2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

മുന്നറിയിപ്പ് ലഭിച്ചില്ല, വീഴ്ച പറ്റിയിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റു സംബന്ധിച്ച് സംസ്ഥാനത്തിനു വേണ്ട സമയത്ത് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അപ്രതീക്ഷിതമായ ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളാ തീരത്തുണ്ടായത്. നവംബര്‍ 28ന് മീന്‍പിടിത്തക്കാര്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഉപദേശിക്കുന്നു എന്നാണ് സമുദ്രനിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് ഇ-മെയില്‍ ആയോ ഫാക്‌സ് വഴിയോ സന്ദേശം സര്‍ക്കാരിനു ലഭിച്ചിരുന്നില്ല. 29ന് ഉച്ചയ്ക്ക് 2.30ന് ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസ് നല്‍കിയ അറിയിപ്പില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന ഉപദേശമാണ് ഉണ്ടായിരുന്നത്. അത് മാധ്യമങ്ങളിലുള്‍പ്പെടെ നല്‍കിയിരുന്നു. അച്ചടി മാധ്യമങ്ങളില്‍ ചിലതു മാത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയത്. പലതും അപ്രധാനമായ സ്ഥാനത്തുമായിരുന്നു.
30ന് രാവിലെ 8.30ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് ലഭിച്ച സന്ദേശത്തില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറും എന്ന അറിയിപ്പുണ്ടായി. ഈ അറിയിപ്പിനൊപ്പം നല്‍കിയ ഭൂപടത്തില്‍ ന്യൂനമര്‍ദ പാതയും ദിശയും കന്യാകുമാരിക്കു തെക്ക് 170 കിലോമീറ്റര്‍ ദൂരെയായിരുന്നു. മാത്രമല്ല ചുഴലി മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. അപ്പോഴും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഉപദേശിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയെന്ന അറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്.
12.05ന് എല്ലാ പ്രധാന ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിപ്പ് നല്‍കി. അപ്പോഴേക്കും മത്സ്യത്തൊഴിലാളികളില്‍ പലരും കടലിലേക്ക് പോയിക്കഴിഞ്ഞിരുന്നു.
കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് മാനദണ്ഡമനുസരിച്ച് മൂന്നു മുതല്‍ അഞ്ചു ദിവസം മുന്‍പു വരെ എല്ലാ 12 മണിക്കൂറും ഇടവിട്ട് മുന്നറിയിപ്പു സന്ദേശങ്ങള്‍ നല്‍കേണ്ടതാണ്. രണ്ടു ദിവസം മുന്‍പ് എല്ലാ മൂന്ന് മണിക്കൂറിലും ചുഴലിയുടെ തീവ്രത, പാത, ദിശ മുതലായവ സംബന്ധിച്ച് അറിയിപ്പ് നല്‍കേണ്ടതാണ്. എന്നാല്‍ ഓഖിയുടെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായില്ല. ചുഴലി സംബന്ധിച്ച മുന്നറിയിപ്പ് കണക്കിലെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കുകയും ചെയ്തു.
പ്രകൃതി ദുരന്തങ്ങള്‍ കൃത്യമായും മുന്‍കൂട്ടിയും പ്രവചിക്കുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ വേണമെന്ന അഭിപ്രായം കേന്ദ്രമന്ത്രിമാരും പങ്കുവച്ചിട്ടുണ്ട്.
മുന്നറിയിപ്പു ലഭിച്ച ശേഷം ഒരു നിമിഷം പോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ചുഴലി മുന്നറിയിപ്പ് ലഭിച്ച 30ന് ഒരു മണിക്കുതന്നെ കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവയെ ബന്ധപ്പെട്ടു. അവര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അവരും സംസ്ഥാന ഏജന്‍സികളും നല്ല ഏകോപനത്തിലൂടെയാണ് പ്രവര്‍ത്തിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഫിഷറീസ് മന്ത്രി, സഹകരണ മന്ത്രി എന്നിവരെ 30നു തന്നെ നിയോഗിച്ചിരുന്നു. കേന്ദ്ര സേനയോടൊപ്പം രണ്ടു മന്ത്രിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും കഴിഞ്ഞ ഒരാഴ്ചയായി തീരദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടായിരുന്നു.
കടലില്‍നിന്ന് 100 മീറ്റര്‍ പരിധിയിലെ എല്ലാ കെട്ടുറപ്പില്ലാത്ത വീടുകളും ഒഴിപ്പിക്കാന്‍ തീരുമാനിച്ചു. ഒഴിപ്പിക്കപ്പെട്ടവര്‍ക്കു വേണ്ടി സംസ്ഥാനത്താകെ 52 പുനരധിവാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ചു. 1,906 കുടുംബങ്ങളിലെ 8,556 പേര്‍ ഈ ക്യാംപുകളില്‍ ആശ്വാസം തേടി. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായും ലക്ഷദ്വീപുമായും ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. മഹാരാഷ്ട്രയിലേക്ക് പൊലിസ് സംഘത്തെ നിയോഗിച്ചു. മുംബൈ നോര്‍ക്ക ഡെവലപ്പ്‌മെന്റ് ഓഫിസര്‍ ഭദ്രന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവിടെ നേതൃത്വം നല്‍കി. സിന്ധുദുര്‍ഗ്, രത്‌നഗിരി, ഗോവ എിവിടങ്ങളിലെ മലയാളി അസോസിയേഷനുകളും സംസ്ഥാന സര്‍ക്കാരുകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പൂര്‍ണമായും സഹായിച്ചു.
തിരമാലകളില്‍നിന്ന് രക്ഷപ്പെട്ട് 700ഓളംപേര്‍ മറ്റു തീരങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും സാമ്പത്തിക സഹായവും ബോട്ടുകള്‍ക്ക് ആവശ്യമായ ഇന്ധനവും സര്‍ക്കാര്‍ മുന്‍കൈയോടെ ലഭ്യമാക്കി. അവരെ തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികളും ആരംഭിച്ചു. ചിലര്‍ നാട്ടിലെത്തി. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ നമ്മുടെ സഹോദരന്‍മാരെയും നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണ്. തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.