2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

മുന്നാക്ക സംവരണത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി

 

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ-വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിനെതിരെ സുപ്രിംകോടതിയില്‍ ഹരജി. നിയമം പാര്‍ലമെന്റില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഭരണഘടനാ ഭേദഗതി ബില്ലിനെതിരേ സുപ്രിംകോടതിയില്‍ ഹരജി എത്തിയത്.
യൂത്ത് ഫോര്‍ ഇക്വാളിറ്റി എന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനയും ഡോ. കൗശല്‍ കാന്ത് മിശ്ര എന്ന വ്യക്തിയുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനു വിരുദ്ധമാണ് ബില്ലെന്നാണ് ഹരജിക്കാരുടെ വാദം.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ ബില്ല്. ബില്‍ തീര്‍ത്തും ഭരണഘടനാ വിരുദ്ധമാണ്. സാമ്പത്തികം എന്ന മാനദണ്ഡം വച്ചു മാത്രം സംവരണം നല്‍കാനാവില്ല. ഇക്കാര്യം ഇന്ദിരാ സാഹ്നി കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയതാണ്. മാത്രമല്ല എം. നാഗരാജ് കേസില്‍ 50 ശതമാനമാണ് സംവരണത്തിനുള്ള പരിധിയെന്ന് വ്യക്തമാക്കിയതുമാണ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ജനറല്‍ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമായി ആനുകൂല്യം നല്‍കുകയും ചെയ്യുന്നതാണ് ബില്ലിലെ വ്യവസ്ഥയെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കൂടുതല്‍ ഹരജികള്‍ എത്തുമെന്നാണു സൂചന. മുന്നാക്ക ജാതിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന 124ാം ‘ഭരണഘടനാ ഭേദഗതി ബില്‍ 2019’ ചൊവ്വാഴ്ച ലോക്‌സഭയും ബുധനാഴ്ച രാജ്യസഭയും പാസാക്കിയിരുന്നു. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ച ബില്ല് അന്തിമ അനുമതിക്കായി രാഷ്ട്രപതിക്ക് അയക്കാനിരിക്കേയാണ് ഹരജി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.