2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൈമൂനക്ക് ഇനി മക്കളെ ചേര്‍ത്തു പിടിച്ചുറങ്ങാം

കോഴിക്കോട്: വെള്ളയില്‍ ഹ്യുമാനിറ്റി ലൈഫ് കെയര്‍ ഹോമില്‍ തന്റെ രണ്ട് മക്കളെയും ചേര്‍ത്ത്പിടിച്ചൊരു ഉമ്മ കഴിയുന്നുണ്ട്.
മഴവെള്ളപ്പാച്ചിലില്‍ വീടുതകര്‍ന്നതിനാല്‍ കയറികിടക്കാന്‍ ഒരിടം പോലുമില്ലാതെ നെടുവീര്‍പ്പിടുന്ന താമരശ്ശേരിക്കടുത്ത് ചമല്‍ സ്വദേശിയായ പുത്തന്‍പുരക്കല്‍ മൈമൂനയാണ് ആ ഹതഭാഗ്യ. 70 ശതമാനം ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന 22കാരന്‍ ഷഫീഖിനെയും പത്താംക്ലാസ് കഴിഞ്ഞയുടന്‍ വീടു നോക്കാന്‍ കൂലിപ്പണിക്കിറങ്ങിയ ഇളയമകന്‍ ഷരീഫിനെയും കൊണ്ട് എങ്ങോട്ടുപോവണമെന്നറിയാതെ വിഷമത്തിലായിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീടിനടുത്തുള്ള തോട്ടില്‍ നിന്ന് വെള്ളം ഇരച്ചെത്തിയും തൊടിയിലെ മരം കട പുഴകി വീണും മൈമൂനയും കുടുംബവും താമസിച്ച വീട് തകര്‍ന്നുപോയത്.
മൂത്തമകന്‍ സലീമിന്റെ ഭാര്യ ജിസ്‌നയുടെ പിതാവ് താമസിക്കാനായി നിര്‍മിച്ചുകൊടുത്ത വീടായിരുന്നു അത്. രാവിലെ വന്നുനോക്കുമ്പോള്‍ മണ്‍കട്ട കൊണ്ടൊരുക്കിയ ആ ചെറിയ വീടിനെയൊന്നാകെ മലവെള്ളം നാമാവശേഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരായ ആളുകളെ ക്യാംപുകളില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് മനസിലാക്കി ജില്ലാ കലക്ടര്‍ ഇവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കി.
അങ്ങനെയാണ് വെള്ളയില്‍ തേര്‍വീട് റോഡിലുള്ള ലൈഫ് കെയര്‍ ഹോമിലെത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ വീട്ടുജോലി ചെയ്താണ് 54 കാരിയായ മൈമൂന കുടുംബം പുലര്‍ത്തിയത്. എന്നാല്‍ കാലിനെ അലട്ടുന്ന കടുത്ത വേദനയും മകന്റെ വിഷമതകളും ഇവരുടെ തീരാനൊമ്പരമാണ്. അതിനിടക്കാണ് മരുമകളുടേതാണെങ്കിലും അടച്ചുറപ്പോടെ കഴിഞ്ഞിരുന്ന വീടിന്റെ പതനം.
വടകര ചോറോട് കുറ്റിയാമ്പുറത്ത് വൈക്കല്യശ്ശേരി അബ്ദുല്‍ കരീം വടകരയില്‍ സൗജന്യമായി നല്‍കിയ നാല് സെന്റ് സ്ഥലത്താണ് ഇപ്പോള്‍ ഇവര്‍ക്കായി വീടൊരുങ്ങുന്നത്. ടീം നാദാപുരത്തിന്റെ നേതൃത്വത്തിലാണ് വീടു നിര്‍മാണം. കൂടാതെ വീടാകുന്നത് വരെ താമസിക്കാന്‍ വാടക വീടും ഇവര്‍ക്ക് വേണ്ടി നല്‍കും.
ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ സാന്നിധ്യത്തില്‍ സ്ഥലത്തിന്റെ രേഖകളും നിര്‍മാണ കരാറും കൈമാറി. പി. സിക്കന്തര്‍, നരിക്കോളി ഹമീദ് ഹാജി, ചെമ്പരകണ്ടി ബഷീര്‍ ഹാജി, എരോത്ത് മഹമൂദ്, വലിയ പീടികയില്‍ പോക്കര്‍ ഹാജി, കുറുമ്പത്ത് ഡോ. ഹമീദ്, പാലോള്ളതില്‍ അമ്മദ് ഹാജി, കെ.കെ.സി സഫ്‌വാന്‍, ടി.ടി സുനില്‍ കുമാര്‍ , മജീദ് അറക്കല്‍, തെക്കയില്‍ രാജന്‍ സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News