2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ജെ.ഡി.യുവിലെ ഹരിവംശ് നാരായണ്‍ സിങ്ങിന് വിജയം. ഹരിവംശ് നാരായണ്‍ 125 വോട്ടുകള്‍ നേടിയപ്പോള്‍ യു.പി.എ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ബി.കെ ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമാണ് നേടാനായത്. വിജയിക്കാന്‍ 119 വോട്ടുകളാണ് ആവശ്യമുള്ളത്. മുന്‍ മാധ്യമപ്രവര്‍ത്തകനായ ഹരിവംശ് ബിഹാറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്. ഇന്നലെ രാവിലെയായിരുന്നു വോട്ടെടുപ്പ്.
ബി.ജെ.പി വിമര്‍ശകരായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയെ പിന്തുണച്ചു. തെലുഗ് ദേശം പാര്‍ട്ടിയും (ടി.ആര്‍.എസ്), അവസാന നിമിഷം വരെ ആരെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കാതിരുന്ന ബിജു ജനതാദള്‍ (ബി.ജെ.ഡി) പാര്‍ട്ടി അനുകൂലമായി വോട്ടു ചെയ്തതും എന്‍.ഡി.എക്ക് നിര്‍ണായകമായി.
സര്‍ക്കാരിനെതിരേയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് ശേഷം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ശക്തി തെളിയിക്കാനുള്ള അവസരമായിരുന്നു രാജ്യ സഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്. രാജ്യസഭയിലെ ഭൂരിപക്ഷമില്ലായെന്ന പ്രതിസന്ധിയാണ് എന്‍.ഡി.എ വോട്ടെടുപ്പിലൂടെ മറികടന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹരി വംശ നാരായണ്‍ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് ഗുലാം നബി ആസാദും അഭിനന്ദിച്ചു.
കോണ്‍ഗ്രസ് എം.പിയായിരുന്ന പി.ജെ കുര്യന്‍ ജൂലൈ ഒന്നിന് വിരമിച്ചതിനെ തുടര്‍ന്നാണ് ഉപാധ്യക്ഷ സ്ഥാനത്ത് ഒഴിവ് വന്നത്. മൂന്ന് തവണയൊഴികെ ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് അംഗത്തിനാണ് ഇതുവരെ ലഭിച്ചത്. 1952 മുതല്‍ 2012 വരെ മൊത്തം 19 തവണയാണ് രാജ്യസഭാ ഉപാധ്യക്ഷനെ തെരഞ്ഞെടുത്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.