2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മുക്കുപണ്ട പണയ തട്ടിപ്പ്: കേസുകള്‍ ക്രൈംബ്രാഞ്ചിന് വിട്ടേക്കും

കാസര്‍കോട്: കാസര്‍കോട്ടെ മൂന്നു സഹകരണ ബാങ്കുകളില്‍ നടന്ന മുക്കുപണ്ട പണയ തട്ടിപ്പുകേസുകള്‍ ക്രൈംബ്രാഞ്ചിനു വിട്ടേക്കും. മുട്ടത്തൊടി ബാങ്കിനു പുറമേ ജില്ലയിലെ രണ്ടു ബാങ്കുകളില്‍കൂടി തട്ടിപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം തീരുമാനിച്ചതായാണു സൂചന. കേസുകള്‍ ക്രൈംബ്രാഞ്ചിനു വിടണമെന്ന ശുപാര്‍ശ ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസ് ഉടന്‍തന്നെ ഡി.ജി.പിക്കു കൈമാറും.

ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാകും അന്വേഷണം നടത്തുക. വിദ്യാനഗറിലെ മുട്ടത്തൊടി സര്‍വിസ് സഹകരണ ബാങ്ക്, പിലിക്കോട് സര്‍വിസ് സഹകരണ ബാങ്ക്, ഉദുമ-പനയാല്‍ അര്‍ബന്‍ ബാങ്ക് എന്നിവയിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയിരുന്നത്. കേസുകള്‍ ലോക്കല്‍ പൊലിസിനെക്കാള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതാകും ഉചിതമെന്നാണു സഹകരണ വകുപ്പും കരുതുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് സഹകരണ വകുപ്പും ആവശ്യപ്പെടും. ഇതുസംബന്ധിച്ച് വകുപ്പ് രേഖാമൂലം പൊലിസിനോട് ആവശ്യമുന്നയിക്കും.

മുട്ടത്തൊടി ബാങ്കില്‍ അഞ്ചു കോടിയോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇവിടുത്തെ തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്നു ജില്ലയിലെ മറ്റു ബാങ്കുകളിലും സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ടിടത്തുകൂടി തട്ടിപ്പ് കണ്ടെത്തിയത്. പിലിക്കോട് ബാങ്കില്‍ 80 ലക്ഷം, ഉദുമ-പനയാല്‍ ബാങ്കിന്റെ ഹെഡ് ഓഫിസിലും ആറാട്ടുകടവ് ശാഖയിലുമായി 42 ലക്ഷ രൂപയുടെ തട്ടിപ്പുമാണ് കണ്ടെത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.