2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

മോട്ടോര്‍ വാഹന നിയമ ഭേദഗതി: എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍

 

ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത പിഴ ഈടാക്കുന്ന പുതിയ നിയമത്തില്‍ എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍. ബി.ജെ.പി ഭരിക്കുന്നതും അല്ലാത്തതുമായ മധ്യപ്രദേശ്, ഒഡിഷ, ഛത്തീസ്ഗഡ്, പുതുച്ചേരി, രാജസ്ഥാന്‍, തെലങ്കാന, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാനമായും അസന്തുഷ്ടി പ്രകടിപ്പിച്ചത്. ജനങ്ങളെ ബോധവത്കരിച്ചതിന് ശേഷം മാത്രമേ പുതിയ നിയമം നടപ്പാക്കൂ എന്നാണ് മധ്യപ്രദേശിന്റെ നിലപാട്. ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രി ഗോവിന്ദ് സിങ് രാജ്പുട്ട് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മൂന്നു മാസത്തേക്ക് നിയമം നടപ്പാക്കേണ്ടതില്ലെന്നാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിര്‍ദേശിച്ചു. പിഴയുടെ പേരില്‍ ജനങ്ങളും പൊലിസും തമ്മില്‍ ഭൂവനേശ്വറില്‍ ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിലാണിത്. ഛത്തീസ്ഗഡും നിയമം നടപ്പാക്കിയിട്ടില്ല. ബോധവത്കരണം നടത്തിയ ശേഷം മാത്രം നിയമം എന്നാണ് പുതുച്ചേരിയുടെ നിലപാട്. ജനങ്ങള്‍ക്ക് അടക്കാന്‍ പറ്റുന്ന തുകയായിരിക്കണം പിഴയെന്ന നിലപാടിലാണ് രാജസ്ഥാനുള്ളത്. ഇത്രവലിയ പിഴ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പഞ്ചാബ് ഗതാഗത മന്ത്രി റാസിയ സുല്‍ത്താനയുടെ നിലപാട്. പ്രായോഗികത സംബന്ധിച്ച് പഠിക്കാന്‍ തെലങ്കാന കമ്മിറ്റി രൂപീകരിക്കുകയും അവരുടെ ശുപാര്‍ശ ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറച്ച് ഗുജറാത്ത് സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി. പിഴത്തുക പകുതിയായാണ് കുറച്ചത്.

 

കേരളം നടപ്പാക്കിയത് വന്‍ ലാഭം
ലക്ഷ്യമിട്ട്, ജനരോഷം തിരിച്ചടിയായി

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമഭേദഗതി പ്രാബല്യത്തില്‍ വന്ന ദിവസം തന്നെ കേരളം നടപ്പാക്കിയത് വന്‍ വരുമാനം ലക്ഷ്യമിട്ട്. ആറു ദിവസം കൊണ്ട് മുക്കാല്‍ കോടിയോളം രൂപ പിരിച്ചെടുത്തെങ്കിലും ജനരോഷവും പാലായിലെ ഉപതെരഞ്ഞെടുപ്പും സര്‍ക്കാരിന് തിരിച്ചടിയായി. തുടര്‍ന്നാണ് നിയമത്തില്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. ഇക്കാര്യത്തില്‍ സംസ്ഥാനം വിജ്ഞാപനം ഇറക്കിയ സാഹചര്യത്തില്‍ ഇത് റദ്ദാക്കുക എളുപ്പമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.