2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മുജാഹിദ് ഐക്യം ഫലം ചെയ്യുമോ?

അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

മുജാഹിദിലെ രണ്ട് പ്രധാന ഗ്രൂപ്പുകള്‍ ഒന്നായി. പോയവാരത്തിലെ ഒരു പ്രധാന വാര്‍ത്തയായിരുന്നു മുജാഹിദ് ലയനം. 1924 ല്‍ നിലവില്‍വന്ന മുജാഹിദ് പ്രസ്ഥാനം പാരമ്പര്യ ഇസ്്‌ലാമിക വിശ്വാസങ്ങളിലും ആചാരങ്ങളിലും ചില ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ടാണ് രംഗപ്രവേശം ചെയ്തത്.
ഇസ്്‌ലാമിക നിയമങ്ങളുടെ മൂലപ്രമാണങ്ങള്‍ ഖുര്‍ആനും സുന്നത്തുമാണ്. സുന്നത്ത് എന്നാല്‍ പ്രവാചകചര്യ. ഈ രണ്ട് പ്രമാണങ്ങള്‍ക്ക് സച്ചരിതരായ മുന്‍ഗാമികള്‍ നല്‍കിയ വ്യാഖ്യാനങ്ങള്‍ പൂര്‍വകാലത്ത് തന്നെ ക്രോഢീകരിക്കപ്പെട്ടിട്ടുണ്ട്. മതനിയമങ്ങള്‍ സമ്പൂര്‍ണമായി നാല് മദ്ഹബുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിയമങ്ങളെയാണ് പാരമ്പര്യ മുസ്്‌ലിംകള്‍ അംഗീകരിച്ച് വരുന്നത്. എന്നാല്‍ മൂലപ്രമാണങ്ങളില്‍നിന്ന് നേരിട്ട് മതവിധികള്‍ ഓരോരുത്തരും കണ്ടെത്തണമെന്നാണ് മുജാഹിദ് വിഭാഗം സിദ്ധാന്തിക്കുന്നത്. ഈ നിലപാടാണ് മുജാഹിദ് ഭിന്നിപ്പിന്റെ അടിവേര്.
മുജാഹിദ് മൗലവിമാര്‍ പ്രമാണങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിച്ചപ്പോള്‍ വ്യത്യസ്ത ആശയങ്ങള്‍ ഉടലെടുത്തു. ഈ ആശയ വൈരുധ്യങ്ങള്‍ ചേരിതിരിവിലേക്കും ഗ്രൂപ്പുകളിലേക്കും വഴിവച്ചു. ഇന്നിപ്പോള്‍ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി മുജാഹിദ് പ്രസ്ഥാനം ശിഥിലമായിരിക്കയാണ്. ഗ്രൂപ്പുകള്‍ പരസ്പരം ശിര്‍ക്ക് (ബഹുദൈവവിശ്വാസം) ആരോപണം വരെ നടത്തുന്നുണ്ട്. ഇന്ത്യയില്‍ ജീവിച്ചാല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനാവില്ലെന്ന് പറഞ്ഞ് രാജ്യം വിട്ടവര്‍ സലഫി പ്രവര്‍ത്തകരാണ്.
ജിന്നുകളും പിശാചുകളും പരിസരത്തുണ്ടാകുമെന്നതിനാല്‍ പുറത്തേക്ക് ചുടുവെള്ളമൊഴിക്കുന്നതുപോലും ശ്രദ്ധിച്ച് വേണമെന്നും മേശയുടെ വലിപ്പ് അടക്കുമ്പോള്‍ പിശാച് ഇടയില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറയുന്ന തീവ്ര നവയാഥാസ്ഥികരും മുജാഹിദ് പ്രവര്‍ത്തകരിലുണ്ട്.
രണ്ടാം പ്രമാണമായ സുന്നത്തിനെ ഭാഗികമായി നിഷേധിക്കുന്നവരും തൗഹീദി (ഏകദൈവ വിശ്വാസം)ന്റെ വചനത്തിന് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരുമായ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ അതേപടി ഇപ്പോഴും തുടരുന്നു. യോജിപ്പിലെത്തിയെന്ന് അവകാശപ്പെടുന്ന ഗ്രൂപ്പുകള്‍പോലും രാഷ്ട്രീയ കക്ഷികള്‍ യോജിക്കുന്നത്‌പോലെ ഐക്യസമ്മേളം നടത്തിയെന്നല്ലാതെ ആശയപരമായ വിഷയങ്ങളില്‍ എന്ത് തീരുമാനമെടുത്തുവെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഐക്യത്തിലെത്തിയവര്‍ ഔദ്യോഗിക വിഭാഗവും മടവൂര്‍ വിഭാഗവുമാണ്. ഇവര്‍ തമ്മില്‍ നിലനിന്നിരുന്ന പ്രധാന ഭിന്നതകള്‍ താഴെ പറയുന്നവയാണ്.
