2018 December 17 Monday
ചെടിക്കു വെള്ളംപോലെ ആശയത്തിനു പ്രചാരണം ആവശ്യമാണ് ഇല്ലാത്ത പക്ഷം രണ്ടും കൊഴിഞ്ഞു നശിക്കും

മുത്തങ്ങ സമരത്തിന് 15 വയസ്

ഭൂമി വിതരണത്തിന്റെ ഒന്നാംഘട്ടം ഇപ്പോഴും പൂര്‍ത്തിയായില്ല

 

കല്‍പ്പറ്റ: മുത്തങ്ങ സമരത്തിന്റെ 15-ാം വാര്‍ഷിക ദിനമായ ഇന്ന് ആദിവാസി സമുദായ സംഘടനകള്‍ കൈകോര്‍ത്ത് രാഷ്ട്രീയാധികാരം നേടാനുള്ള സമരത്തിന് തിരി തെളിക്കുമ്പോഴും മണ്ണിന് വേണ്ടിയുള്ള മുത്തങ്ങ സമരത്തില്‍ അണിനിരന്ന ഭൂരിപക്ഷം ആദിവാസി കുടുംബങ്ങളും ഇപ്പോഴും ഭൂരഹിതര്‍.
2003ല്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തില്‍ പങ്കെടുത്ത ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 150 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതിനകം ഭൂമി ലഭിച്ചത്.
ആദിവാസി ഗോത്രമഹാസഭയുടെ കണക്കനുസരിച്ച് 637 കുടുംബങ്ങളാണ് മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത്. 447 കുടുംബങ്ങള്‍ മുത്തങ്ങ വനത്തില്‍ സമരത്തിനെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഗോത്രസമഹാസഭ നേതാക്കളായ സി.കെ ജാനുവും എം ഗീതാനന്ദനും 2014ല്‍ സെക്രട്ടറിയറ്റ് നടയില്‍ നയിച്ച 162 ദിവസം നീണ്ട നില്‍പ്പുസമരത്തെത്തുടര്‍ന്നാണ് മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ഭൂരിഹിത ആദിവാസി കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ ഭൂമി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതില്‍ അര്‍ഹതയുള്ളതെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതില്‍ 283 കുടുംബങ്ങളെയാണ് ഭൂവിതരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 133 കുടുംബങ്ങള്‍ക്കാണ് ഭൂമി ലഭിക്കാനുള്ളത്. ഗോത്രമഹാസഭയുടെ കണക്കനുസരിച്ച് 486 കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കണം.
ഒന്നാം ഘട്ടം ഭൂവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഭരണകൂടം രണ്ടാംഘട്ടത്തിന്റെ കാര്യത്തില്‍ മൗനത്തിലുമാണ്. ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയതില്‍ അവശേഷിക്കുന്ന കുടുംബങ്ങള്‍ക്കായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് വൈകാതെ അളന്നുതിരിച്ച് വിതരണം ചെയ്യുമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നുത്.
മാനന്തവാടി താലൂക്കിലെ കാഞ്ഞിരങ്ങാട്, വാളാട്, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചേനാട്, ഇരുളം, വൈത്തിരി താലൂക്കിലെ വെള്ളരിമല, ചുണ്ടേല്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ടതാണ് ഇതിനകം വിതരണം ചെയ്ത ഭൂമി. ഏറ്റവും ഒടുവില്‍ വെള്ളരിമല വില്ലേജിലാണ് 56 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും പി.കെ ജയലക്ഷ്മി പട്ടികവര്‍ഗക്ഷേമ മന്ത്രിയുമായിരുന്നപ്പോഴാണ് മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തതില്‍ ഭൂമിക്ക് അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക തയാറാക്കിയത്.
2003 ജനുവരിയിലാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ആദിവാസി കുടുംബങ്ങള്‍ മുത്തങ്ങ വൈല്‍ഡ് ലൈഫ് റെയ്ഞ്ചിലെ തകരപ്പാടിയിലും സമീപങ്ങളിലും വനം കൈയേറി കുടില്‍ കെട്ടിയത്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് പൊലിസ് വനം-സേനകള്‍ സയുക്തമായി ഫെബ്രുവരി 19ന് നടത്തിയ കുടിയിറക്ക് മുത്തങ്ങ വനത്തെ യുദ്ധക്കളത്തിനു സമാനമാക്കിയിരുന്നു. സമരക്കാരില്‍ ചിലര്‍ കുടിയിറക്കിനെതിരേ ഉയര്‍ത്തിയ പ്രതിരോധത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ഒരു പൊലിസുകാരന്‍ മരിച്ചു. സന്ധ്യയോടെ നടന്ന പൊലിസ് നീക്കത്തില്‍ വെടിയേറ്റ് ഒരു ആദിവാസിയുടെയും ജീവന്‍ പൊലിഞ്ഞു. കേരളത്തിനു പുറത്തും വന്‍ മാധ്യമശ്രദ്ധ നേടിയ മുത്തങ്ങ സമരം നടന്ന് ഒരു പതിറ്റാണ്ടുകഴിഞ്ഞിട്ടും ഭൂവിതരണം നടക്കാത്ത സാഹചര്യത്തിലായിരുന്നു സെക്രട്ടറിയറ്റ് പടിക്കലെ നില്‍പ്പുസമരം.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.