത് എ.കെ.ജിക്ക് ഉണ്ടായിരുന്നത്. സ്വന്തം സംസ്ഥാനത്ത് 10 വോട്ട് ഉണ്ടായിരുന്നതുകൊണ്ടല്ല ഹര്‍കിഷന്‍ സിങ് സുര്‍ജിത് ദേശീയ രാഷ്ട്രീയത്തില്‍ കിങ്‌മേക്കറായി വിരാജിച്ചത്. ജ്യോതിബസുവിന് പ്രധാനമന്ത്രി പദം വെച്ചുനീട്ടിയതും എണ്ണപ്പെരുപ്പം കണ്ടായിരുന്നില്ല. ഇപ്പോള്‍ സീതാറാം യെച്ചൂരിക്ക് കിട്ടുന്ന പരിഗണനയും ആന്ധ്രയിലെ ആള്‍ബലത്തിന്റെ പേരിലല്ല.

പി.പി മൂസ 9539684300

സംഘ്പരിവാറിന്റെ രാക്ഷസക്കൈകള്‍ രാജ്യത്തിനുമേല്‍ അനുനിമിഷം വരിഞ്ഞുമുറുകുകയാണ്. പരിമിതമായ പൗരാവകാശങ്ങള്‍പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ. എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ഏതു മാര്‍ഗവും എന്ന ധാര്‍ഷ്ട്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയല്ല ഗൗരി ലങ്കേഷ്. ഈ നില തുടര്‍ന്നാല്‍, രാഷ്ട്രശില്പികള്‍ ജീവവായുവായി കൊളുത്തിവച്ച ജനാധിപത്യവും മതേതരത്വവും ഊര്‍ധ്വന്‍ വലിക്കാന്‍ അധികകാലം വേണ്ട. 

 

വ്യാപകമായിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയും അതുവഴിയുള്ള അരുംകൊലകളും ആസന്നമായ വിനാശത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാജ്യവും ജനങ്ങളും അകപ്പെട്ട ദുഃസ്ഥിതിയില്‍നിന്നു രക്ഷ നേടാന്‍ മറു മാര്‍ഗമെന്ത് എന്ന് രാജ്യസ്‌നേഹികള്‍ ചിന്തിച്ചുതുടങ്ങേണ്ട സമയം അതിക്രമിച്ചു.
നരേന്ദ്രമോദി സര്‍ക്കാരിനെ അതിജയിക്കാന്‍ രണ്ടു മാര്‍ഗങ്ങളാണ് മുന്നില്‍. ഒന്ന് ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള അതിശക്തമായ പ്രക്ഷോഭങ്ങള്‍. അതിനുള്ള ഘടകങ്ങള്‍ ഒട്ടനവധി ഇപ്പോള്‍തന്നെ ഒത്തിണങ്ങിയിട്ടുണ്ട്. വിലക്കയറ്റം, കര്‍ഷക ആത്മഹത്യ, സാമ്പത്തിക തകര്‍ച്ച, ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം, ന്യൂനപക്ഷ-ദലിത് പീഡനം, അഴിമതി തുടങ്ങിയ പട്ടിക നീണ്ടതാണ്. എന്നാല്‍, അത്തരമൊരു വന്‍ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശേഷി പ്രതിപക്ഷ കക്ഷികള്‍ക്കില്ല. നോട്ടുനിരോധനകാലത്ത് രാജ്യം അത് തിരിച്ചറിഞ്ഞതാണ്.

