2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുത്വലാഖ് വിധിയും അനന്തര ഫലങ്ങളും

അഡ്വ: ഷെഹ്‌സാദ് ഹുദവി 9400373765

മുസ്‌ലിം വ്യക്തിനിയമത്തിലെ മുത്വലാഖ് വഴി നടത്തപ്പെടുന്ന വിവാഹമോചനം അസാധുവാണെന്ന് സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. കോടതിവിധി തങ്ങള്‍ക്കനുകൂലമാണെന്ന് ഭരിക്കുന്ന പാര്‍ട്ടിയും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും ഒരുപോലെ അവകാശപ്പെടുമ്പോഴും വിധിയുടെ അന്തരഫലങ്ങളെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നതാണ് വാസ്തവം. വ്യക്തിനിയമങ്ങളുടെ മതവും രാഷ്ട്രീയവും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെട്ട ശഹബാനു കേസ് അവസാനിക്കുന്നത് ഒരു പിടി ചോദ്യങ്ങളും ചര്‍ച്ചകളും ബാക്കിവച്ചാണ്.
വ്യത്യസ്ത മതങ്ങളില്‍പെട്ട അഞ്ചു ജഡ്ജിമാര്‍ ഒരുമിച്ചിരുന്ന് വാദം കേള്‍ക്കുകയും മൂന്ന് രീതിയില്‍ വിധിപ്രസ്താവം നടത്തുകയും ചെയ്ത ശഹബാനു കേസിലെ പരാമര്‍ശങ്ങളും നിരീക്ഷണങ്ങളും കാര്യഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. ഈ കേസില്‍ വ്യത്യസ്ത ജഡ്ജിമാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

ജ. ഖെഹാര്‍ & നസീര്‍
1. ഇന്ത്യന്‍ മുസ്‌ലിംകളിലെ 90 ശതമാനം വരുന്ന ഹനഫി മുസ്‌ലിംകളുടെ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം മുത്വലാഖ് വഴിയുള്ള വിവാഹമോചനം കുറ്റകരമാണെങ്കിലും നിയമപരമായി സാധുതയുള്ളതാണ്
2. മുത്വലാഖിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോടതി മുമ്പാകെ ഹാജരാക്കിയ ഹദീസുകളുടെയും തെളിവുകളുടെയും ആധികാരികത പരിശോധിക്കല്‍ കോടതികള്‍ക്ക് ഉചിതമല്ല.
3. ഹനഫി വിശ്വാസമനുസരിച്ച് മുത്വലാഖ് മതത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ഘടകമാണ്. മാത്രമല്ല, 1400 വര്‍ഷത്തിലധികമായി പിന്തുടരുന്ന ഈ പ്രാക്ടീസ് വ്യക്തിനിയമത്തിന്റെ ഭാഗമായി കരുതേണ്ടതുണ്ട്.
4. മുസ്‌ലിം സമൂഹത്തില്‍ നിലനിന്നിരുന്ന അനിസ്‌ലാമികമായ ആചാരങ്ങളെയും അനാരോഗ്യകരമായ പ്രവണതകളെയും നിര്‍ത്തലാക്കാന്‍ വേണ്ടിയാണ് 1937ലെ ശരീഅത്ത് ആക്ട് നിലവില്‍ വന്നത്.
5. ശരീഅത്ത് വ്യാഖ്യാനിക്കപ്പെടേണ്ടത് ഖുര്‍ആന്‍, ഹദീസ്, ഇജ്മാ, ഖിയാസ് എന്നിവയെ അടിസ്ഥാനമാക്കിയാണ്.
6. 1937ലെ ശരീഅത്ത് ആക്ട് ഭരണഘടനയുടെ 13-ാം അനുച്ഛേദം വിവക്ഷിക്കുന്ന ‘പ്രാബല്യത്തിലുള്ള നിയമങ്ങള്‍’ എന്ന പരിധിയില്‍ വരില്ലെന്നതിനാല്‍ അവയുടെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടതില്ല.
7. മുത്വലാഖ് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി, ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, മതസ്വാതന്ത്ര്യം (അൃശേരഹല 14,15,21,25) തുടങ്ങിയ മൗലികാവകാശങ്ങളെ ഹനിക്കുന്നില്ല.
8. മുത്വലാഖ് വ്യക്തിനിയമത്തന്റെ ഭാഗമായതിനാല്‍ തന്നെ മൗലികാവകാശങ്ങള്‍ക്ക് തുല്യമായ സ്ഥാനം കല്‍പ്പിക്കേണ്ടതുണ്ട്. മുത്വലാഖ് ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതിയുടെ ഇടപെടല്‍ വഴി അസാധുവാക്കുക സാധ്യമല്ല.
9. വിവിധ മതങ്ങളില്‍ നിലനിന്നിരുന്ന ‘സാമൂഹികമായി അസ്വീകാര്യമായിരുന്ന ആചാരങ്ങളെ’ ഇല്ലാതാക്കിയത് നിയമനിര്‍മാണം വഴിയാണ്. ഭരണഘടനയുടെ 25 (2), 44 എന്നീ അനുച്ഛേദങ്ങള്‍ വഴി മതവുമായി കൂടിക്കലര്‍ന്നുനില്‍ക്കുന്ന സാമ്പത്തികവും രാഷ്ട്രീയപരവുമായിട്ടുള്ള കാര്യങ്ങളെ നിയന്ത്രിക്കാനും സാമൂഹികപരിവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിയമങ്ങള്‍ നിര്‍മിക്കാനും നിയമനിര്‍മാണ സഭകള്‍ക്ക് അധികാരമുണ്ട്.
10. മുത്വലാഖ് വ്യക്തിനിയമത്തന്റെ ഭാഗമായതിനാലും മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതിനാലും അന്താരാഷ്ട്ര നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന വാദങ്ങള്‍ക്ക് പ്രസക്തിയില്ല.

