2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുഖ്യമന്ത്രി പാര്‍ട്ടിക്ക് അതീതനല്ല: കോടിയേരി

 

അതിരപ്പിള്ളി അജന്‍ഡയില്‍ ഇല്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും പാര്‍ട്ടിയില്‍ സജീവമാകുന്നു. അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് തലസ്ഥാനത്തെത്തിയ കോടിയേരി കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പൂര്‍ണമായും അസുഖം ഭേദമായതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ സജീവമാകാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫലപ്രദമായ ചികിത്സ നടത്തിയാല്‍ കാന്‍സര്‍ രോഗം ഭേദമാകും. ചികിത്സാ സമയത്ത് ഒന്നിനെയും ഭയക്കരുത്. രോഗം പൂര്‍ണമായി ഭേദമായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സാസമയത്ത് അനുഭവസ്ഥരുടെ പാഠങ്ങളും സഹായകമായി. പാര്‍ട്ടി നേതാക്കള്‍ തനിക്ക് ചികിത്സാകാലത്ത് പൂര്‍ണ പിന്തുണ നല്‍കി. കാന്‍സര്‍ ബാധിച്ചാല്‍ നിരവധി പ്രയാസങ്ങളുണ്ടാകും. എന്നാല്‍, ഭയപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയും സര്‍ക്കാരും രണ്ടു വഴിക്കാണോ എന്ന പ്രതിപക്ഷ ആരോപണത്തിനും കോടിയേരി മറുപടി പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും രണ്ടു വഴിക്കാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം നിലവിലില്ല.
പാര്‍ട്ടിയും സര്‍ക്കാരും രണ്ടല്ലെന്ന് ഏറ്റവും അധികം മനസിലാക്കുന്നതും തിരിച്ചറിയുന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. മുഖ്യമന്ത്രി പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന സാഹചര്യമില്ല. എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രി എ.കെ.ജി സെന്ററുമായി ബന്ധപ്പെടുന്നു. ആഴ്ചയിലൊരിക്കല്‍ പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരുതരത്തിലുള്ള ആശയക്കുഴപ്പത്തിനും ഇപ്പോള്‍ സാധ്യത നിലനില്‍ക്കുന്നില്ല.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇപ്പോള്‍ സര്‍ക്കാരിന്റെയോ മുന്നണിയുടെയോ അജന്‍ഡയില്‍ ഇല്ല. പദ്ധതി നടപ്പാക്കാനില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എന്‍.ഒ.സി പുതുക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും കാലത്ത് പദ്ധതി വേണമെന്ന് തോന്നിയാല്‍ ആ സമയത്ത് പദ്ധതിക്ക് കേന്ദ്രം എന്‍.ഒ.സി നല്‍കണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടാണ് പുതുക്കാന്‍ തീരുമാനിച്ചത്.
ദൈനംദിന കാര്യങ്ങളെല്ലാം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാനാകില്ല. വകുപ്പുകള്‍ അവരുടെ കാര്യവുമായി മുന്നോട്ടുപോകട്ടെ. അല്ലെങ്കില്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ തന്നെ ഭരണം നടത്തുന്നത് എ.കെ.ജി സെന്ററില്‍ നിന്നാണെന്ന് ആക്ഷേപിക്കും. പ്രവാസികള്‍ക്ക് പുനരുദ്ധാരണ പദ്ധതി നടപ്പാക്കണമെന്നും കോടിയേരി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.