2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

Editorial

മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കള്ളക്കണ്ണീര്‍


ബി.ജെ.പി സര്‍ക്കാരിന് രാജ്യസഭയില്‍ പാസാക്കാന്‍ കഴിയാതെപോയ മുത്വലാഖ് ബില്‍ ഓര്‍ഡിനന്‍സായി നടപ്പിലാക്കിയിരിക്കുകയാണ്. ഏകസിവില്‍കോഡിനുള്ള തുടക്കമാണിത്. മൂന്ന് മൊഴിയും ഒന്നിച്ചു ചൊല്ലുന്ന മുത്വലാഖ് സംവിധാനം കുറ്റമാക്കികൊണ്ടാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധവും നിയമ നിര്‍മാണ സംവിധാനങ്ങളെ അവഹേളിക്കുന്നതാണെന്നും സമസ്തയുടെ സമുന്നത നേതാക്കളായ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുകയാണ്.

സ്വന്തം ഭാര്യയെപ്പോലും നേരാംവണ്ണം പരിപാലിക്കാത്ത ഭരണാധികാരികള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് വേണ്ടി ഒഴുക്കുന്നത് കള്ളക്കണ്ണീരാണ്. ചരിത്രം ഇവകൂടുതല്‍ വ്യക്തമാക്കുന്നതാണ്. 2002ല്‍ ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അവിടെ മുസ്‌ലിം വംശഹത്യ അരങ്ങേറിയത്. നിരവധി മുസ്‌ലിം സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിഷ്‌ക്കരുണം കൊന്നൊടുക്കിയപ്പോള്‍ നരേന്ദ്രമോദിയുടെ മുസ്‌ലിം സ്ത്രീ അനുകമ്പ ഏത് മാളത്തിലായിരുന്നു. ഗര്‍ഭിണികളായ മുസ്‌ലിം സ്ത്രീകളുടെ വയറ്റില്‍ തൃശൂലം കുത്തിയിറക്കി ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ സംഘ്പരിവാര്‍ കാപാലികര്‍ കോര്‍ത്തെടുത്തപ്പോള്‍ എവിടെപ്പോയി ഒളിച്ചു മുസ്‌ലിം സ്ത്രീകളോടുള്ള അനുകമ്പ.
മുസ്‌ലിംകള്‍ മാത്രമാണോ ഭാര്യമാരെ ഉപേക്ഷിക്കുന്നത്. ഇതര മതസ്ഥര്‍ അവരുടെ ഭാര്യമാരെ ഉപേക്ഷിക്കുന്നതിനെതിരേ എന്ത്‌കൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നില്ല. പ്രോഗ്രസീവ് വുമന്‍സ് അസോസിയേഷന്‍ സെക്രട്ടറി കവിതാകൃഷ്ണനും ഇതേ ചോദ്യമാണ് സര്‍ക്കാരിന്റെ മുന്നില്‍വയ്ക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഹിന്ദു ഏകീകരണ ശ്രമങ്ങളിലൂടെ കരസ്ഥമാക്കുന്ന വോട്ടുകള്‍ക്ക് പുറമെ മുസ്‌ലിം സ്ത്രീകളുടെ വോട്ടു കൂടി തട്ടിയെടുക്കാമെന്ന കുതന്ത്രം മാത്രമാണിതിന് പിന്നില്‍. 2015 ഒക്ടോബറില്‍ സുപ്രിംകോടതിയില്‍ ഹിന്ദുപിന്തുടര്‍ച്ചാവകാശവുമായി 2005ലെ ഒരു കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് അത് മാറ്റിവച്ച് എന്തെന്നില്ലാത്ത ധൃതിയോടെ ഒരു വ്യക്തി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ മുത്വലാഖ് നിരോധിച്ച്‌കൊണ്ട് സുപ്രിംകോടതി ഉത്തരവായത്. ജസ്റ്റിസ് എ.കെ ഗോയലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പൊതുതാല്‍പര്യ ഹരജി രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടുകയും ഹിന്ദുപിന്തുടര്‍ച്ചാവകാശ കേസ് മാറ്റിവയ്ക്കുകയുമായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കേസ് കാല്‍നൂറ്റാണ്ടായിട്ടും ഇഴഞ്ഞുനീങ്ങുമ്പോഴാണ് മുത്വലാഖ് കേസില്‍ സുപ്രിംകോടതി ധൃതിപ്പെട്ട് വിധിപറഞ്ഞത്.
