2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുത്വലാഖ്: കോടതികള്‍ മതതീര്‍പ്പിനെ മറികടക്കരുതെന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍

മലപ്പുറം:  മുത്വലാഖ് സംബന്ധിച്ച് കേരളാ ഹൈക്കോടതി നടത്തിയ വിധി പ്രസ്താവം ശരീഅത്തിനു വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പോലും മുത്വലാഖ് നിരോധിച്ചതായും മുത്വലാഖ് ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള കോടതി പരാമര്‍ശം അനുചിതമായി.
വിവാഹമോചനത്തിന് ഏകീകൃത രൂപത്തിലൂടെ നിയമമുണ്ടാക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടത് ഏകീകൃത വ്യക്തി നിയമത്തിലേക്ക് ഭരണകൂടത്തെ പാകപ്പെടുത്താന്‍ സഹായിക്കലാണ്. ഇത്തരം നിലപാടുകള്‍ മതന്യൂനപക്ഷങ്ങളിലും മതേതര വിശ്വാസികളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിക ശരീഅത്ത് സമ്പൂര്‍ണവും സമഗ്രവുമാണ്. നാല് കര്‍മശാസ്ത്ര സരണികള്‍ വ്യക്തത വരുത്തി വിശദീകരിച്ചിട്ടുള്ളതാണ്. മൂന്ന് ത്വലാഖ് ഒന്നിച്ചായാലും ഘട്ടംഘട്ടമായാലും സാധുവാണെന്ന ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥ കോടതികളുടെ ഇടപെടലുകള്‍ക്ക് വിധേയമല്ല.
മതവിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ മതപണ്ഡിതന്‍മാര്‍ക്ക് മാത്രമേ അവകാശമുള്ളൂ. ഇക്കാര്യങ്ങള്‍ കോടതികള്‍ പരിഗണിക്കാതെ പോകുന്നത് ദുഃഖകരമാണ്.
ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ ശരീഅത്ത് വിരുദ്ധമായി നടപ്പിലാക്കപ്പെടുന്ന നിയമങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശരീഅത്തില്‍ ഭേദഗതി വാദം ഉയര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമില്‍ സ്ത്രീകള്‍ക്കോ പുരുഷന്‍മാര്‍ക്കോ അനുചിതമായി, വിവേചനപരമായി യാതൊരു വ്യവസ്ഥയും ഇല്ല. ശരീഅത്ത് സംബന്ധിച്ച് അടിക്കടി ഉണ്ടാകുന്ന ഇത്തരം വിധികളും നിരീക്ഷണങ്ങളും മതവിശ്വാസികളില്‍ കടുത്ത നിരാശയും ദുഃഖവും വളര്‍ത്തിയിട്ടുണ്ട്. വിവാഹവും വിവാഹമോചനവും അതിന്റെ രീതികളും സാഹചര്യങ്ങളും സാധുവാകുന്നതും അസാധുവാകുന്നതുമായ രൂപങ്ങള്‍ ഇസ്‌ലാം ശരീഅത്ത് കൃത്യമായി പറഞ്ഞിട്ടുണ്ട്.
അതിലൊരിടത്തും ലിംഗവിവേചനമോ അനീതിയോ കാണാന്‍ കഴിയില്ല. വിശ്വാസികളെ വിശ്വാസ പ്രമാണമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുക എന്ന നൈതികത ചോദ്യം ചെയ്യപ്പെട്ടുകൂടെന്നും ശരീഅത്ത് സംബന്ധിച്ച സമ്പൂര്‍ണ വിധികള്‍ പണ്ഡിതരില്‍ മാത്രം നിക്ഷിപ്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.