2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

മുളിയാര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാവുന്നു

ബോവിക്കാനം: മുളിയാര്‍ സര്‍വിസ് സഹകരണ ബാങ്കിലെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയത്തെ ചെല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം വീണ്ടും രൂക്ഷമാവുന്നു. ഈ മാസം 23നാണ് ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള പതിനൊന്ന് സീറ്റിലേക്ക് 40പേരാണ് പത്രിക നല്‍കിയത്. ഇതില്‍ കോണ്‍ഗ്രസില്‍നിന്നു മാത്രമായി 37 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയ്ക്കു ശേഷം രണ്ടുപേരുടെ പത്രിക തള്ളിയിരുന്നു. മുസ് ലിം ലീഗിന്റെ മൂന്ന് അംഗങ്ങള്‍ ഉള്‍പ്പെടെ 38പേരുടെ പത്രികയാണ് സ്വീകരിച്ചത്. ഇന്നു വൈകുന്നേരം അഞ്ചുവരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.
ഒരു ഡി.സി.സി സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും ഭാരവാഹികളും വാര്‍ഡ് പ്രസിഡന്റുമാരും നിലവിലെ ബാങ്ക് ഭരണസമിതി മെമ്പര്‍മാരും പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടും.
ഇന്നലെ കോണ്‍ഗ്രസ് മുളിയാര്‍ മണ്ഡലം നേതാക്കള്‍ ഇടപെട്ട് സമവായത്തിലെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ തീരുമാനം ഡി.സി.സി നേതൃത്വത്തിനു വിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് ഏറെ മുന്‍തൂക്കമുള്ള ബാങ്കില്‍ സി.പി.എം, ബി.ജെ.പി ഉള്‍പ്പെടെയുള്ള മറ്റു കക്ഷിയിലെ അംഗങ്ങളൊന്നും മത്സര രംഗത്തില്ലാത്തതിനാല്‍ നിലവിലുള്ള പാര്‍ട്ടിയിലെ തര്‍ക്കം ഡി.സി.സി നേതാക്കള്‍ ഇടപ്പെട്ട് ഇന്ന് സമവായത്തിലെത്തിച്ചാല്‍ കോണ്‍ഗ്രസിന്റെ പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ തമ്മിലായിരിക്കും മത്സരം നടക്കുക.
അതിനുപുറമെ കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിച്ചാല്‍ യു.ഡി.എഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിന് ഒന്നോ രണ്ടോ അംഗങ്ങള്‍ ലഭിക്കുമെന്നാണു സൂചന. അതിനിടെ മുസ്‌ലിം ലീഗ് നേതൃത്വം ഇടപെട്ട് കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കാനുള്ള ശ്രമവും നടത്തി വരികയാണ്. നേരത്തെയും ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കമുണ്ടായിരുന്നു.
നിലവിലുള്ള ഭരണസമിതിയില്‍ ആദ്യം പ്രസിഡന്റായിരുന്ന എ വിഭാഗം നേതാവ് എം.സി പ്രഭാകരനെതിരേ ഭരണസമിതിയിലെ ഒന്‍പതംഗങ്ങള്‍ അവിശ്വാസത്തിനു നോട്ടിസ് നല്‍കിയതിനെ തുടര്‍ന്നു ഭരണസമിതിയുടെ കാലാവധി തീരാന്‍ മൂന്നര വര്‍ഷത്തോളം ബാക്കിയുള്ളപ്പോള്‍ രാജിവെക്കുകയായിരുന്നു.
ഇതിനു മുന്‍പും എം.സി പ്രഭാകരന്‍ പ്രസിഡന്റായ ഭരണസമിയും അതിനു മുന്‍പ് അഡ്വ.കെ. രാമചന്ദ്രന്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയും കോണ്‍ഗ്രസിലെ പോരിനെ തുടര്‍ന്ന് കാലവധി തികയ്ക്കാതെ രാജിവെക്കുകയാണുണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.