2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മോദിക്കും പിണറായിക്കും പ്രിയം അംബാനിയോട്: ഉമ്മന്‍ചാണ്ടി

ചേലക്കര : പാവപ്പെട്ടവരെ ദ്രോഹിച്ചും അനില്‍ അംബാനിയെ പോലെയുള്ളവരെ സഹായിക്കുന്നതുമായ നയമാണ് നരേന്ദ്രമോദിക്കും പിണറായിക്കുമുള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലത്തൂര്‍ ലോക്‌സഭ സ്ഥാനാര്‍ത്ഥി രമ്യഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചേലക്കരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
റഫാല്‍ വിമാനകരാര്‍ അനില്‍ അംബാനിയെ ഏല്പിച്ച് നരേന്ദ്രമോദി സഹായിച്ചപ്പോള്‍ പാവപ്പെട്ട രോഗികള്‍ക്ക് സഹായകമായിരുന്ന കാരുണ്യപദ്ധതി നിര്‍ത്തലാക്കി,അനില്‍ അംബാനിയുടെ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് പിണറായി സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. രണ്ട് പെന്‍ഷന്‍ മേടിക്കുന്നതിന്റെ പേരില്‍ പാവങ്ങളില്‍ നിന്ന് ഇരുന്നൂറും മുന്നൂറും രൂപവെട്ടികുറക്കുന്നു. സൗജന്യറേഷന്‍ വിതരണം നിര്‍ത്തലാക്കി അന്യായവിലക്ക് റേഷന്‍ നല്‍കുന്നു. ജനങ്ങളെ മറന്ന് എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന പാര്‍ട്ടി അജണ്ടനടപ്പാക്കുകയാണ് പിണറായി ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  തൊഴിലുറപ്പ് പദ്ധതി,ഭക്ഷ്യസുരക്ഷ,കാര്‍ഷികകടം എഴുതിതള്ളല്‍ തുടങ്ങിയ ക്ഷേമപദ്ധതികള്‍ നടപ്പാക്കിയ സര്‍ക്കാരാണ് കോണ്‍ഗ്രസ്. പൊളളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചും വിദേശരാജ്യങ്ങളില്‍ കറങ്ങി നടക്കുന്നതുമല്ലാതെ അഞ്ച് വര്‍ഷം നരേന്ദ്രമോദി എന്താണ് നാടിന് ചെയ്തിട്ടുള്ളതെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ന്യായ് പദ്ധതി തിരഞ്ഞടുപ്പ് അടുത്തപ്പോള്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചതല്ല. സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തി പഠിച്ച ശേഷമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നടപ്പിലാക്കാന്‍പറ്റുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളെ കോണ്‍ഗ്രസ് പ്രകടനപ്പത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. രാജ്യത്തിന്റെ വികസനകാര്യങ്ങളില്‍ സമ്പന്നര്‍ക്ക് മാത്രമല്ല,പാവപ്പെട്ടവനും പങ്കുണ്ടായിരിക്കണമെന്നതാണ് ന്യായ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാവങ്ങള്‍ക്ക് നല്‍കുന്ന തുക പാഴ്‌ചെലവല്ല.നല്ലൊരുസമൂഹംകെട്ടിപടുക്കുന്നതിനുള്ള മൂലധന നിക്ഷേപമാണ്. സാധാരണക്കാരനോടുള്ള പ്രതിബന്ധതകൂടിയാണ് ന്യായ് പദ്ധതിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.എം.അമീര്‍ അധ്യക്ഷനായി.  യുഡിഎഫ് നേതാക്കളായ മുന്‍ എം.എല്‍.എ. പി.എ.മാധവന്‍,രാജേന്ദ്രന്‍ അരങ്ങത്ത്, കെ.എസ്.ഹംസ, എന്‍.കെ.സുധീര്‍, രഘുസ്വാമി,ടി.എസ്.രാമദാസ്, ഇ.വേണുഗോപാലമേനോന്‍, ടി.എം.കൃഷ്ണന്‍, കെ.ബി.ശശികുമാര്‍, ജോണിമണിച്ചിറ, ടി.എ.രാധാകൃഷ്ണന്‍, ജോണ്‍ ആടുപാറ, സി.പി.ഗോവിന്ദന്‍കുട്ടി, പി.സുലൈമാന്‍, ടി.ഗോപാലകൃഷ്ണന്‍, എന്‍.എസ്.വര്‍ഗ്ഗീസ്, കെ.പി.ഷാജി, സജിജോസഫ്, ശിവന്‍വീട്ടിക്കുന്ന്, പി.ഐ.ഷാനവാസ്, വിനോദ് ചേലക്കര, സന്തോഷ് ചെറിയാന്‍, ടി.നിര്‍മല പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.