2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും വിളിച്ച് അടിയന്തര സഹായം ആവശ്യപ്പെട്ടു

തിരുവനന്തപുരം: പ്രളയം കാരണം കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണെന്നും പല വില്ലേജുകളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ധരിപ്പിച്ചു.

ആര്‍മിയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും ആര്‍മി എഞ്ചിനീയറിംഗ് കോറിന്റെയും കൂടുതല്‍ വിഭാഗങ്ങളെ ഉടനെ കേരളത്തിലേക്ക് അയക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. എന്‍.ഡി.ആര്‍.എഫ് അംഗങ്ങളെ അത്യാവശ്യസ്ഥലങ്ങളില്‍ എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുളള ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനും സി17 വിമാനങ്ങള്‍ അനുവദിക്കണം. കൂടുതല്‍ ഡിങ്കി ബോട്ടുകള്‍ വിമാനത്തില്‍ എത്തിക്കണം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ എത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മുല്ലപ്പെരിയാറിലേക്ക് വന്നുചേരുന്ന വെള്ളത്തിന്റെ അളവ് പുറത്തുവിടുന്ന വെള്ളത്തേക്കാള്‍ അധികമാണ്. അതിനാല്‍ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി സംസാരിക്കുകയുണ്ടായി. ഇക്കാര്യം പിന്നീട് രാജ്‌നാഥ് സിങ് അറിയിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ കൂടുതല്‍ വിഭാഗങ്ങളെ കേരളത്തിലേക്ക് അയക്കുമെന്നും കൂടുതല്‍ ഡിങ്കി ബോട്ടുകള്‍ എത്തിക്കുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.

ഗവര്‍ണര്‍ പി. സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് പ്രളയദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ധരിപ്പിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.