2019 January 16 Wednesday
ഉള്ളില്‍ തട്ടിയുള്ള പ്രാര്‍ത്ഥന ചുണ്ടുകള്‍ കൊണ്ടുള്ള ഏറ്റുപറച്ചിലല്ല. അന്തര്‍മണ്ഡലത്തില്‍ നിന്നുള്ള തീവ്രാഭിലാഷമത്രെ.

മുട്ടം ജില്ലാ ജയില്‍ യാഥാര്‍ഥ്യമാകുന്നു

 

തൊടുപുഴ: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ മുട്ടം ജില്ലാ ജയില്‍ യാഥാര്‍ഥ്യമാകുന്നു. ജയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ചു.
ജീവനക്കാരെ കൂടി അനുവദിച്ചാല്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലിലേക്ക് ആവശ്യമായ ഉപകരണങ്ങളും പാത്രങ്ങളും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. കുടിവെള്ള സംവിധാനം മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. അതും ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി.
ജയിലില്‍ ഒന്നാംഘട്ടമായി 29 ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതില്‍ ജയില്‍ സൂപ്രണ്ടിനേയും രണ്ട് ക്ലാര്‍ക്ക്മാരേയും ഒരു ഡ്രൈവറേയും ഇവിടേക്ക് നിയമിക്കുകയും ചെയ്തു. ബാക്കി ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിയമനം പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് ജയില്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. നിലവില്‍ ക്വാര്‍ട്ടേഴ്‌സിന്റ നിര്‍മാണ ജോലികളാണ് നടക്കുന്നത്. ഇതു പൂര്‍ത്തിയായില്ലെങ്കിലും താല്‍കാലികമായി ജയിലിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും.
2016 ഫെബ്രുവരി 29നാണ് ജയിലിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നത് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിപ്പിച്ചു. കഞ്ഞിക്കുഴി, മുരിക്കാശേരി, ഇടുക്കി പൊലിസ് സ്റ്റേഷനുകളിലെ പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിലാണ് പാര്‍പ്പിക്കുന്നത്.
മുട്ടത്ത് പത്തോളം കോടതികളും ഇടുക്കിയില്‍ മൂന്ന് കോടതിയുമുണ്ട്. ഈ കോടതികളില്‍ നിന്ന് മൂവാറ്റുപുഴയില്‍ എത്തിക്കുന്ന പ്രതികളെ ജയിലില്‍ നിന്ന് മുട്ടം, ഇടുക്കി കോടതികളില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതും പൊലിസിന് ഏറെ ബുദ്ധിമുട്ടാണ്. ഇതോടൊപ്പം നല്ലൊരു തുക യാത്രാപടി ഇനത്തില്‍ നഷ്ടപ്പെടുകയും ചെയ്യും. പ്രതികള്‍ കോടതിയിലേക്കുള്ള വഴി പൊലിസിനെ വെട്ടിച്ചു രക്ഷപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് മുട്ടത്തെ ജില്ലാ ജയില്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ പരിഹാരമാകും. ഏകദേശം 70 ഉദ്യോഗസ്ഥരെയാണ് ആവശ്യമുള്ളത്. ഏഴരക്കോടി രൂപ വകയിരുത്തി പണിയുന്ന ജില്ലാ ജയിലില്‍ 168 പുരുഷ തടവുകാരെയും 27 വനിതാ തടവുകാരെയും പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഉണ്ടാവുക. മൂവാറ്റുപുഴയടക്കമുള്ള ജയിലുകളില്‍ തടവുപുള്ളികള്‍ അധികമായതിനാല്‍ പുതിയതായി എത്തുന്നവരെ താമസിപ്പിക്കാനും കഴിയാതെ ജയിലധികൃതര്‍ ബുദ്ധിമുട്ടുമ്പോഴാണ് മുട്ടം ജയിലിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നത്. ജില്ലാ ജയില്‍ യാഥാര്‍ഥ്യമായാല്‍ കോടതിയും ജയിലും തമ്മില്‍ 100 മീറ്റര്‍ മാത്രം അകലമേ ഉള്ളൂ.
വനിതകളെ ഉള്‍പ്പെടെ 300 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ജയിലിനുള്ളത്. എന്നാല്‍ അടിയന്തരഘട്ടത്തില്‍ ഇതിന്റെ ഇരട്ടിയോളം ആളുകളെ പാര്‍പ്പിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ പുരുഷ തടവുകാരെ മൂവാറ്റുപുഴ സബ് ജയിലിലും വനിതാ തടവുകാരെ കാക്കനാടുമാണ് പാര്‍പ്പിക്കുന്നത്. മുട്ടം ജില്ലാ ജയില്‍ യാഥാര്‍ഥ്യമായാല്‍ തടവുകാരെ കൊണ്ടുള്ള യാത്ര ഒഴിവാക്കാനും കൂടുതല്‍ സുരക്ഷിതമായി ഇവരെ പാര്‍പ്പിക്കാനും സാധിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.