2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

മുളക്കുഴയില്‍ വീടുകളുടെ ജനല്‍ പൊളിച്ച് മോഷണം

 

മുളക്കുഴ: മുളക്കുഴയിലെ രണ്ട് വീടുകളില്‍ ജനല്‍ പാളികളും കമ്പിയും തകര്‍ത്ത് മോഷണ ശ്രമം. മുളക്കുഴ തൈപ്പറമ്പില്‍ ജംഗ്ഷന് സമീപം ചരിവുകാലായില്‍ ശിവദാസ്, രേഷ്മാ ഭവനില്‍ സുജാത എന്നിവരുടെ വീടുകളിലാണ് ഞായര്‍ പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയില്‍ മോഷണം നടന്നത്. ചരിവുകാലായില്‍ ശിവദാസിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ ഗ്ലാസുകളാണ് മോഷ്ടാടാക്കള്‍ ആദ്യം തകര്‍ത്തത്.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് തെളിച്ചെങ്കിലും ഭയം കാരണം പുറത്തിറങ്ങിയില്ല. ജന്നല്‍ പൊട്ടിയ ഭാഗത്ത് കൂടി നോക്കിയപ്പോള്‍ പുറത്തെ ഇരുട്ടില്‍ മൂന്നംഗ സംഘം പതുങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു . തുടര്‍ന്ന് ഫോണ്‍ വിളിച്ചും ബഹളം കൂട്ടിയും സമീപവാസികളെ വിവരം അറിയിക്കുകയും ഇവരുടെ സഹായത്താല്‍ വീട്ടുകാര്‍ പുറത്തിറങ്ങുകയും ചെയ്തു.
സമീപത്ത് പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ചെങ്ങന്നൂര്‍ പോലീസ് സംഘം സ്ഥലത്ത് എത്തുകയും ആള്‍ക്കൂട്ടം കണ്ട് വാഹനം നിര്‍ത്തി അന്വേഷിക്കുകയും ചെയ്തു.ഇതേ സമയത്തുതന്നെ രണ്ട് വീടുകള്‍ക്കപ്പുറം രേഷ്മാ ഭവനില്‍ സുജാതയുടെ വീടിന്റെ അടുക്കള ഭാഗത്തെ ജന്നല്‍ തകര്‍ത്തത്. കാരക്കാട് സ്വദേശികളായ സതീഷ്, ഭാര്യ രമ്യ രമ്യയുടെ പിതാവ് രാജപ്പന്‍ എന്നിവരാണ് ഈ വീട്ടില്‍ താമസിക്കുന്നത് .
വലിയ തടിക്കഷണം കൊണ്ട് കമ്പികള്‍ തകര്‍ത്ത വിടവിലൂടെ മോഷ്ടാക്കളിലൊരാള്‍ വീടിനുള്ളില്‍ കടന്ന് അടുക്കള വാതില്‍ തുറന്നിടുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണ ശ്രമം നടന്ന രണ്ട് വീടുകളുടെയും സമീപത്തുള്ള കടയിലെ നിരീക്ഷണ കാമറയില്‍ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.ഒരു ഇരുചക്ര വാഹനത്തില്‍ മൂന്നംഗ സംഘം പല പ്രാവശ്യം കടന്നു പോകുന്നതിന്റെയും ഒരാള്‍ ഓടി മറയുന്നതിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
മോഷണ ശ്രമം നടന്ന വീട്ടുകാരും മൂന്ന് ആളുകളെ കണ്ടതായി പറയുന്നു. എന്നാല്‍ നിരീക്ഷണ കാമറയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ കാമറയ്ക്ക് നേരെ ശക്തിയേറിയ ടോര്‍ച്ച് കാമറയ്ക്ക് നേരെ പ്രകാശിപ്പിക്കുന്നതിന്റെ ദൃശ്യവും ലഭ്യമാണ്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലെ കാമറകള്‍ കൂടി പരിശോധിച്ച് പ്രതികളെ കണ്ടെത്തുമെന്ന് പൊലിസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.