1- അദൃശ്യമായ നിലയില്‍ ജിന്ന് വര്‍ഗത്തോട് സഹായം തേടിയാല്‍ ശിര്‍ക്കാ(ബഹുദൈവവിശ്വാസം)കില്ല.
2- അദൃശ്യമായ നിലയില്‍ മലക്കുകളോട് സഹായം തേടിയാല്‍ ശിര്‍ക്കാകില്ല.
3- സിഹ്ര്‍ (മാരണം) ഫലിക്കും. അദൃശ്യമായ നിലയില്‍ പിശാചാണ് മാരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
4- മറഞ്ഞ കാര്യം ജിന്നിനും പിശാചിനും മലക്കിനും അറിയും.
5- മനുഷ്യന്‍, ജിന്ന്, പിശാച്, മലക്ക് തുടങ്ങി എല്ലാ സൃഷ്ടികളുടെയും കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടുന്നതിനാണ് പ്രാര്‍ഥന എന്ന് പറയുക.
6- സ്വഹീഹായ (കുറ്റമറ്റ) എല്ലാ ഹദീസുകളും സ്വീകരിക്കപ്പെടണം.
7- ഖുര്‍ആനും സുന്നത്തും സ്വതന്ത്രമായി വ്യാഖ്യാനിക്കാവതല്ല. സച്ചരിതരായ മുന്‍ഗാമികളുടെ വ്യാഖ്യാനങ്ങളാണ് സ്വീകരിക്കേണ്ടത്.
ഇതെല്ലാം ഔദ്യോഗിക വിഭാഗത്തിന്റെ നിലപാടുകളാണ്. എന്നാല്‍ മറുവിഭാഗം ഇപ്പറഞ്ഞതൊന്നും അംഗീകരിക്കുന്നില്ല. ഉധൃത വാദങ്ങളുടെ നേര്‍വിപരീത ആശയങ്ങളാണ് മടവൂര്‍ വിഭാഗം വച്ച് പുലര്‍ത്തുന്നത്. അടിസ്ഥാനപരമായ ഇത്തരം കാര്യങ്ങളില്‍ യോജിപ്പിലെത്താതെ ഉണ്ടാക്കിയ ഈ ഐക്യം എത്രകാലം നിലനില്‍ക്കും?
ഒരു ഉദാഹരണം കാണുക. മനുഷ്യ കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ഥന. മടവൂര്‍ വിഭാഗം പ്രാര്‍ഥനയ്ക്ക് നല്‍കുന്ന നിര്‍വചനമാണിത്. ഇതനുസരിച്ച് ഒരാള്‍ മലക്കിനോടോ പിശാചിനോടോ സഹായം തേടിയാല്‍ അത് ശിര്‍ക്കാണ്. ബഹുദൈവ വിശ്വാസമാണ്. അത് വഴി അയാള്‍ ഇസ്്‌ലാമിക വൃത്തത്തില്‍നിന്ന് പുറത്തുപോയി.
