2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

Editorial

മൂന്നാര്‍ ട്രൈബ്യൂണലിന്റെ അന്ത്യം കൈയേറ്റ മാഫിയകളുടെ വിജയം


മൂന്നാര്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ ഭൂമികൈയേറ്റ മാഫിയ എന്താഗ്രഹിച്ചുവോ അത് സാധിപ്പിച്ചുകൊടുത്തിരിക്കുകയാണ് ഇടത് മുന്നണി സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയോഗിച്ച സുരേഷ് കുമാറിന്റെയും ഋഷിരാജ് സിങിന്റെയും ഏറ്റവും ഒടുവില്‍ ശ്രീരാം വെങ്കിട്ടരാമന്റെയും സത്യസന്ധതയും ആത്മാര്‍ഥതയുമാണ് ഇതുവഴി ബലികഴിക്കപ്പെടുന്നത്. ഭൂമികൈയേറ്റക്കാരും ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും ഒന്നിച്ചണിനിരന്ന് ഭൂമാഫിയക്ക് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ എല്ലാ ഭീഷണികളെയും തൃണവല്‍ക്കരിച്ച് നിര്‍ഭയരായി ജോലി ചെയ്ത യുവ ഐ.എ.എസ് ഓഫിസര്‍മാരുടെ കഠിനാധ്വാനമാണ് വിഫലമാകുന്നത്.
ട്രൈബ്യൂണല്‍ തീര്‍പ്പാക്കിയ കേസുകളുടെ എണ്ണം കുറവായതിനാലും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിയമസഭാ സബ്ജക്റ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തതിനാലുമാണ് മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെയും കൈയേറ്റ മാഫിയയുടെയും സമ്മര്‍ദത്താലാണ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അത്തരം ആരോപണങ്ങളെ നിഷേധിക്കുവാന്‍ വയ്യാത്തവിധമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഇടുക്കി ജില്ലാ സി.പി.എം നേതൃത്വം സര്‍ക്കാര്‍ ഭൂമി തിരികെപിടിക്കുന്നതില്‍ അനുവര്‍ത്തിച്ചത്. കൈയേറ്റക്കാര്‍ക്കൊപ്പമാണ് ഇടുക്കി ജില്ലാ സി.പി.എം നേതൃത്വം എന്ന പ്രതീതിയാണ് പരക്കെ സൃഷ്ടിക്കപ്പെട്ടത്. അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന എം.എം മാണിയുടെയും എം.എല്‍.എ എസ്. രാജേന്ദ്രന്റെയും വാക്കുകളും പ്രവൃത്തികളും ഈ ധാരണയെ അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ വീട് നില്‍ക്കുന്ന ഭൂമിതന്നെ കൈയേറിയതാണെന്ന റിപ്പോര്‍ട്ടും ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടുവെങ്കിലും അനന്തരഫലം എന്തായി എന്നാര്‍ക്കുമറിയില്ല. അഞ്ചു സെന്റിലും പത്ത് സെന്റിലും വീട് വച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താമസിച്ചുവരുന്ന സാധാരണ കര്‍ഷകരെ മറയാക്കി കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു ഇടുക്കിയിലെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍.
ഭൂമി കൈയേറ്റങ്ങളെ സംബന്ധിച്ചുള്ള കേസുകള്‍ കോടതികളില്‍ അനിയന്ത്രിതമായി വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനായി മൂന്നാറില്‍ സ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. ട്രൈബ്യൂണല്‍ തുടങ്ങിയത് മുതല്‍ക്ക് തന്നെ അതിനെ തകര്‍ക്കാനുള്ള നിഗൂഢ ശ്രമങ്ങളും ആരംഭിച്ചു. ആവശ്യത്തിന് തസ്തിക സൃഷ്ടിക്കാതെ, ജീവനക്കാരെ നല്‍കാതെ ട്രൈബ്യൂണലിനെ സര്‍ക്കാര്‍ നിര്‍ജീവമാക്കി. ഈ പരിമിതികളെ അതിജീവിച്ച് പല ഭൂമികളും ട്രൈബ്യൂണല്‍ സര്‍ക്കാരിലേക്ക് കൂട്ടിച്ചേര്‍ത്തു. റവന്യൂ വകുപ്പ് കൈയേറ്റ ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരുന്നിട്ടും സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭൂമി കൈയേറ്റ മാഫിയയുടെ നിരന്തരമായ സമ്മര്‍ദമാണ് ഇപ്പോള്‍ ട്രൈബ്യൂണലിന്റെ അന്ത്യം കുറിച്ചിരിക്കുന്നത്.
