2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മൂവാറ്റുപുഴയില്‍ ഇനി ‘റസിഡന്റ്‌സ് പൊലിസും’

മുവാറ്റുപുഴ: പ്രദേശത്ത് വര്‍ധിച്ച് വരുന്ന മോഷണങ്ങള്‍ക്കും അതികൃമങ്ങള്‍ക്ക് അറുതിവരുത്താന്‍ മുവാറ്റുപുഴ ജനമൈത്രി പൊലിസിന്റെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വിവിധ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കമായി. പൊലിസിന്റെയും റസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന സംയുക്ത യോഗത്തിലാണ് ജനസുരക്ഷയെ മുന്‍നിര്‍ത്തിയുള്ള വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുവാന്‍ തീരുമാനിച്ചത്.
യോഗത്തിലെ തീരുമാനമനുസരിച്ച് ഓരോ റസിഡന്റ്‌സ് അസോസിയേഷനുകളും അവരവരുടെ പരിധിയില്‍ വരുന്ന സ്ഥലത്തുള്ള അന്യസംസ്ഥാനതൊഴിലാളി ക്യാമ്പുകളുടെ വിവരങ്ങള്‍ പൊലിസ് സ്റ്റേഷനില്‍ അറിയിക്കുകയും, കെട്ടിടഉടമയെക്കൂടി ഉള്‍പ്പെടുത്തി മുഴുവന്‍ തൊഴിലാളികളുടെയും ഐഡന്റിറ്റി സ്റ്റേഷനില്‍ രേഖപ്പെടുത്തുകയും ചെയ്യിക്കണം. പാതിരാത്രിയിലും അസാധാരണരീതിയിലും കാണുന്നവരെ സംബന്ധിച്ച് പൊലിസില്‍ അറിയിക്കുകയും ചെയ്യും.
മയക്കുമരുന്നിന്റെ ശേഖരണം, വിതരണം, ഉപയോഗം എന്നിവ പൂര്‍ണ്ണമായി തടയുന്നതിന് എല്ലാവരും ജാഗരൂകരായിരിക്കുകയും കിട്ടുന്ന ഏതു വിവരവും പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. കഴിയുന്നത്ര റസിഡന്റ്‌സ് അസോസിയേഷനുകള്‍ രാത്രികാലപട്രോളിംങ്ങില്‍ പൊലിസിനോട് സഹകരിക്കും, വെളിമ്പറമ്പുകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും നടക്കുന്ന മദ്യപാനവും അനാവശ്യകൂടിച്ചേരലുകളും തടയുന്നതിന് നടപടികള്‍ സ്വീകരിക്കും.
ഇതോടൊപ്പം റസിഡന്റ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ഓരോ ഭവനത്തിലും സേഫ്റ്റി ഓഡിറ്റിങ്ങ് നടത്തുന്നതാണ്. അതിന്റെ ഭാഗമായി വീടിന്റെ മുന്‍പിലും പിന്‍പിലും രാത്രികാലത്ത് ലൈറ്റ് തെളിച്ചിടുകയും, മുന്‍പിന്‍ വാതിലുകളുടെ പൂട്ടുകള്‍ ബലപ്പെടുത്തുകയും, അടുത്ത വീടുകളിലെയും, പൊലിസ് സ്റ്റേഷനിലെയും ഫോണ്‍-മൊബൈല്‍ നമ്പറുകള്‍ സ്പീഡ് ഡയലില്‍ മൊബൈലില്‍ ശേഖരിക്കുകയും രാത്രികാലത്ത് മൊബൈല്‍ ഓണ്‍ ആക്കിയിരിക്കുകയും, വീടിന് പുറത്ത് പണിയായുധങ്ങള്‍, ഇരുമ്പ് സാധനങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കാതിരിക്കുകയും ചെയ്യും.
ഏതാനും ദിവസത്തേയ്ക്ക് വീട് പൂട്ടി പുറത്തു പോവേണ്ടിവന്നാല്‍ വിവരം റിസഡന്റ്‌സ് അസോസിയേഷനിലും, പൊലിസിലും, അറിയിക്കുകയും, പാല്‍ പത്രം, കത്ത് എന്നിവ വീടിന്റെ പുറത്തില്ല എന്നും പകല്‍ സമയം പുറത്തെ ലൈറ്റ് ഓഫായിരിക്കും എന്നും ഉറപ്പിക്കുകയും വേണം. അപകടകരമായവിധത്തിലും, നിയമവിരുദ്ധമായുമുള്ള എല്ലാ ഇരുചക്രവാഹന ഉപയോഗത്തെയും നിരോധിക്കണമെന്നും യൂണിഫോംധാരികളായ വിദ്യാര്‍ഥികള്‍ സ്‌കൂള്‍സമയത്ത് വിജനവഴികളില്‍ അലഞ്ഞുതിരിയുന്നതും കൂട്ടംകൂടുന്നതും കണ്ടാല്‍ പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ ആവശ്യപ്പെടും.
കനാലുകളിലും പുഴകളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയണം. എം.സി റോഡില്‍ തിരക്കേറിയ ഐ.ടി.ആര്‍ ജംഗ്ഷന്‍ ഭാഗത്തുള്ള ബിവറേജ് ഔട്ട്‌ലെറ്റ് അവിടെനിന്നു മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും, ടൗണില്‍ പ്രധാനഭാഗത്ത് സീബ്രാലൈന്‍ തെളിക്കണമെന്നും, അവിടെ റോഡു മുറിച്ചുകടക്കുമ്പോള്‍ പൊലിസ് സഹായം നില്‍കണമെന്നും ഫുട്ട്പാത്ത് തടഞ്ഞ് നടത്തുന്ന വ്യാപാരങ്ങള്‍ തടയണമെന്നും പ്രമേയത്തിലൂടെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. നഗരത്തില്‍ ഇപ്പോള്‍ എര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗതപരിഷ്‌കാരങ്ങളോട് സഹകരിക്കും. ആവശ്യമെന്നു കണ്ടാല്‍ പിന്നീട് തിരുത്തലുകള്‍ നിര്‍ദ്ദേശിക്കും. ജനമൈത്രിസമിതി ചെയര്‍മാന്‍ പ്രൊഫ. ജോസുകുട്ടി ജെ ഒഴുകയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മൂവാറ്റുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീകുമാര്‍ ഉ്ഘാടനം ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് എ. ജനമൈത്രി സി.ആര്‍.ഒ കെ.വി ഫീലിപ്പോസ്, ഫാ.പോള്‍ ചൂരത്തൊട്ടി, ശിവദാസ് ടി നായര്‍, എന്‍.എസ്സ് ഇബ്രാഹിം, ക്യാപ്റ്റന്‍ നീലകണ്ഠന്‍, അഡ്വ. റീത്താമ്മ ജോസ് അഡ്വ.എം.എസ്സ് അജിത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.