ഔദ്യോഗിക വിഭാഗം പ്രാര്‍ഥനയ്ക്ക് നല്‍കുന്ന നിര്‍വചനം സൃഷ്ടികളുടെ കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് എന്നാണ്. ഇതനുസരിച്ച് പിശാച്, മലക്ക് തുടങ്ങിയ സൃഷ്ടികളോട് സഹായം തേടിയവര്‍ ബഹുദൈവ വിശ്വാസികളല്ല. ഇസ്്‌ലാമിക വൃത്തത്തിന് പുറത്തുമല്ല. ഇസ്്‌ലാമിന്റെ ആണിക്കല്ലായ ഏകദൈവ വിശ്വാസ വിഷയത്തില്‍പ്പോലും തീര്‍പ്പ് കല്‍പിക്കാനാവാത്ത ഇവര്‍ മറ്റുള്ളവര്‍ക്ക് എങ്ങനെ തൗഹീദ് (ഏകദൈവ വിശ്വാസം) പഠിപ്പിക്കും? ‘ലാഇലാഹ ഇല്ലല്ലാഹ് ‘ എന്ന തൗഹീദിന്റെ വചനത്തിന് ‘അദൃശ്യമായ നിലയില്‍ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവര്‍ അല്ലാഹു മാത്രം)’ എന്ന വ്യാജാര്‍ഥം അംഗീകരിക്കുക വഴിയാണ് മുജാഹിദ് പ്രസ്ഥാനം അപകടകരമായ ഈ സ്ഥിതി വിശേഷത്തിലെത്തിയത്. തൗഹീദിന്റെ വചനത്തിന് ചരിത്രത്തില്‍ പ്രാമാണികരായ ഒരാളും ഇപ്രകാരം അര്‍ഥകല്‍പന നടത്തിയിട്ടില്ല. ചരിത്രത്തിലാദ്യമായി ഇങ്ങനെ അര്‍ഥം നല്‍കിയത് 1935 ല്‍ അന്തരിച്ച സയ്യിദ് റശീദ് രിസയാണ്.
മലക്കുകളും ജിന്നുകളുമെന്നപോലെ വിശുദ്ധാത്മാക്കളും മറഞ്ഞ വഴിയില്‍ ഗുണം ചെയ്യുമെന്ന ഇസ്്‌ലാമിക വിശ്വാസം ചോദ്യം ചെയ്യാനായിരുന്നു റശീദ് രിസ ഈ പുതിയ നിര്‍വചനം ആവിഷ്‌കരിച്ചത്. പക്ഷെ, അത് അവര്‍ക്ക് തന്നെ വിനയായി. റശീദ് രിസയെ ലോക സലഫികളോ ഇഖ്‌വാനികളോ സുന്നികളോ അംഗീകരിക്കുന്നില്ലെന്നതാണ് സത്യം. റശീദ് രിസ, മുഹമ്മദ് അബ്ദു, ജമാലുദ്ദീന്‍ അഫ്ഗാനി എന്നിവരെ പാശ്ചാത്യരുടെ ഏജന്റുമാരായാണ് ഇസ്്‌ലാമിക ലോകം കണക്കാക്കുന്നത്.
ജിന്നും പിശാചും മലക്കും അദൃശ്യമായ നിലയില്‍ ഉപകാരവും ഉപദ്രവവും വരുത്തുമെന്ന കാര്യം അംഗീകരിക്കണമെന്ന് പറയുമ്പോള്‍ മഹാത്മാക്കളോടുള്ള സഹായ തേട്ടം അംഗീകരിക്കേണ്ടി വരും. മലക്കുകള്‍ മനുഷ്യനെ അല്ലാഹുവിന്റെ നിര്‍ദേശാനുസരണം അപകടങ്ങളില്‍ നിന്ന് കാക്കുമെന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ട്. ‘ഇടവിടാതെ വന്നുകൊണ്ടിരിക്കുന്ന ചില മലക്കുകള്‍ മനുഷ്യന്റെ മുന്നിലും പിന്നിലുമുണ്ട്. അല്ലാഹുവിന്റെ കല്‍പനയാല്‍ അവര്‍ അവനെ രക്ഷിക്കുന്നു (റഅ്ദ് 11). ചരിത്ര പ്രസിദ്ധമായ ബദറില്‍ മലക്കുകള്‍ നേരിട് ഇറങ്ങി മുസ്്‌ലിംകളെ സഹായിക്കുകയും പ്രതിയോഗികളോട് യുദ്ധം ചെയ്യുകയും ചെയ്ത സംഭവം ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സുലൈമാന്‍ നബി (അ)നെ ജിന്നുകള്‍ പലരൂപത്തിലും സഹായിച്ചിരുന്നു. ‘അദ്ദേഹത്തിനു വേണ്ടി ഉയര്‍ന്ന കെട്ടിടങ്ങള്‍, പ്രതിമകള്‍, ജലാശയങ്ങളെ പോലെയുള്ള വലിയ തൊട്ടിപ്പാത്രങ്ങള്‍, ഇളകാതെ ഉറച്ചു നില്‍ക്കുന്ന വലിയ പാചകപ്പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെല്ലാം അവരുണ്ടാക്കിക്കൊടുത്തിരുന്നു’.(സബഅ് 13) ഇതെല്ലാം തെളിയിക്കുന്നത് മലക്കുകള്‍ക്ക് മറഞ്ഞവഴിയില്‍ ഉപകാരം ചെയ്യാന്‍ സാധിക്കുമെന്നാണ്.