ജ.നരിമാന്‍ & യു.യു ലളിത്
1. 1937ലെ ശരീഅത്ത് ആക്ട് മുത്വലാഖുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ക്രോഡീകരിക്കപ്പെട്ട ‘നിയമ’മാണ്. ഭരണഘടനയുടെ 13-ാം അനുച്ഛേദം വിവക്ഷിക്കുന്ന ‘പ്രാബല്യത്തിലുള്ള നിയമ’മായതിനാല്‍ അവയുടെ ഭരണഘടന സാധുത പരിശോധിക്കപ്പെടേണ്ടത് അനിവാര്യമാണ്.
2. വ്യക്തിനിയമങ്ങളില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍, അത്തരം നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ട്.
3. മുത്വലാഖ് സ്വേച്ഛാപരവും ഏകപക്ഷീയവുമാണെന്നതിനാല്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയുടെ ലംഘനമാണ്.
4. ഭരണഘടനയുടെ 25-ാം അനുച്ഛേദം വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം ‘മതത്തിന്റെ അനിവാര്യവും അവിഭാജ്യമായ’ ഘടകങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. മുത്വലാഖ് മതത്തിന്റെ അവിഭാജ്യമായ ഘടകമല്ല എന്നതിനാല്‍ മതസ്വാതന്ത്ര്യത്തിന്റെ പരിരക്ഷ ലഭ്യമല്ല.
4. ഇസ്‌ലാമിലെ കര്‍മങ്ങളെ നിര്‍ബന്ധം (ഫര്‍ള്), അഭിലഷണീയം (സുന്നത്), അനുവദനീയം (ജാഇസ്), അനഭിലഷണീയം (കറാഹത്), നിഷിദ്ധം (ഹറാം) എന്നിങ്ങനെ അഞ്ചായി വേര്‍തിരിക്കാം. മുത്ത്വലാഖ് അനുവദനീയമോ അനഭിലഷണീയമോ ആയതിനാല്‍തന്നെ ഇസ്‌ലാമിക നിയമങ്ങളുടെ അവിഭാജ്യവും അനിവാര്യവുമായ ഘടകമല്ല എന്ന് വ്യക്തമാണ്.