രണ്ടാമത്തെ വഴി ബാലറ്റാണ്. രാജ്യം മുമ്പും അവലംബിച്ചിട്ടുള്ളത് ഈ മാര്‍ഗമാണ്. രാഷ്ട്രീയ പ്രബുദ്ധരെന്ന് ഊറ്റം കൊള്ളാറുള്ള കേരളീയരേക്കാള്‍ ഇക്കാര്യത്തില്‍ മികവ് കാണിക്കാറ് നിരക്ഷരരെന്ന് നമ്മള്‍ ആക്ഷേപിക്കാറുള്ള ഉത്തരേന്ത്യയിലെ പട്ടിണിപ്പാവങ്ങളാണ്. 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ രാജ്യം അതിന് സാക്ഷിയായി. പക്ഷേ, ഈയിടെ ഉത്തര്‍പ്രദേശിലും മറ്റും നടന്ന തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതുപോലെ യാതൊരു ഗൃഹപാഠവുമില്ലാതെയാണ് 2019ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കില്‍ ഫലമറിയാന്‍ ബാലറ്റ് പെട്ടി തുറന്നു നോക്കേണ്ട ആവശ്യം വരില്ല!
നാഥനില്ലാത്ത കോണ്‍ഗ്രസ്സും നേതാക്കള്‍ മാത്രമുള്ള ഈര്‍ക്കിള്‍ പാര്‍ട്ടികളുമാണ് പ്രതിപക്ഷത്തിന്റെ ശാപം. ജാതിബലമുള്ള പ്രാദേശിക കക്ഷികളാവട്ടെ തമ്മില്‍ത്തല്ലി സ്വയം ശവക്കുഴി തോണ്ടുകയുമാണ്. വല്ലപ്പോഴും മുഖം കാട്ടുന്ന വിനോദസഞ്ചാരിയുടെ പ്രതിഛായയില്‍നിന്ന് പുറത്തുകടക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. മുമ്പൊക്കെ നെഹ്‌റു കുടുംബം കോണ്‍ഗ്രസിന് ഒരു മുതല്‍ക്കൂട്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ബാധ്യതയായെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പോലും അടക്കം പറഞ്ഞുതുടങ്ങിയിരിക്കുന്നു. എന്നാല്‍, രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം ഇപ്പോഴും അവര്‍ക്കില്ല.
ഇടതുപക്ഷത്തിന്റെ അവസ്ഥ തുലോം വ്യത്യസ്തമാണ്. നേതാക്കളല്ല അവരുടെ പ്രശ്‌നം, നയസമീപനങ്ങളാണ്. അത് ഊരാക്കുടുക്കായി അവരെ തന്നെ വരിഞ്ഞുമുറുക്കുകയാണ്. മരങ്ങള്‍ കാണുമെങ്കിലും കാടുകാണാത്ത അവസ്ഥ.

ആള്‍ബലംകൊണ്ടല്ല ഇടതുപക്ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയം അളക്കാറുള്ളത്. 40 എം.പിമാരുടെ വലുപ്പമായിരുന്നില്ല നെഹ്‌റുവിയന്‍ കാലത്ത് എ.കെ.ജിക്ക് ഉണ്ടായിരുന്നത്. സ്വന്തം സംസ്ഥാനത്ത് 10വോട്ട് ഉണ്ടായിരുന്നതുകൊണ്ടല്ല ഹര്‍കിഷന്‍ സിങ് സുര്‍ജിത് ദേശീയ രാഷ്ട്രീയത്തില്‍ കിങ്‌മേക്കറായി വിരാജിച്ചത്. ജ്യോതിബസുവിന് പ്രധാനമന്ത്രി പദം വെച്ചുനീട്ടിയതും എണ്ണപ്പെരുപ്പം കണ്ടായിരുന്നില്ല. ഇപ്പോള്‍ സീതാറാം യെച്ചൂരിക്ക് കിട്ടുന്ന പരിഗണനയും ആന്ധ്രയിലെ ആള്‍ബലത്തിന്റെ പേരിലല്ല. അഭിപ്രായ രൂപീകരണത്തില്‍ ഇടതുപക്ഷത്തിനുള്ള നിര്‍ണായക പങ്ക് അവരുടെ കൊടിയ ശത്രുക്കള്‍പോലും നിഷേധിക്കുമെന്ന് തോന്നുന്നില്ല. സംഘ്പരിവാര ശക്തികള്‍ ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണുന്നതും അതുകൊണ്ടുതന്നെയാണ്. ഇടതുപക്ഷം എന്നു പറയുമ്പോള്‍ അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സോഷ്യലിസ്റ്റുകളും ലിബറല്‍ പ്രസ്ഥാനങ്ങളും അതിന്റെ നിര്‍വചനങ്ങളില്‍പെടും. ഇവരോടൊപ്പം രാജ്യത്തെ കലാ, സാംസ്‌കാരിക സാമൂഹിക സാഹിത്യ ചിന്തകര്‍കൂടി ചേര്‍ന്ന് ആശയതലത്തില്‍ വന്‍ പ്രതിരോധനിര ഉയര്‍ത്തിയപ്പോഴൊക്കെ ജനങ്ങള്‍ രാജ്യത്തിന്റെ ദിശ മാറ്റിയിട്ടുമുണ്ട്.

