2020 February 20 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മെസ്സി ഷോ

ഗ്ലാസ്‌ഗോ: ഇരട്ട ഗോളുകളുമായി പരുക്കു മാറിയുള്ള തിരിച്ചു വരവ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഉജ്ജ്വലമാക്കിയപ്പോള്‍ സെല്‍റ്റിക്കിനെതിരായ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ബാഴ്‌സലോണയ്ക്ക് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിച്ച അവര്‍ നോക്കൗട്ട് ഘട്ടം ഉറപ്പിക്കുകയും ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ബൊറൂസിയ മോണ്‍ചെന്‍ഗ്ലേഡ്ബാചുമായി 1-1നു സമനില പിടിച്ചതോടെ ബാഴ്‌സയുടെ നോക്കൗട്ട് പ്രവേശം ഉറപ്പായത്.

മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ റോസ്റ്റോവ് 3-2നു അട്ടിമറിച്ചതും ശ്രദ്ധേയമായി. മറ്റു മത്സരങ്ങളില്‍ ആഴ്‌സണലും പാരിസ് സെന്റ് ജെര്‍മെയ്‌നും 2-2നു സമനിലയില്‍ പിരിഞ്ഞപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-0ത്തിനു പി.എസ്.വി ഐന്തോവനെ കീഴടക്കി നോക്കൗട്ടിലേക്ക് മുന്നേറി. നാപോളി- ഡൈനാമോ സഗ്രെബ്, ലുഡോഗോററ്റ്‌സ്- ബാസല്‍ പോരാട്ടങ്ങള്‍ ഗോള്‍രഹിത സമനില.
ഇരു പകുതികളിലായി മെസ്സി വല ചലിപ്പിച്ചപ്പോള്‍ സ്‌കോട്ടിഷ് ലീഗില്‍ വിജയക്കുതിപ്പ് നടത്തുന്ന സെല്‍റ്റിക്ക് ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തേക്കുള്ള വഴി കണ്ടു. 24ാം മിനുട്ടില്‍ നെയ്മര്‍ നല്‍കിയ പാസില്‍ നിന്നാണ് മെസ്സി ബാഴ്‌സയ്ക്ക് ലീഡൊരുക്കിയത്. സെല്‍റ്റിക് പ്രതിരോധത്തിന്റെ മുകളിലൂടെ ബോക്‌സിലേക്ക് നെയ്മര്‍ ഉയര്‍ത്തി നല്‍കിയ പന്ത്  ഓടിക്കയറി മെസ്സി നിലംതൊടാന്‍ അനുവദിക്കാതെ വലയിലാക്കി. സെല്‍റ്റിക്ക് പ്രതിരോധത്തെ കാഴ്ചക്കാരാക്കിയായിരുന്നു സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ ഗോള്‍.  55ാം മിനുട്ടിലായിരുന്നു രണ്ടാം ഗോളിന്റെ പിറവി. സെല്‍റ്റിക്ക് പ്രതിരോധം സുവാരസിനെ ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയാണ് അര്‍ജന്റൈന്‍ നായകന്‍ വലയിലാക്കിയത്.

ഇരു ഭാഗത്തും വഴങ്ങിയ സെല്‍ഫ് ഗോളുകളാണ് ആഴ്‌സണല്‍- പി.എസ്.ജി പോരാട്ടത്തിന്റെ വിധിയെഴുതിയത്. 18ാം മിനുട്ടില്‍ കവാനിയിലൂടെ പി.എസ്.ജി മുന്നിലെത്തിയപ്പോള്‍ 45ാം മിനുട്ടില്‍ ജിറൂദ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചു. 60ാം മിനുട്ടില്‍ വെറാറ്റിയുടെ സെല്‍ഫ് ആഴ്‌സണലിനു ലീഡൊരുക്കി. എന്നാല്‍ 77ാം മിനുട്ടില്‍ ഇവോബിയുടെ ദാനഗോള്‍ പി.എസ്.ജിക്ക് സമനില സമ്മാനിക്കുകയായിരുന്നു.
റാഫേലിന്റെ ഗോളില്‍ മോണ്‍ചെന്‍ഗ്ലേഡ്ബാച് മുന്നിലെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഡേവിഡ് സില്‍വയാണ് സമനില ഗോള്‍ സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ ഗെമിറോ, ഗ്രിസ്മാന്‍ എന്നിവരുടെ ഗോളുകളാണ് പി.എസ്.വിക്കെതിരേ അത്‌ലറ്റിക്കോക്ക് വിജയമൊരുക്കിയത്.
ചാംപ്യന്‍സ് ലീഗ് കണ്ട മികച്ച അട്ടിമറികളിലൊന്നിലാണ് റോസ്റ്റോവ്- ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തിയത്. 36ാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയിലൂടെ ബയേണ്‍ മ്യൂണിക്ക് മുന്നില്‍ കടന്നെങ്കിലും 44ാം മിനുട്ടില്‍ അസ്മൗന്‍ റോസ്റ്റോവിനെ ഒപ്പമെത്തിച്ചു. 49ാം മിനുട്ടില്‍ പോളോസിലൂടെ റോസ്റ്റോവ് ലീഡെടുത്തു. 52ാം മിനുട്ടില്‍ യുവാന്‍ ബര്‍ണാട് ബയേണിനു സമനില സമ്മാനിച്ചെങ്കിലും 66ാം മിനുട്ടില്‍ നൊബോവ നേടിയ ഗോളില്‍ റോസ്റ്റോവ് ബാവേറിയന്‍സിനെ അട്ടിമറിക്കുകയായിരുന്നു. തോറ്റെങ്കിലും നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താന്‍ മുന്‍ ചാംപ്യന്‍മാര്‍ക്ക് സാധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.