2018 September 24 Monday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

മുഖ്യമന്ത്രി ഇടപെട്ടു; ഇടിയന്‍ സംഘത്തെ പിരിച്ചുവിട്ടു

തിരുവനന്തപുരം: എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടിയന്‍ സംഘത്തെ (റൂറല്‍ ടൈഗര്‍ ഫോഴ്‌സ്) പിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാന പൊലിസ് മേധാവിയോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ഇടിയന്‍ സംഘത്തെ പിരിച്ചുവിട്ടത്. സംഘത്തിലുണ്ടായിരുന്ന 73 എ.ആര്‍ ക്യംപിലെ പൊലിസ് ഉദ്യോഗസ്ഥരെ ക്യാംപിലേക്ക് മടക്കി.
നേരത്തെ സംഘത്തെ പിരിച്ചുവിടണമെന്ന് ഇന്റലിജന്‍സ് സംസ്ഥാന പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഇന്നലെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തില്‍നിന്ന് സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് എ.വി ജോര്‍ജിന് നിര്‍ദേശം നല്‍കാന്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് നിര്‍ദേശിച്ചത്.
കൂടാതെ വിവിധ ജില്ലകളില്‍ എസ്.പിമാരുടെ നേതൃത്വത്തിലുള്ള എല്ലാ ഷാഡോ പൊലിസ് സംഘത്തിന്റെയും വിവരം കൈമാറാന്‍ സംസ്ഥാന പൊലിസ് മേധാവി ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ഓഫിസില്‍ വിളിച്ച് വരുത്തിയാണ് എസ്.പി എ.വി ജോര്‍ജ് പിരിച്ചുവിട്ടതായുള്ള തീരുമാനം അറിയിച്ചത്.
എസ്.പിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ എല്ലാവരും എ.ആര്‍ ക്യാംപില്‍ നിന്നുള്ളവരായിരുന്നു. ജനങ്ങളുമായി ഒട്ടും ബന്ധമില്ലാത്ത ഇവരെ നിയന്ത്രിച്ചില്ലെങ്കില്‍ പൊലിസ് സേനക്ക് നാണക്കേടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.