ജ. കുര്യന്‍ ജോസഫ്
1. ഖുര്‍ആന്‍, ഹദീസ്, ഇജ്മാ, ഖിയാസ് എന്നിവയാണ് ശരിഅത്ത് നിയമങ്ങളുടെ സ്രോതസ്സുകള്‍. ഇവയില്‍ പ്രഥമഗണനീയം ഖുര്‍ആന്‍ ആണ്. മറ്റു സ്രോതസ്സുകള്‍ ഖുര്‍ആനിന്റെ അനുബന്ധങ്ങള്‍ മാത്രമാണ്. ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി മറ്റു സ്രോതസ്സുകളില്‍ വല്ലതും കാണുന്ന പക്ഷം അവ സ്വീകരിക്കപ്പെടില്ല.
2. മുത്വലാഖ് ഖുറാനില്‍ പ്രതിപാദിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, അത് ഖുര്‍ആനിലെ വ്യക്തവും പ്രകടവുമായ സൂക്തങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും വിരുദ്ധവുമാണ്.
3. മുസ്‌ലിംനിയമപ്രകാരം വിവാഹമോചനത്തിന് മുന്നോടിയായി ദമ്പതികള്‍ക്കിടയില്‍ അനുരഞ്ജനശ്രമങ്ങള്‍ നടക്കുകയും വേര്‍പിരിയുന്നതിന് മതിയായ കാരണം കാണിക്കുകയും വേണമെന്ന് 2002ലെ ഷമീം അറ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. മുത്വലാഖ് വഴിയുള്ള വിവാഹമോചനത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ലെന്നതിനാല്‍ അവ ഖുര്‍ആനിക വിരുദ്ധമാണ്.
4. 1937ലെ ശരീഅത്ത് ആക്ടില്‍ മുത്വലാഖ് പ്രതിപാദ്യവിഷയമല്ല. 1937ലെ ആക്ട് വന്നതിനു ശേഷം ഖുര്‍ആനിന് വിരുദ്ധമായ കാര്യം അതിലേക്ക് കൂട്ടിച്ചേര്‍ക്കുക അസാധ്യവുമാണ്. മാത്രമല്ല, ത്വലാഖുമായി ബന്ധപ്പെട്ട നിയമങ്ങളോ നടപടിക്രമങ്ങളോ ഈ നിയമത്തിനു കീഴില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുമില്ല.
5. പൊതു നന്‍മ, സന്മാര്‍ഗികത, ആരോഗ്യം, മറ്റു മൗലികാവകാശങ്ങള്‍ എന്നിവക്ക് വിധേയമായി മാത്രമേ മതസ്വാതന്ത്ര്യം അനുവദിക്കപ്പെടുകയുള്ളൂ. മുത്വലാഖ് മതത്തിന്റെ അനിവാര്യവും അവിഭാജ്യമായ ഘടകമല്ലാത്തതു കൊണ്ട് തന്നെ മതസ്വാതന്ത്ര്യത്തിന്റെ പരിരക്ഷ ലഭ്യമാവുകയില്ല.
വ്യക്തിനിയമങ്ങള്‍ ഭരണഘടനയുടെ 13-ാം അനുച്ഛേദമനുസരിച്ച് ‘പ്രാബല്യത്തിലുള്ള നിയമങ്ങള്‍’ എന്ന പരിധിയില്‍ വരില്ലെന്ന ശ്രീകൃഷ്ണ സിങ്- മധുര അഹിര്‍ സിങ് (1981) കേസിലെ വിധിയുടെയും അവ നിയമനിര്‍മാണ സഭയുടെ നയങ്ങളുടെ ഭാഗമാണെന്ന അഹ്മദാബാദ് വുമണ്‍ ആക്ഷന്‍ ഗ്രൂപ്പ് (1997) കേസിലെ വിധിയുടെയും അടിസ്ഥാനത്തില്‍ 1937 ലെ ശരീഅത്ത് ആക്ടിന്റെ ഭരണഘടന സാധുത പരിശോധിക്കപ്പെടേണ്ടതില്ല.
ചുരുക്കത്തില്‍, മുത്വലാഖ് സ്വേച്ഛാപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ജസ്റ്റിസുമാരായ നരിമാനും യു.യു ലളിത് എന്നിവരുടെ വിധിന്യായവും മുത്വലാഖ് ശരീഅത്ത്് വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിധിപ്രസ്താവവും കൂട്ടിവായിക്കുമ്പോഴാണ് മുത്വലാഖ് അസാധുവായി പ്രഖ്യാപിക്കപ്പെട്ടത്. അതോടെ, മുത്വലാഖ് വ്യക്തിനിയമങ്ങളുടെ ഭാഗമാണെന്നും മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുമുള്ള ജസ്റ്റിസുമാരായ ഖെഹാര്‍, നസീര്‍ എന്നിവരുടെ വിധി ന്യൂനപക്ഷാഭിപ്രായവുമായി മാറി.
അതേസമയം. വ്യക്തിനിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കപ്പെടാന്‍ കഴിയില്ലെന്നും അവ നിയമനിര്‍മാണ സഭകളുടെ നയരൂപീകരണവുമായി ബന്ധപ്പെട്ട കാര്യവുമാണെന്ന ജ. കുര്യന്‍ ജോസഫിന്റെ വിധിന്യായവും കാലങ്ങളായി നിലനില്‍ക്കുന്ന ശരീഅത്തിന്റെ പ്രഖ്യാപനം മാത്രമാണ്. 1937ലെ ശരീഅത്ത് ആക്ട് എന്നും ഭരണഘടനയുടെ 13-ാം അനുച്ഛേദം വിവക്ഷിക്കുന്ന ‘പ്രാബല്യത്തിലുള്ള നിയമങ്ങള്‍’ എന്ന നിര്‍വചനത്തിനു കീഴില്‍ വരില്ലെന്ന ജസ്റ്റിസുമാരായ ഖെഹാര്‍, നസീര്‍ എന്നിവരുടെ വിധിന്യായവും മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിരക്ഷ ഉറപ്പാക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, വ്യക്തിനിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്നും മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാമെന്നുമുള്ള ജോണ്‍ വല്ലമറ്റം (2003), മസിലാമണി മുതലിയാര്‍ (1996) കേസുകളിലെ വിധിന്യായങ്ങള്‍ ദുര്‍ബലപ്പെടുത്തുകയും അപ്രസക്തമാകുകയും ചെയ്യുന്ന ഈ വിധി സ്വാഗതാര്‍ഹമാണ്.

(തുടരും)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.