1977-ലെ പൊതുതെരഞ്ഞെടുപ്പില്‍ മാത്രമല്ല 1989ലും 2004ലും ജനങ്ങള്‍ ഈവിധം ഉയിര്‍ത്തെഴുന്നേറ്റ് രാജ്യത്തിന്റെ തലക്കുറി തിരുത്തി. 1984-ല്‍ നാനൂറിലേറെ സീറ്റുകളുമായി അധികാരത്തിലേറിയ രാജീവ് ഗാന്ധിയെയാണ് അഞ്ചുവര്‍ഷത്തിനുശേഷം ഒരു കൊച്ചുപാര്‍ട്ടിയുമായി വന്ന വി.പി സിങ് കടപുഴക്കിയത്. 2004-ല്‍ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ ‘വിദേശി’യായ സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമായിരുന്നു. വലംകൈയായിനിന്ന ശരത് പവാര്‍ പോലും അവരെ കൈവെടിഞ്ഞു. കോണ്‍ഗ്രസ്സില്‍നിന്ന് ദിനംപ്രതി നേതാക്കള്‍ മറുകണ്ടം ചാടുന്ന അവസ്ഥ. മറുവശത്ത് ‘തിളങ്ങുന്ന ഇന്ത്യ’ എന്ന പ്രചാരണവുമായി കരിഷ്മയോടെ പ്രധാനമന്ത്രി വാജ്‌പേയി. ഭരണമുന്നണി മാത്രമല്ല പ്രതിപക്ഷവും വാജ്‌പേയിയുടെ രണ്ടാം ഊഴം ഉറപ്പിച്ചു. പക്ഷേ, സംഭവിച്ചത് ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്ന മന്‍മോഹന്‍ സിങിന്റെ അധികാരാരോഹണം. ദേശീയ രാഷ്ട്രീയത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളിലും ഈവിധം അട്ടിമറികള്‍ അരങ്ങേറിയിട്ടുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഡല്‍ഹിയിലെ ‘ആപ്’ വിജയം. തികഞ്ഞ ശൂന്യതയില്‍നിന്നായിരുന്നല്ലോ കെജ്‌രിവാള്‍ എന്ന മുഖ്യമന്ത്രിയുടെ ഉദയം.

എല്ലായിപ്പോഴും ഈ മിറാക്കിള്‍ സംഭവിക്കണമെന്നില്ല. പ്രത്യക്ഷമാവുന്ന ഏത് അത്ഭുതങ്ങള്‍ക്ക് പിന്നിലും അദൃശ്യമായ ചില അടിയൊഴുക്കുകളുണ്ടാ
വും. അത് കണ്ടെത്തുന്നതിലും തങ്ങള്‍ക്കനുകൂലമായി തിരിച്ചുവിടുന്നതിലുമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ മിടുക്ക്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും രാജ്യത്തെ ഏറ്റവും വലിയ മതേതരകക്ഷി കോണ്‍ഗ്രസ് തന്നെയാണ്. അവരെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ബദലും പ്രായോഗികമല്ല. ഈ തിരിച്ചറിവിലേക്ക് സി.പി.എം വീണ്ടും മടങ്ങിയെത്തി എന്നത് നല്ല സൂചനയാണ്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും സംയുക്തമായി നേതൃത്വം നല്‍കുന്ന ജനാധിപത്യ മതേതര കൂട്ടായ്മയില്‍ ലാലുവിനും അഖിലേഷിനും പവാറിനും ശരത് യാദവിനും കെജ്‌രിവാളിനും മമതയ്ക്കും കരുണാനിധിക്കും മായാവതിക്കും തങ്ങളുടേതായ പങ്ക് വഹിക്കനാവും. മുസ്‌ലിം ലീഗിനും കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനും എം.പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്കും ആ ദേശീയ ബദലില്‍ ഒരിടമുണ്ടാവണം. വിതണ്ഡവാദമുയര്‍ത്തി മാണിയെപ്പോലെയുള്ളവരെ ബി.ജെ.പി മുന്നണിയിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ ദുരവസ്ഥ ഇനിയും തിരിച്ചറിയാത്തവരാണെന്നേ പറയാനാവൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.