ഇതുപോലെ പിശാചുക്കള്‍ മനുഷ്യനെ ഉപദ്രവിക്കുമെന്നത് നിരവധി ഖുര്‍ആന്‍ സൂക്തങ്ങള്‍ കൊണ്ടും ഹദീസ് കൊണ്ടും തെളിയിക്കപ്പെട്ടതാണ്. വിശുദ്ധ ഖുര്‍ആനിലെ അവസാന അധ്യായത്തില്‍ മനുഷ്യഹൃദയങ്ങളില്‍ പിശാച് ദുര്‍ബോധനം നടത്തുമെന്ന് വിശദമാക്കുന്നുണ്ട്. മനുഷ്യന് മറഞ്ഞവഴിയില്‍ ഇടപെടാനും ആപത്ത് വരുത്തിവയ്ക്കാനും പിശാചിന് കഴിയുമെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ഇത്രയും വസ്തുതകള്‍ നിലനില്‍ക്കെ ‘അദൃശ്യമായ നിലയില്‍ ഉപകാരവും ഉപദ്രവവും ചെയ്യാന്‍ കഴിയുന്നവര്‍ അല്ലാഹു മാത്രം’ എന്നായിരുന്നു മുജാഹിദ് പ്രസ്ഥാനം തൗഹീദിന്റെ വചനത്തിന് നല്‍കിയ നിര്‍വചനം. ഇത് എങ്ങിനെ നിലനില്‍ക്കുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നിടത്തു നിന്നാണ് മുജാഹിദുകളുടെ വിഭാഗീയതയുടെ തുടക്കം. അതേവിഷയം ഇന്നും നിലനില്‍ക്കുകയാണ്.
ഈ പ്രശ്‌നത്തിന് മറുപടിയായി മുജാഹിദ് ഫത്്‌വാ ബോര്‍ഡ് അംഗം അബ്ദുല്‍ ജബ്ബാര്‍ മൗലവി നല്‍കിയ വിശദീകരണം വിഭാഗീയതക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്തു. ജിന്നിനോടോ മലക്കുകളോടോ സഹായം തേടല്‍ അദൃശ്യമോ അഭൗതികമോ അല്ലെന്നും അവരെല്ലാം നമ്മെപ്പോലെ ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിനെ ന്യായീകരിച്ചായിരുന്നു ഔദ്യോഗിക മുജാഹിദുകള്‍ നിലകൊണ്ടത്. എന്നാല്‍ മടവൂര്‍ വിഭാഗം ഇതംഗീകരിച്ചില്ലെന്ന് മാത്രമല്ല അത്തരം വാദങ്ങള്‍ ശിര്‍ക്ക് ആണെന്ന നിലപാടിലായിരുന്നു. ഈ വിഷയം നിലനില്‍ക്കുന്ന കാലത്തോളം മുജാഹിദുകളിലെ ഒരു വിഭാഗം മുശ്്‌രിക്കുകളും മറുവിഭാഗം മുസ്‌ലിംകളുമാണ്.
ഈ പ്രശ്‌നത്തിന് നിദാനം ഖുര്‍ആനിലോ ഹദീസിലോ മുന്‍ഗാമികളുടെ വിശദീകരണത്തിലോ കാണാത്ത റശീദ് രിസയുടെ വിശദീകരണമാണ്. അടിസ്ഥാന വിഷയങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ തട്ടിക്കൂട്ടിയ ലയനം രാഷ്ട്രീയക്കാര്‍ക്ക് നേട്ടമുണ്ടാക്കിയേക്കാം. പരിസര മലിനീകരണവും കുറച്ചേക്കാം. വരും നാളുകളില്‍ താല്‍ക്കാലിക ഐക്യം ആദര്‍ശാധിഷ്ഠിത ഐക്യമാക്കി മാറ്റാന്‍ നേതൃത്വം ശ്രമിച്ചില്ലെങ്കില്‍ ഭിന്നതക്ക് ആഴം വീണ്ടും കൂടിയേക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.