2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; സാധ്യതാ പഠനം കോടതിയലക്ഷ്യമല്ല

തമിഴ്‌നാടിന്റെ ഹരജി സുപ്രിം കോടതി തീര്‍പ്പാക്കി

 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ കേരളം പുതിയ അണക്കെട്ടിനായുള്ള സാധ്യതാപഠനം നടത്തുന്നതില്‍ കോടതിയലക്ഷ്യമില്ലെന്ന് സുപ്രിംകോടതി. അണക്കെട്ട് നിര്‍മാണമല്ല, സാധ്യതാ പഠനം മാത്രമാണ് നടക്കുന്നതെന്നും അതില്‍ കോടതിയലക്ഷ്യമില്ലെന്നുമുള്ള കേരളത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നടപടി. കോടതിയലക്ഷ്യമാരോപിച്ച് തമിഴ്‌നാട് നല്‍കിയ ഹരജി ജസ്റ്റിസുമാരായ എ.കെ. സിക്രി, അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് തീര്‍പ്പാക്കി. ഇതോടെ സാധ്യതാ പഠനവുമായി കേരളത്തിന് മുന്നോട്ടുപോകുന്നതിനുള്ള തടസം നീങ്ങി.
സാധ്യതാ പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ഒക്ടോബറില്‍ അനുമതി നല്‍കിയത് 2014ലെ വിധിക്കെതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനുവരി നാലിന് കേന്ദ്രത്തേയും കേരളത്തേയും എതിര്‍കക്ഷിയാക്കി തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ലെന്നും പുതിയത് ആവശ്യമില്ലെന്നുമുള്ള കോടതിവിധിക്കെതിരാണ് സാധ്യതാ പഠനമെന്നും തമിഴ്‌നാട് വാദിച്ചു.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രത്തിന് വേണ്ടി ആരും ഹാജരായില്ല. അണക്കെട്ട് നിര്‍മിക്കുന്നതിന് മാത്രമേ സമവായം ആവശ്യമുള്ളൂവെന്നും സാധ്യതാ പഠനത്തിന് അതാവശ്യമില്ലെന്നും കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്‍ഡിങ് കോണ്‍സെല്‍ ജി. പ്രകാശ് എന്നിവര്‍ വാദിച്ചു. കേരളത്തിന്റെ വാദങ്ങളെ തമിഴ്‌നാടിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെ എതിര്‍ത്തു. എന്നാല്‍, സാധ്യതാ പഠനം നടത്തുന്നത് കോടതിയലക്ഷ്യമായി കാണാനാവില്ലെന്ന കേരളത്തിന്റെ നിലപാട് കോടതി ശരിവച്ചു.
പാരിസ്ഥിതികാഘാത പഠനത്തിന് അനുമതി നല്‍കാന്‍ തമിഴ്‌നാടിന്റെ സമ്മതം തേടേണ്ട കാര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനു ഇരുസംസ്ഥാനങ്ങളും തമ്മില്‍ സമവായമുണ്ടാക്കാനായില്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് 2014 മേയ് ഏഴിലെ സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാരിസ്ഥിതികാഘാത പഠനം നടത്തുന്നതിനുള്ള അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളതെന്നുമാണ് കേന്ദ്ര നിലപാട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.