2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മിനിലോറി ഓട്ടോകളിലിടിച്ച് ദമ്പതികളും മകളുമടക്കം അഞ്ചുപേര്‍ മരിച്ചു

അപകടം പയ്യന്നൂര്‍ കുന്നരുവില്‍

 

പയ്യന്നൂര്‍ (കണ്ണൂര്‍): രാമന്തളി കുന്നരുവില്‍ മിനിലോറി ഓട്ടോറിക്ഷയിലും തുടര്‍ന്നു ഗുഡ്‌സ് ഓട്ടോയിലുമിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേരടക്കം അഞ്ചുപര്‍ മരിച്ചു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു കുന്നരു കാരന്താട്ട് ജങ്ഷനു സമീപം ദാരുണ അപകടം. 

ഓട്ടോറിക്ഷാ ഡ്രൈവര്‍ രാമന്തളി വടക്കുമ്പാട്ടെ തുരുത്തുമ്മല്‍ കോളനിയിലെ കാനങ്കിരിയന്‍ ഹൗസില്‍ ഗണേഷന്‍ (38), ഭാര്യ ചെറുക്കണിച്ചി ലളിത (36), ഇവരുടെ മകള്‍ ലിഷ്ണ (ഏഴ്), ഗണേഷിന്റെ സുഹൃത്ത് വടക്കുമ്പാട്ടെ തുരുത്തുമ്മല്‍ കോളനിയിലെ തന്നെ കെ.പി ഹൗസില്‍ വി.പി ശ്രീജിത്ത്-ആശ ദമ്പതികളുടെ ഏകമകള്‍ ആരാധ്യ (മൂന്ന്), കുന്നരു കാരന്താട്ടെ നടുവിലെപുരയില്‍ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ ദേവകി (70) എന്നിവരാണു മരിച്ചത്.
ഓട്ടോയിലുണ്ടായിരുന്ന ശ്രീജിത്ത് (32), ഭാര്യ ആശ (28), മരിച്ച ഗണേശന്റെ ജ്യേഷ്ഠന്‍ രാമന്തളി കാനിച്ചേരിയില്‍ ഹൗസില്‍ കമലാക്ഷന്റെ മകള്‍ ആതിര (ഒന്‍പത്), ഗുഡ്‌സ് ഓട്ടോഡ്രൈവര്‍ കക്കംപാറയിലെ ഇടമന ഹൗസില്‍ സി അനില്‍കുമാര്‍ (40) എന്നിവരെ പരുക്കുകളോടെ പരിയാരം മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. രാമന്തളി വടക്കുമ്പാട് നിന്നു ചൂട്ടാട്ട് ബീച്ചിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്ന രണ്ടു കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു കുട്ടികളടക്കം ഏഴുപേര്‍ സഞ്ചരിച്ച ഓട്ടോയില്‍ എതിരെ പാലക്കോട് ഭാഗത്തു നിന്ന് അമിതവേഗത്തിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന ഓട്ടോറിക്ഷ മീറ്ററുകളോളം പിറകോട്ടുനീങ്ങി പോയി. തുടര്‍ന്നാണു നിയന്ത്രണംവിട്ട മിനിലോറി റോഡരികില്‍ നിര്‍ത്തി മത്സ്യവില്‍പ്പന നടത്തുകയായിരുന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ചത്.
ഈ സമയത്താണു മത്സ്യം വാങ്ങിക്കൊണ്ടിരുന്ന നടുവിലെ പുരയില്‍ ദേവകിയെയും ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ അനിലിനെയും ടിപ്പറിടിച്ച് തെറിപ്പിച്ചത്. തുടര്‍ന്നു മിനി ലോറി തൊട്ടടുത്ത മതിലില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടം നടന്നയുടന്‍ഡ്രൈവര്‍ രാമന്തളി ഓണപ്പറമ്പിലെ സന്തോഷ് ഓടിരക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റ ഒന്‍പതുപേരെയും പരിയാരം മെഡിക്കല്‍കോളജില്‍ എത്തിച്ചെങ്കിലും ഗണേഷ്, ഭാര്യ ലളിത, ആരാധ്യ, ദേവകി എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഗുരുതര പരുക്കുകളോടെ പരിയാരം മെഡിക്കല്‍കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഗണേഷന്റെ മകള്‍ ലിഷ്ണയും രാത്രി എട്ടരയോടെ മരിച്ചു.
വടക്കുമ്പാട്ടെ ദാമോദരന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണു മരിച്ച ഗണേഷ്. ജിഷ്ണു മകനാണ്. സഹോദരങ്ങള്‍: ദിനേശന്‍, കമലാക്ഷന്‍, തങ്കമ്മ, ദിനേശന്‍. വടക്കുമ്പാട്ടെ പരേതരായ രാഘവന്‍-പാറു ദമ്പതികളുടെ മകളാണു ലളിത. സഹോദരങ്ങള്‍: അമ്മിണി, ബാബു, മാധവി, കുമാരി, സരോജിനി, സുമതി പരേതരായ ജനാര്‍ദനന്‍, ഗോപി, അശോകന്‍.
മരിച്ച ദേവകിയുടെ മക്കള്‍: കാര്‍ത്ത്യായനി, വിലാസിനി, ദിനേശന്‍. മരുമക്കള്‍: കുഞ്ഞപ്പന്‍, പ്രജിന. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News