2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

മുറെ, ഫെഡറര്‍, വാവ്‌റിങ്ക, കെര്‍ബര്‍ രണ്ടാം റൗണ്ടില്‍

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ ലോക ഒന്നാം നമ്പര്‍ പുരുഷ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ, മുന്‍ ലോക ഒന്നാം നമ്പറും സ്വിസ് ഇതിഹാസവുമായ റോജര്‍ ഫെഡറര്‍, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ ജര്‍മനിയുടെ അഞ്ജലീക്ക് കെര്‍ബര്‍, ഗാര്‍ബിനെ മുഗുരുസ എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. അതേസമയം നാലാം സീഡ് സിമോണെ ഹാലപിനെ ആദ്യ റൗണ്ടില്‍ തന്നെ അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സ് അട്ടിമറിച്ചു.
ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറെ കടുത്ത പോരാട്ടം അതിജീവിച്ചാണ് ഒന്നാം റൗണ്ടില്‍ വിജയം സ്വന്തമാക്കിയത്. ഉക്രൈന്‍ താരം ഇല്ല്യ മര്‍ചെങ്കോക്കെതിരേ 7-5, 7-6 (5), 6-2 എന്ന സ്‌കോറിനാണ് മുറെ വിജയിച്ചത്.
2016ല്‍ പരുക്കിനെ തുടര്‍ന്നു ഏറെ നാള്‍ വിട്ടുനിന്ന സ്വിസ് ഇതിഹാസം വിജയത്തോടെ തുടങ്ങി. ഫെഡററും എതിര്‍ താരമായ ഓസ്ട്രിയയുടെ യുര്‍ഗന്‍ മെല്‍സറുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് വിജയിച്ചത്. നാലു സെറ്റുകള്‍ നീണ്ട മത്സരം രണ്ടു മണിക്കൂറും ആറു മിനുട്ടും പിന്നിട്ടാണ് സ്വിസ് മാസ്റ്റര്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 7-5, 3-6, 6-2, 6-2.
മുന്‍ ചാംപ്യന്‍ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും കനത്ത വെല്ലുവിളി മറികടന്നാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. മൂന്നര മണിക്കൂര്‍ നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ സ്ലോവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസനെതിരേ അഞ്ചു സെറ്റുകള്‍ മത്സരിച്ചാണ് വാവ്‌റിങ്ക വിജയിച്ചത്. സ്‌കോര്‍: 4- 6, 6- 4, 7- 5, 4- 6, 6- 4.
മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പര്‍ വനിതാ താരം അഞ്ജലീക്ക് കെര്‍ബര്‍ വിജയിച്ചത്. ഉക്രൈന്‍ താരം ലെസിയ സുരെങ്കോയെ 6- 2, 5- 7, 6- 2 എന്ന സ്‌കോറിനാണ് കെര്‍ബര്‍ വീഴ്ത്തിയത്.
കാനഡയുടെ എഗ്യുനെ ബുചാര്‍ഡും രണ്ടാം റൗണ്ടിലെത്തി. അമേരിക്കയുടെ ലൂയിസ ചിരിക്കോയെ രണ്ടു സെറ്റു നീണ്ട മത്സരത്തില്‍ അനായാസം കീഴടക്കിയാണ് കനേഡിയന്‍ താരം രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6- 0, 6- 4.
പുരുഷ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ, ആസ്‌ത്രേലിയയുടെ നിക്കോളാസ് കിര്‍ഗിയോസ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.