2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുക്കുപണ്ട തട്ടിപ്പ്; നാല് പ്രതികള്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്തിനകത്തും പുറത്തും ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടുന്ന വന്‍ സംഘത്തിലെ പ്രധാന പ്രതികളെ തിരു:റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി. അശോകന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം പള്ളിക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ഡി. മിഥുന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.  അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ധമായ രീതിയില്‍ ഒര്‍ജിനല്‍ സ്വര്‍ണത്തെ വെല്ലുന്ന തരത്തില്‍ മുക്കുപണ്ടം നിര്‍മിച്ച് നല്‍കുന്ന തൃശൂര്‍ ,കുറ്റൂര്‍ , ആട്ടോര്‍ നടുക്കുടി ഹൗസില്‍ മണികണ്ഠന്റെ (52) നേതൃത്വത്തില്‍ ഉള്ള നാലംഗ സംഘമാണ് അറസ്റ്റില്‍ ആയത്. മലപ്പുറം ,കരുവാരകുണ്ട് കുന്നത്ത് ഹൗസില്‍ ഇര്‍ഷാദ്( 26) , മലപ്പുറം, കോട്ടൂര്‍ ,ചുരപ്പുലാന്‍ ഹൗസില്‍ മജീദ് (36), കിളിമാനൂര്‍ , പാപ്പാല ബി.എസ് .എച്ച് മന്‍സിലില്‍ ഹാനിസ് (37) എന്നിവരാണ് ഇയാളോടൊപ്പം പിടിയിലായവര്‍ .
ഇവരുടെ നേതൃത്വത്തില്‍ ഉള്ള വന്‍ റാക്കറ്റിനെ ഉപയോഗിച്ചാണ് മണികണ്ഠന്‍ മുക്കുപണ്ടങ്ങള്‍ പണയം വച്ച് ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നത്. ഈ ശ്രിംഖലയിലെ അഞ്ച് പേരെ പള്ളിക്കല്‍ പൊലിസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം, കടയ്ക്കല്‍ , മതിര സ്വദേശി ആയ റഹീം ആയിരുന്നു അതിലെ തലവന്‍. ഇവരെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ വിശദമായ അന്വേഷണത്തില്‍ ആണ് മണികണ്ഠനും സംഘവും അറസ്റ്റില്‍ ആകുന്നത്. അറസ്റ്റിലായ മണികണ്ഠന്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട്,കാസര്‍കോട് ,വയനാട് ,മലപ്പുറം ജില്ലകളിലായി സമാന കുറ്റത്തിന് അറുപതോളം കേസുകളില്‍ പ്രതിയാണ്. ജയിലില്‍ നിന്നിറങ്ങി കഴിഞ്ഞ നാലു വര്‍ഷമായി പുതിയ സംഘങ്ങളെ ഉപയോഗിച്ച് ഇയാള്‍ ഇതേ തട്ടിപ്പ് തുടരുകയായിരുന്നു. റഹീമും സംഘവും പൊലിസ് പിടിയിലായ വിവരം അറിഞ്ഞ് ഇപ്പോള്‍ പിടിയില്‍ ആയവര്‍ ഒളിവില്‍ പോവുകയായിരുന്നു. തമിഴ്‌നാട്ടിലേയും കേരളത്തിലെയും വിവിധ സ്ഥലങ്ങളില്‍ ദിവസങ്ങളോളം തങ്ങി നടത്തിയ വിദഗ്ധമായ അന്വേഷണമാണ് മുക്കുപണ്ട നിര്‍മാണ സംഘത്തെ മുഴുവനായി പിടികൂടുവാന്‍ അന്വേഷണ സംഘത്തിനായത്. മുക്കുപണ്ട നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന ആധുനിക യന്ത്രസാമഗ്രികള്‍ കൂടി ഇവരില്‍ നിന്നും പിടിച്ചെടുക്കുന്നതോടെ മുക്കുപണ്ട മാഫിയയുടെ പ്രവര്‍ത്തനം കേരളത്തില്‍ അവസാനിപ്പിക്കുവാന്‍ ആകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലിസ് മേധാവി ബി. അശോകന്‍ ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസ്, പള്ളിക്കല്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ഡി. മിഥുന്‍, സബ് ഇന്‍സ്‌പെക്ടര്‍ വി. ഗംഗാപ്രസാദ്, എ.എസ്.ഐ ഉദയന്‍ റൂറല്‍ ഷാഡോ ടീമംഗം ബി. ദിലീപ്, പള്ളിക്കല്‍ സ്‌റ്റേഷനിലെ സി.പി.ഒമാരായ ഷാന്‍, അനീഷ്, സുധീര്‍, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.