2017 മെയ് 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിസ്ഥിതി പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്നാറ് കൈയേറ്റം ഒഴിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ എടുക്കുമെന്നും ഭൂമി കൈയേറിയവരോട് ദയ ഉണ്ടാവുകയില്ലെന്നും അവരെ നിര്‍ദാക്ഷിണ്യം ഒഴിപ്പിക്കുമെന്നും വാക്ക് നല്‍കിയിരുന്നു. കൈയേറ്റത്തിന് കൂട്ട്‌നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംഘത്തിലുണ്ടായിരുന്ന കവയിത്രി സുഗതകുമാരിയുടെ ആവശ്യത്തോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെങ്കിലും ഒന്നും സംഭവിച്ചില്ല. പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്ന് അന്ന് മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തു.
ദേവീകുളം കലക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമന്‍ ഭൂമികൈയേറ്റങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയത് സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിന് ഒട്ടും രസിച്ചിരുന്നില്ല. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുംവിധമുള്ള കുപ്രചാരണങ്ങള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും വരെ പ്രത്യക്ഷപ്പെട്ടു. രാഷ്ട്രീയ നേതൃത്വങ്ങളുടെ ഒത്താശയോടെ കൈയേറ്റ മാഫിയ കൈയേറിയ ഭൂമി തിരികെ പിടിക്കാന്‍ ദേവീകുളം ആര്‍.ഡി.ഒ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമന്‍ നടത്തിയ കഠിനാധ്വാനം ഉന്നതങ്ങളില്‍ വരെ എത്തിയപ്പോഴാണ് അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പം ആത്മാര്‍ഥമായി ജോലി ചെയ്ത ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. ആത്മീയ ടൂറിസത്തിന്റെ പേരില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടായിരത്തോളം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രീരാം വെങ്കിട്ടരാമന്റെ ശ്രമത്തെ പോലും മുഖ്യമന്ത്രിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ അനധികൃത ഭൂമികൈയേറ്റം കുരിശിന്റെ രൂപത്തിലായാല്‍പോലും ഒഴിപ്പിക്കണമെന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രഖ്യാപനം വന്നയുടനെയാണ് 2017 ഏപ്രില്‍ 20ന് ആ കൈയേറ്റവും ശ്രീരാം വെങ്കിട്ടരാമന്‍ സര്‍ക്കാരിന് വേണ്ടി തിരികെപിടിച്ചത്. അനധികൃതമായി കെട്ടിപ്പൊക്കിയ ലവ്‌ഡെയില്‍ ഹോംസ്‌റ്റേയും 70 സെന്റ് ഭൂമിയും ശ്രീരാം ഒഴിപ്പിച്ചു. ഇതിനെതിരെ ഉടമ വി.വി ജോര്‍ജ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിപ്പോയി. മണര്‍ക്കാട് പാപ്പന് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി മകന്‍ റിസോര്‍ട്ട് ഉടമകള്‍ക്ക് മറിച്ച് വിറ്റത് കണ്ടെത്തിയ ഹൈക്കോടതി അതൊഴിപ്പിക്കുവാന്‍ ഉത്തരവ് നല്‍കിയതിന്റെ തൊട്ടുപിറകെ തന്നെ ശ്രീരാം വെങ്കിട്ടരാമന്‍ ഭൂമി ഒഴിപ്പിച്ചു. ഇതെല്ലാംകൂടി വന്നപ്പോള്‍ അദ്ദേഹത്തെ രായ്ക്കുരാമാനം കെട്ടുകെട്ടിക്കാനുള്ള ശ്രമം നടക്കുകയും അത് വിജയിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന് വിരുദ്ധമായാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫിസില്‍ നിന്ന് ഭൂമി ഒഴിപ്പിക്കല്‍ സംബന്ധിച്ച ഫയലുകള്‍ നീങ്ങുന്നതെന്ന അറിവില്‍ 2017 ജൂലൈ ഒന്നിന് മുഖ്യമന്ത്രി മൂന്നാറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നതതല യോഗം മന്ത്രി ഇ. ചന്ദ്രശേഖരനെപ്പോലും അറിയിക്കാതെ വിളിച്ചു. യോഗം നടത്തരുതെന്ന് മന്ത്രി കത്ത് നല്‍കിയെങ്കിലും യോഗം നടന്നു. സി.പി.ഐ യോഗം ബഹിഷ്‌കരിച്ചു. ഇവിടം മുതല്‍ക്കാണ് കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടുകള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. കര്‍മനിരതരും സത്യസന്ധരുമായ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ഭൂമി തിരികെപിടിക്കുവാന്‍ നടത്തിയ ശ്രമങ്ങളെ ഭൂമാഫിയ ഭരണകൂടത്തിന്റേയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും സഹകരണത്തോടെ പരാജയപ്പെടുത്തിയ കഥയായിരിക്കും ഇനി മൂന്നാറിന് പറയാനുണ്ടാവുക.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.