2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മുഹമ്മദ് അനസ് റിയോ ഒളിംപിക്‌സിലേക്ക്

യു.എച്ച് സിദ്ദീഖ്

ആലപ്പുഴ: ഒറ്റ ലാപ്പിന്റെ ട്രാക്കില്‍ അനസ് റിയോയിലേക്ക് ഓടിക്കയറി. മലയാളി താരം മുഹമ്മദ് അനസ് പോളിഷ് നാഷനല്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ യോഗ്യതാ ദൂരം പിന്നിട്ടാണ് റിയോ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയത്. പുരുഷന്‍മാരുടെ 400 മീറ്ററില്‍ 45.40 സെക്കന്റിന്റെ ഒളിംപിക് യോഗ്യതാ മാര്‍ക്ക് അനസ് മറികടന്നു. ആരോക്യ രാജീവ് സ്ഥാപിച്ച 400 മീറ്ററിലെ 45.47 സെക്കന്റിന്റെ ദേശീയ റെക്കോര്‍ഡും പിന്തള്ളിയാണ് അനസിന്റെ നേട്ടം. കഴിഞ്ഞ ദിവസം 400 മീറ്ററിന്റെ ഹീറ്റ്‌സിലും അനസ് 45.44 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ദേശീയ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. റിയോയിലേക്ക് യോഗ്യത നേടുന്ന അഞ്ചാമത്തെ മലയാളി താരവും 100 ാമത്തെ ഇന്ത്യന്‍ താരവുമായി ഇതോടെ മുഹമ്മദ് അനസ് മാറി.
കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് അനസ് സ്‌കൂള്‍ കായിക മേളകളിലൂടെയാണ് ട്രാക്കിലേക്ക് എത്തിയത്. നിലമേല്‍ എം.എം.എസ് സ്‌കൂളില്‍ പഠിക്കവേയാണ് ട്രാക്കിലേക്ക് എത്തുന്നത്. 400 മീറ്ററിന് പുറമേ ലോംങ് ജംപിലും മുഹമ്മദ് അനസ് മത്സരിച്ചിരുന്നു. പ്ലസ് വണ്‍ വരെ എം.എം.എസ് സ്‌കൂളിലെ താരമായിരുന്നു. പ്ലസ് ടു വിന് കോതമംഗലം മാര്‍ ബേസിലില്‍ ചേര്‍ന്നതോടെയാണ് മുഹമ്മദ് അനസ് 400 മീറ്ററില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2012 ലെ തിരുവനന്തപുരം സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 400 മീറ്ററില്‍ വെങ്കല മെഡല്‍ നേടിയിരുന്നു. അനസിന്റെ സ്വര്‍ണ പ്രതീക്ഷ നഷ്ടമായതോടെ അര പോയിന്റ് വ്യത്യാസത്തില്‍ ചിരവൈരികളായ കോതമഗലം സെന്റ് ജോര്‍ജിന് മുന്നില്‍ മാര്‍ ബേസിലിന് അന്നു സ്‌കൂള്‍ ചാംപ്യന്‍പട്ടം നഷ്്ടമായി. എന്നാല്‍, അനസിനൊപ്പം അന്ന് ട്രാക്കില്‍ മുന്നിലോടിയ പലരെയും ഇന്നു ട്രാക്കില്‍ കാണാനില്ല.
പരാജയങ്ങളെ കരുത്താക്കി ഓട്ടം തുടര്‍ന്ന അനസ് ഒടുവില്‍ റിയോയിലേക്ക് എത്തി. പ്ലസ് ടു പൂര്‍ത്തിയാക്കിയതോടെ ബിരുദ പഠനത്തിനായി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ചേര്‍ന്നു. ഇതിനൊപ്പം 2013ല്‍ നാവികസേനയില്‍ ജോലി ലഭിക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ തിരുവനന്തപുരം എലൈറ്റ് അക്കാദമിയിലെ താരമായി മാറിയ മുഹമ്മദ് അനസ് ജയകുമാറിന്റെ കീഴിലാണ് പരിശീലനം നടത്തിയിരുന്നത്. പട്ടാള വീര്യവുമായി ഇന്ത്യന്‍ അത്‌ലറ്റിക് ടീമിന് പരിശീലനം നല്‍കുന്ന കണ്ണൂര്‍ പുളിങ്ങോം സ്വദേശി സുബേദാര്‍ മേജര്‍ മുഹമ്മദ് കുഞ്ഞിയുടെ ശിഷ്യണത്തിലാണ് മുഹമ്മദ് അനസ് വിദേശത്ത് പരിശീലനം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.