ഇന്ത്യന്‍ പൗരന് ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണവും കൂടിയാണീ ഓര്‍ഡിനന്‍സ്. മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള ഓര്‍ഡിനന്‍സ്, ഉത്തരവുകള്‍, ബൈലോ, റൂള്‍, റെഗുലേഷന്‍സ് മുതലായ ചട്ടങ്ങള്‍ നിയമ സാധുതയില്ലാത്തതാണെന്ന് ഭരണഘടനയുടെ പതിമൂന്നാം വകുപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
മതേതര മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസാചാരപ്രകാരം ജീവിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശവും കൂടിയാണ്. ഭരണഘടനയുടെ 25 മുതല്‍ 28 വരെയുള്ള അനുഛേദങ്ങള്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. മതനിയമങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശത്തിന്‍മേലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കത്തിവച്ചിരിക്കുന്നത്. ഭരണഘടനയെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ് ഗൂഢ പദ്ധതിയുടെ ഭാഗമായിവേണം ഇതിനെ കാണാന്‍.
ഒത്തുപോകാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഭാര്യക്കും ഭര്‍ത്താവിനും ഉണ്ടാകുന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നടപ്പിലാക്കേണ്ടതാണ് വിവാഹമോചനം. ഈ ആനുകൂല്യം പുരുഷന് മാത്രമല്ല സ്ത്രീക്കും ഇസ്‌ലാം നല്‍കുന്നുണ്ട്. ഭര്‍ത്താവിനൊപ്പം ഒത്തുപോകാന്‍ ആവില്ലെന്ന് സ്ത്രീക്ക് ബോധ്യം വന്നാല്‍ അവള്‍ക്ക് പിരിഞ്ഞ്‌പോകാനുള്ള അവകാശം നിശ്ചയിക്കപ്പെട്ട ഏകമതവും കൂടിയാണ് ഇസ്‌ലാം. ഒത്തുപോകാന്‍ കഴിയില്ലെങ്കില്‍ പിരിഞ്ഞുപോകാനുള്ള അവകാശം വ്യക്തികളുടെ മൗലികാവകാശവും കൂടിയാണ്. ഒത്തുപോകാന്‍ കഴിയാത്തവരെ അതിന് നിര്‍ബന്ധിതരാക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്.
ഓരോ വ്യക്തിയും പവിത്രമായി കരുതുന്നതാണ് വിവാഹവും കുടുംബജീവിതവും. മനസ്സുകളുടെ ഇണക്കമാണ് കുടുംബ ഭദ്രതയുടെ അടിത്തറ. അത് തകരുമ്പോള്‍ എങ്ങിനെയാണ് വൈവാഹിക ജീവിതം മുന്നോട്ട് പോവുക. ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ സംവിധാനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന വൈവാഹിക ജീവിതവും വിവാഹ മോചനവും.
ശരീഅത്ത് പ്രകാരം മൂന്ന് ത്വലാഖാണ് അനുവദനീയം. അത് ഒറ്റയടിക്ക് നിര്‍വഹിക്കേണ്ടതല്ല. ഘട്ടംഘട്ടമായി നിര്‍വഹിക്കേണ്ടതാണ്. മൂന്നാം തവണയും തന്റെ ഭാര്യയെ ഒഴിവാക്കി വീണ്ടുമവളെ വിവാഹം ചെയ്യണമെങ്കില്‍ അവരെ മറ്റൊരു പുരുഷന്‍ വിവാഹം ചെയ്തതിന് ശേഷം മാത്രം എന്ന ഇസ്‌ലാമിക നിഷ്‌കര്‍ഷ യാതൊരു തത്വദീക്ഷയും പാലിക്കാതെ മൊഴി ചൊല്ലുന്നവര്‍ക്കുള്ള ഇസ്‌ലാമിന്റെ ശിക്ഷാനടപടിയും കൂടിയാണ്. അത്തരം സന്ദര്‍ഭങ്ങളെ ഓര്‍ത്ത് മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും വിവാഹമോചനം നടത്തുന്നില്ല എന്നതാണ് വസ്തുത. എന്നിട്ടും മുത്വലാഖിന്റെ പേരില്‍ മുസ്‌ലിംകളെ ദ്രോഹിക്കുന്ന നടപടിയാണ് ഓര്‍ഡിനന്‍സിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ഇതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധ സ്വരങ്ങളാണ് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളില്‍ നിന്നുയര്‍ന്ന് വരേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.